Onam 2024: മൂലം നാളിൽ ചതുര പൂക്കളം, ഒന്ന് മാറ്റി പിടിച്ചാലോ!
moolam day pookalam: അത്തം മുതലുള്ള പൂക്കളം അല്ല മൂലം നാളിൽ വീട്ടുമുറ്റത്ത് കാണാപ്പെടുന്നത്. വൃത്താകൃതിയിൽ നിന്ന് മാറി ചതുരാകൃതിയിലാണ് മലയാളികൾ പൂക്കളം ഒരുക്കുന്നത്
വീണ്ടും ഒരു പൊന്നോണം കൂടി എത്തുകയാണ്. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഓണത്തിനെ വരവേൽക്കാൻ മലയാളികൾ ഒരുങ്ങികഴിഞ്ഞു. മഴയും വെയിലും മാറി മാറി വരുന്ന ഈ സമയത്തും പുതിയ വസ്ത്രം വാങ്ങാനും സദ്യക്കുള്ള പച്ചകറികൾ വാങ്ങാനും മലയാളികൾ മടിക്കുന്നില്ല. തിരുവോണത്തിലെക്ക് എത്തിക്കുന്ന അത്തം കഴിഞ്ഞുള്ള ഏഴാം നാളാണ് മൂലം മലയാളികൾ ആഘോഷിക്കുന്നത്. മൂലം എത്തുന്നതോടെ മലയാളികള്‍ ഓണത്തിരക്കിലേക്ക് കൂടുതൽ കടക്കുകയാണ്. ഇനി ഓണാഘോഷത്തിനുള്ള ഓട്ടത്തിലായിരിക്കും മലയാളികള്‍. അത്തം തുടങ്ങി കഴിഞ്ഞാൽ ഓരോ ദിവസവും ഇടേണ്ട പൂക്കൾ ശേഖരിക്കുന്നതിന്റെ തിരക്കിലായിരിക്കും പലരും. ഓരോ ദിവസം കഴിയും തോറും പൂക്കളുടെ എണ്ണവും വട്ടത്തിന്റെ വലുപ്പവും കൂടുന്നത് കാണാം.
ഒന്നാം ദിനമായ അത്തത്തിന് ഒരു പൂവ് ഉപയോഗിച്ചും രണ്ടാം ദിനം രണ്ടും മൂന്നാം ദിനം മൂന്നും ഇങ്ങനെ പത്താം നാൾ പത്തിനം പൂക്കൾ കൊണ്ട് ഒരുക്കുന്ന പൂക്കളമാണ് ഓണത്തിന്റെ സവിശേഷത. തൃക്കാക്കരയപ്പന് എഴുന്നള്ളിയിരിക്കാൻ വേണ്ടിയാണ് അത്തപ്പൂക്കളം ഒരുക്കുന്നതെന്നാണ് വിശ്വാസം.അത്തം നാൾ തൊട്ട് പത്ത് ദിവസവും പൂക്കളമിടുന്നതിന് ഓരോ പ്രത്യേകതയും രീതിയുമുണ്ട്. ഇതുകൂടാതെ ഓരോ ദിവസവും ഇടുന്ന പൂക്കളുടെ നിറവും വ്യത്യസ്തമാണ്.
എന്നാൽ അത്തം മുതലുള്ള പൂക്കളം അല്ല നാളെ വീട്ടുമുറ്റത്ത് കാണാപ്പെടുന്നത്. വൃത്താകൃതിയിൽ നിന്ന് മാറി നാളെ ചതുരാകൃതിയിലാണ് മലയാളികൾ പൂക്കളം തയ്യാറാക്കുന്നത്. അതായത് മൂലം നാളിൽ ഇടുന്ന പൂക്കളം ചതുരാകൃതിയിൽ ആയിരിക്കണം എന്നാണ് പറയുക. ഇതിൽ വാടാർനല്ലി, തുമ്പ, മുല്ലപ്പൂ, വെള്ള നിറത്തിലുള്ള മറ്റ് പൂക്കൾ, മഞ്ഞ കോളാമ്പി എന്നിവയെല്ലാം എടുത്താണ് പൂക്കളം ഒരുക്കുക. ഇതുകൂടാതെെ മൂലം നാളിൽ ഏഴിനം പൂക്കൾ വച്ചാണ് പൂക്കളം തീർക്കുന്നത്.
Also read-Onam 2024: ഓണത്തിരക്കിലേക്ക് മലയാളികള്‍; ഇന്ന് തൃക്കേട്ട, പ്രത്യേകതകള്‍ എന്തെല്ലാം?
അതേസമയം എട്ടാം ദിവസമായ പൂരാടത്തിൽ എട്ടിനം പൂക്കൾ വച്ചാണ് പൂക്കളം തയ്യാറാക്കുന്നത്. ചില പ്രദേശങ്ങൽ പൂരാടം നാളിൽ തന്നെ പൂക്കളത്തിന്റെ മദ്ധ്യ ഭാഗത്ത് തൃക്കാക്കരപ്പനെ വെയ്‌ക്കും. തൃക്കാക്കരപ്പനെ വെയ്‌ക്കുന്നതിനാൽ വ്യത്യസ്ത നിറത്തിലുളള തികച്ചും നാടൻ പൂക്കളാണ് ഉപയോഗിക്കേണ്ടത് എന്നാണ് പറയപ്പെടുന്നത്.
തിരുവോണത്തിന്റെ ഒൻപതാം നാളാണ് ഉത്രാടം വരുന്നത്. ഉത്രാടം നാളിലാണ് ഏറ്റവും വലിയ പൂക്കളം ഒരുക്കുക. ഒമ്പത് വരികളുള്ള പൂക്കളത്തിൽ തുളസി, തുമ്പപൂ, ശംഖുപുഷ്പം, ജണ്ടുമല്ലി, മുല്ലപ്പൂ, വാടാമല്ലി, വെള്ള റോസ, പിച്ചകം, കാക്കപ്പൂവ് എന്നിവ ഉൾപ്പെടുത്താം. സെപ്റ്റംബര്‍ 14 ശനിയാഴ്ചയാണ് ഉത്രാടം. സെപ്റ്റംബര്‍ 15 ഞായറാഴ്ചയാണ് തിരുവോണം വരുന്നത്.
എന്നാൽ ഓണത്തിന്റെ പ്രധാനദിവസമായ തിരുവോണ നാളിൽ എല്ലാ ദിവസത്തിനു വ്യത്യസ്തമായി ആണ് പൂക്കളം ഒരുക്കുന്നത്. പൂക്കളത്തിന് മദ്ധ്യഭാഗത്തായി തൃക്കാക്കരപ്പനും തുളസി കതിരും വെയ്‌ക്കുന്നു. പൂക്കളത്തിൽ പലകയിട്ട് അരിമാവ് പൂശുന്നു. ഇതിന് ശേഷം മണ്ണ് കൊണ്ടോ തടി ഉപയോഗിച്ചോ ആണ് തൃക്കാക്കരയപ്പന്റെ വിഗ്രഹങ്ങൾ നിർമ്മിക്കുന്നത്. ഇത് ഇലയിൽ പ്രതിഷ്ഠിക്കുന്നു. വിഗ്രഹങ്ങൾ പൂക്കൾ ഉപയോഗിച്ച് അലങ്കരിക്കുകയും പാലട, പഴം, ശർക്കര എന്നിവ നിവേദിക്കുകയും ചെയ്യുന്നു. ചിലർ തൃക്കാക്കരപ്പന് പകരം താമരപ്പൂവ് വെയ്‌ക്കാറുണ്ട്.