Onam 2024: ഓണത്തിന് എളുപ്പത്തിൽ തയ്യാറാക്കാവുന്ന വെള്ളരിക്ക പച്ചടി ഉണ്ടാക്കിയാലോ?
How to Make Vellarikka Pachadi Recipe for Onam 2024: സദ്യയിൽ ഒഴിച്ചു കൂടാൻ പറ്റാത്തതും എന്നാൽ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്നതുമായ ഒരു വിഭവമാണ് പച്ചടി. ഓണത്തിന് സ്വാദിഷ്ഠമായ വെള്ളരിക്ക പച്ചടി ഉണ്ടാക്കിയാലോ?
ഓണ സദ്യയിൽ പ്രധാനപ്പെട്ട ഒരു വിഭവമാണ് പച്ചടി. തൈരും അരപ്പും ചേർന്നുള്ള പച്ചടിക്ക് കിടിലൻ രുചിയാണ്. പച്ചടികൾ പലവിധമുണ്ട്. വെളുത്ത നിറത്തിലുള്ള പാവയ്ക്ക, വെള്ളരിക്ക പച്ചടി, ചുവന്ന നിറത്തിലുള്ള ബീറ്റ്റൂട്ട് പച്ചടി, മഞ്ഞ നിറത്തിലുള്ള പൈനാപ്പിൾ പച്ചടി എന്നിങ്ങനെ വ്യത്യസ്ത പച്ചടികൾ ഉണ്ട്. ഈ ഓണത്തിന് നമുക്ക് വെള്ളരിക്ക പച്ചടി ഉണ്ടാക്കിയാലോ. രുചിയിൽ മാത്രമല്ല ആരോഗ്യ ഗുണത്തിലും മുന്നിലാണ് വെള്ളരിക്ക. ശരീരത്തിലെ അഴുക്ക് നീക്കം ചെയ്യാനും എല്ലുകൾക്ക് ബലം നൽകാനും വെള്ളരിക്ക ഗുണം ചെയ്യും. വെള്ളരിക്ക പച്ചടി തയ്യാറാക്കുന്നതെങ്ങനെ എന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- വെള്ളരിക്ക – 1 കപ്പ്
- ചുവന്നുള്ളി – 10 എണ്ണം
- ചിരകിയ തേങ്ങാ – അര കപ്പ്
- തൈര് – 1 കപ്പ്
- പച്ചമുളക്
- ഇഞ്ചി
- വെളുത്തുള്ളി
- ജീരകം
- കടുക്
- കറിവേപ്പില
- വറ്റൽ മുളക്
- ഉലുവപ്പൊടി
- വെളിച്ചെണ്ണ
- വെള്ളം
തയ്യാറാകുന്ന വിധം
ഒരു ചട്ടിയെടുത്ത് അതിലേക്ക് നീളത്തിൽ അരിഞ്ഞ വെള്ളരിക്ക ഒരു കപ്പ് ചേർത്ത് കൊടുക്കാം. അതിലേക്ക് വട്ടത്തിൽ അരിഞ്ഞ 8 ചുവന്നുള്ളി, ഒരു പച്ചമുളക്, അര ടീസ്പൂൺ ഉപ്പ്, കുറച്ച് കറിവേപ്പില, അര ടീസ്പൂൺ ഇഞ്ചി നീളത്തിൽ അരിഞ്ഞത്, ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് അടച്ചു വെച്ച് നന്നായി വേവിക്കുക. ഇത് വെന്തുവരുന്ന സമയം കൊണ്ട് അരപ്പ് തയ്യാറാക്കാം. അതിനായി മിക്സിയുടെ ജാറെടുത്ത് അതിലേക്ക് അര കപ്പ് ചിരകിയ തേങ്ങാ, രണ്ടല്ലി വെളുത്തുള്ളി, കാൽ ടീസ്പൂൺ ജീരകം, അരച്ചെടുക്കാൻ ആവശ്യമായ വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക.
ALSO READ: ഓണത്തിന് ഒരു കിടിലൻ പരിപ്പ് കറി തയ്യാറാക്കിയാലോ?
വെള്ളരിക്ക വേകുമ്പോൾ അതിലേക്ക് അരപ്പ് ചേർത്ത് കൊടുത്ത് നന്നായി യോജിപ്പിക്കുക. അരപ്പ് വെന്തു വരുമ്പോൾ അര ടീസ്പൂൺ കടുക് ചതച്ചത് കൂടെ ചേർത്ത് യോജിപ്പിച്ച് അടുപ്പിൽ നിന്നും വാങ്ങാം. ഇനി ഇതിലേക്ക് ഒരു കപ്പ് തൈരുടച്ചത് കൂടെ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം, കടുക് താളിക്കാം. അതിനായി മറ്റൊരു പാത്രം എടുത്ത് അതിലേക്ക് മൂന്ന് ടീസ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കാം. എണ്ണ ചൂടായി വരുമ്പോൾ അര ടീസ്പൂൺ കടുക് ചേർക്കാം. കടുക് പൊട്ടി തുടങ്ങുമ്പോൾ ഒരു ചുവന്നുള്ളി നീളത്തിൽ അരിഞ്ഞത് ചേർക്കാം. ഉള്ളി ബ്രൗൺ നിറമാകുമ്പോൾ രണ്ട് വറ്റൽ മുളക് കീറിയത്, കുറച്ച് കറിവേപ്പില എന്നിവ ചേർത്ത് നന്നായി ഇളക്കി കൊടുത്ത ശേഷം തീയണച്ച് ഒരു നുള്ള് ഉലുവപ്പൊടി കൂടെ ചേർക്കാം. ശേഷം, ഇത് പച്ചടിയിലേക്ക് ചേർത്ത് കഴിഞ്ഞാൽ രുചികരമായ വെള്ളരിക്ക പച്ചടി തയ്യാർ.