Onam 2024: കൂട്ടുകറിയിൽ ഉഴുന്നുവട; ഓണത്തിനൊരുക്കാം ട്രിവാൻഡ്രം സ്പെഷ്യൽ ‘വടക്കൂട്ടുകറി’
Vada Koottu Curry: തിരുവനന്തപുരത്തിന്റെ സ്വന്തമാണ് ഈ കൂട്ടുകറി. ഈ ഓണത്തിന് ഉഴുന്നുവട കൊണ്ടുണ്ടാകുന്ന കൂട്ടുകറിയുടെ രുചി രുചിച്ച് തന്നെ അറിയാം.
ഓണമായാലും വിഷുവായാലും സദ്യയിൽ കൂട്ടുകറിയുണ്ടാകും. അത്രയേറെ പ്രധാന്യമാണ് സദ്യയിൽ കൂട്ടുകറിയിലുള്ളത്. കടലയും ഏത്തക്കായയും കൊണ്ട് മാത്രമല്ല ഉഴുന്നുവട കൊണ്ടും കൂട്ടുകറിയുണ്ടാക്കാം. തിരുവനന്തപുരത്തിന്റെ സ്വന്തമാണ് ഈ കൂട്ടുകറി. ഈ ഓണത്തിന് ഉഴുന്നുവട കൊണ്ടുണ്ടാകുന്ന കൂട്ടുകറിയുടെ രുചി രുചിച്ച് തന്നെ അറിയാം.
ആവശ്യമായ ചേരുവകൾ
ഉഴുന്ന് പരിപ്പ്- 1/2 കപ്പ്
ഉരുളക്കിഴങ്ങ്- 2 എണ്ണം (വലുത്)
സവാള -2 എണ്ണം (വലുത്)
മല്ലിപ്പൊടി- 1 1/2 ടീസ്‌പൂൺ
മുളകുപ്പൊടി- 1 ടീസ്‌പൂൺ
മഞ്ഞപ്പൊടി- 1/4 ടീസ്പൂൺ
ഗരം മസാല- 3/4 ടീസ്പൂൺ
വെളിച്ചെണ്ണ- വറക്കാൻ ആവശ്യത്തിന്
തേങ്ങ- ഒന്നാം പാൽ, രണ്ടാം പാൽ
താളിക്കാൻ
കടുക് – 1 ടീസ്പൂൺ
വറ്റൽമുളക്- 3 എണ്ണം
കറിവേപ്പില- 2 തണ്ട്
വെളിച്ചെണ്ണ- 2 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
വെള്ളം ചേർക്കാതെ അരച്ചുവച്ചിരിക്കുന്ന ഉഴുന്നിലേക്ക് ഉപ്പും കുരുമുളക് പൊടിയും പച്ചമുളക് കനം കുറച്ച് വട്ടത്തിൽ അരിഞ്ഞതും ചേർത്ത് യോജിപ്പിച്ച് എടുക്കാം. ഇത് ചെറിയ ഉരുളകളാക്കി വെളിച്ചെണ്ണയിൽ വറുത്ത് കോരി വയ്ക്കുക. അടി കട്ടിയുള്ള പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി മഞ്ഞപ്പൊടി, മുളകുപ്പൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക. ഇതിലേക്ക് തേങ്ങയുടെ രണ്ടാം പാൽ ചേർക്കുക. അടച്ച് വച്ച് 15 മിനിറ്റ് വേവിക്കാം. ശേഷം ഒന്നാം പാൽ ചേർക്കാം. ചെറുതായി തിള വരുമ്പോൾ ഗരംമസാല ചേർക്കാം. വറുത്ത് വച്ച വട ചേർത്ത് വേവിച്ച് എടുക്കാം. ഇതിലേക്ക് ബാക്കി ഒന്നാം പാൽ ചേർത്ത് വാങ്ങാം. താളിച്ചത് ചേർത്ത് ഉപയോഗിക്കാം.