5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Onam 2024: തിരുവോണത്തിന് മത്തങ്ങ-തുവരപ്പരിപ്പ് എരിശ്ശേരി ആയാലോ?

How to Make Mathanga Erriseri Recipe: ഇത്തവണ തിരുവോണത്തിന് രുചികരമായ മത്തങ്ങ-തുവരപ്പരിപ്പ് എരിശ്ശേരി തയ്യറാക്കി നോക്കിയാലോ?

Onam 2024: തിരുവോണത്തിന് മത്തങ്ങ-തുവരപ്പരിപ്പ് എരിശ്ശേരി ആയാലോ?
മത്തങ്ങ എരിശ്ശേരി (Image Courtesy: Pinterest)
nandha-das
Nandha Das | Published: 01 Sep 2024 20:59 PM

സദ്യകളിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു വിഭവമാണ് എരിശ്ശേരി. പല സ്ഥലങ്ങളിലായി പല വിധത്തിലാണ് എരിശ്ശേരി ഉണ്ടാക്കുന്നത്. മത്തങ്ങായ്ക്കൊപ്പം വൻപയർ, അല്ലെങ്കിൽ അമരയ്ക്ക, തുവരപ്പരിപ്പ് എന്നിങ്ങനെ പല കോമ്പിനേഷനുകളുമായാണ് മത്തങ്ങ എരിശ്ശേരി തയ്യാറാക്കാറുള്ളത്. ഇത്തവണ തിരുവോണത്തിന് മത്തങ്ങ-തുവരപ്പരിപ്പ് എരിശ്ശേരി ഉണ്ടാക്കിയാലോ? രുചികരമായ മത്തങ്ങ എരിശ്ശേരി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

 

ആവശ്യമായ ചേരുവകൾ

 

  1. മത്തങ്ങ – 1 കപ്പ്
  2. തുവരപ്പരിപ്പ് – അര കപ്പ്
  3. തേങ്ങ ചിരകിയത് – അര കപ്പ്
  4. ചെറിയ ഉള്ളി
  5. വെളുത്തുള്ളി
  6. പച്ചമുളക്
  7. മഞ്ഞൾപ്പൊടി
  8. കറിവേപ്പില
  9. ഉപ്പ്
  10. ജീരകം
  11. നെയ്യ് / എണ്ണ
  12. കടുക്
  13. വറ്റൽ മുളക്
  14. വെള്ളം

 

തയ്യാറക്കുന്ന വിധം

 

ഒരു പ്രഷർ കുക്കർ എടുത്ത് അതിലേക്ക് മത്തങ്ങ ഒരു കപ്പ്, തുവരപ്പരിപ്പ് അര കപ്പ്, പച്ചമുളക് മൂന്നു നാലെണ്ണം, മഞ്ഞൾപ്പൊടി അര ടീസ്പൂൺ, ആവശ്യത്തിന് ഉപ്പ്, കുറച്ച് കറിവേപ്പില എന്നിവ ചേർത്ത് കൊടുക്കുക. ഇതിലേക്ക് മത്തങ്ങ വേകാൻ ആവശ്യമായ ഒന്നര കപ്പ് വെള്ളം കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്ത ശേഷം വിസിൽ ഇട്ട് ഹൈ ഫ്ലെയിമിൽ വേവിക്കുക. ഒരു വിസിൽ വന്ന ശേഷം ഫ്ലെയിം കുറച്ച് പത്തു മിനിറ്റ് കൂടെ വേവിച്ചെടുക്കുക.

ഈ സമയം കൊണ്ട് ഒരു മിക്സിടെ ജാർ എടുത്ത് അതിലേക്ക് അര ടീസ്പൂൺ ജീരകം, രണ്ട് ചുവന്നുള്ളി , രണ്ട് അല്ലി വെളുത്തുള്ളി. പച്ചമുളക് രണ്ടെണ്ണം കൂടെ ചേർത്ത് അരച്ചെടുക്കുക. പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കേണ്ട ഒന്ന് ഒതുക്കിയെടുത്താൽ മതിയാകും. ഇനി ഈ ജാറിലേക്ക് അര കപ്പ് തേങ്ങ ചിരകിയതും ഒരു നുള്ള് മഞ്ഞൾപ്പൊടിയും കൂടെ ചേർത്ത് ഒന്നൂടെ ഒതുക്കിയെടുക്കുക (അരച്ചെടുക്കുക). ഇനി മത്തങ്ങ വേവിക്കാൻ വെച്ച കുക്കർ തുറന്ന് അതിലേക്ക് പാകം അനുസരിച്ച് അല്പം വെള്ളം ചേർത്ത് കൊടുക്കുക. വെള്ളം തിളച്ച് തുടങ്ങുമ്പോൾ അരപ്പ് ചേർത്തു കൊടുത്ത് നന്നായി യോജിപ്പിച്ച് എടുക്കാം. ഒന്ന് ചൂടായി പച്ചമണം മാറിക്കഴിയുമ്പോൾ അടുപ്പിൽ നിന്ന് വാങ്ങി വയ്ക്കാം.

ALSO READ: അവിയൽ ഇല്ലാതെ എന്ത് ഓണസദ്യ; രുചിയേറിയ അവിയൽ ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം

കടുക് താളിക്കാനായി മറ്റൊരു ചെറിയ പാത്രം എടുക്കുക. എരിശ്ശേരിക്ക് കടുക് താളിക്കുമ്പോൾ നെയ്യ് ഉപയോഗിച്ചാൽ രുചി കൂടും. നെയ്യിലെങ്കിൽ വെളിച്ചെണ്ണയും ചേർക്കാം. ഒരു ടേബിൾ സ്പൂൺ നെയ്യ്/ വെളിച്ചെണ്ണ ചേർത്തു കൊടുക്കാം. ചൂടാകുമ്പോൾ കടുക് ഇട്ട്, കടുക് പൊട്ടി തുടങ്ങുമ്പോൾ രണ്ട് മൂന്ന് ചുമന്നുള്ളി നീളത്തിൽ അരിഞ്ഞതും, രണ്ട് ടേബിൾ സ്പൂൺ ചിരകിയ തേങ്ങയും കൂടെ ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. തേങ്ങ ബ്രൗൺ നിറമായി വരുമ്പോൾ ഇതിലേക്ക് ഒരു വറ്റൽ മുളകും കുറച്ച് കറിവേപ്പിലയും കൂടെ ചേർക്കാം. ശേഷം ഇത് എരിശ്ശേരിയിലേക്ക് ചേർത്ത് കൊടുക്കാം. ഒരു നുള്ള് ഉലുവപ്പൊടി കൂടെ മേലേ തൂകി രണ്ട് മിനിറ്റ് മൂടി വെയ്ക്കാം. സ്വാദിഷ്ഠമായ മത്തങ്ങ എരിശ്ശേരി തയ്യാർ.