Onam 2024: തിരുവോണത്തിന് ഒരു തകർപ്പൻ സേമിയ പായസം തയാറാക്കിയാലോ?
How to Make Semiya Payasam Recipe for Onam 2024: സദ്യ ഇല്ലാതെ ഓണമില്ല എന്ന് പറയുന്നത് പോലെ പായസം ഇല്ലാതെ എന്ത് സദ്യ അല്ലെ? ഓണസദ്യക്ക് ഒപ്പം എളുപ്പത്തിൽ തയ്യാറാക്കാവുന്ന സേമിയ പായസം ഉണ്ടാക്കിയാലോ. വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പത്തിൽ സേമിയ പായസം ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം.
പൂക്കളം, സദ്യ, പായസം – ഇതൊന്നും ഇല്ലാതെ എന്ത് ഓണം അല്ലെ? ഓണത്തിന് നമ്മൾ പല തരം പായസങ്ങൾ ഉണ്ടാക്കാറുണ്ട്. ഇപ്പോഴാണെങ്കിൽ ഓറഞ്ച് പായസം, ആപ്പിൾ പായസം, പൈനാപ്പിൾ പായസം എന്നിങ്ങനെ പല വ്യത്യസ്ത പായസങ്ങൾ ഉണ്ട്. എന്നാൽ നമ്മൾ പണ്ട് മുതലേ തയ്യാറക്കിവരുന്ന സേമിയ പായസത്തെ മറക്കാൻ കഴിയില്ലല്ലോ. അതിനാൽ, ഇത്തവണ ഓണത്തിന് നമുക്ക് എളുപ്പത്തിൽ തയ്യാറാക്കാവുന്ന സേമിയ പായസം ഉണ്ടാക്കി നോക്കിയാലോ? സേമിയ പായസം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- സേമിയ – 100 ഗ്രാം
- പാൽ – 1 ലിറ്റർ
- പഞ്ചസാര – കാൽ കപ്പ്
- കൺടെൻസ്ഡ് മിൽക്ക് – അര കപ്പ്
- നെയ്യ് – 3 ടേബിൾ സ്പൂൺ
- കശുവണ്ടിപ്പരിപ്പ് – 2 ടേബിൾ സ്പൂൺ
- ഉണക്ക മുന്തിരി – 2 ടേബിൾ സ്പൂൺ
- ചൂട് വെളളം – ഒന്നര കപ്പ്
ALSO READ: ഓണസദ്യക്ക് ഉണ്ടാക്കാം ഒരു കിടിലൻ അടപ്രഥമൻ
തയ്യാറാക്കുന്ന വിധം
ഒരു ചട്ടിയെടുത്ത് അതിലേക്ക് അര ടീസ്പൂൺ നെയ്യ് ചേർത്ത് ചൂടായി വരുമ്പോൾ സേമിയ ചേർത്ത് കൊടുക്കാം. സേമിയ നന്നായൊന്ന് മൂത്തു വരുന്നത് വരെ ഇളക്കി കൊടുക്കുക. സേമിയ മൂത്ത് വരുമ്പോൾ ഇതിലേക്ക് ഒന്നര കപ്പ് ചൂട് വെള്ളം ചേർത്ത് ഇളക്കി കൊണ്ടിരിക്കുക. വെള്ളം നന്നായി തിളച്ച് വറ്റി തുടങ്ങുമ്പോൾ ഇതിലേക്ക് ഒരു ലിറ്റർ പാൽ കുറച്ചു കുറച്ചായി ചേർത്ത് ഇളക്കി യോജിപ്പിച്ച് കൊണ്ടിരിക്കുക. ഇനി അര കപ്പ് പഞ്ചസാര കൂടെ ഇതിലേക്ക് ചേർത്ത് കൊടുക്കാം. സേമിയ തണുക്കുന്തോറും വറ്റി വരുന്നതിനാലാണ്, നമ്മൾ കുറച്ച് കൂടുതൽ പാൽ ചേർക്കുന്നത്. ഇടയ്ക്കിടയ്ക്ക് ഇളക്കി യോജിപ്പിക്കണം, ഇല്ലെങ്കിൽ സേമിയ പാത്രത്തിന്റെ അടിക്ക് പിടിക്കും. പാൽ നന്നായി തിളച്ചു വരുമ്പോൾ ഇതിലേക്ക് അര കപ്പ് കൺടെൻസ്ഡ് മിൽക്ക് കൂടെ ചേർത്ത് യോജിപ്പിച്ചതിന് ശേഷം ഒരു തിള വരുമ്പോൾ അടുപ്പിൽ നിന്നും വാങ്ങാം.
ഇനി മറ്റൊരു പാത്രം എടുത്ത് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ നെയ്യ് ചേർക്കാം. നെയ്യ് ചൂടായി വരുമ്പോൾ 2 ടേബിൾ സ്പൂൺ കശുവണ്ടിപ്പരിപ്പ് ചേർത്ത് നന്നായി വറുത്തെടുക്കാം. ഒരു ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ ഇതിലേക്ക് 2 ടേബിൾ സ്പൂൺ ഉണക്ക മുന്തിരി കൂടെ ചേർത്ത് വറുത്ത് കോരിയെടുക്കാം. ശേഷം ഇത് പായസത്തിലേക്ക് ചേർക്കാം. രുചിയൂറും സേമിയ പായസം തയ്യാർ.