Onam 2024: ഉണ്ണികള്‍ക്കായൊരു ദിനം; ഇന്ന് ഓണനാളിലെ എട്ടാം നാള്‍, പൂരാടം
Onam Pooradam Day Celebrations: ഇന്ന് പൂരാടംനാള്‍, 2024 സെപ്റ്റംബര്‍ 13 വെള്ളിയാഴ്ചയാണ് ഇത്തവണ പൂരാടം നാള്‍ വരുന്നത്. വീടും പരിസരവുമെല്ലാം വൃത്തിയാക്കി മഹാബലി ചക്രവര്‍ത്തിയെ വരവേല്‍ക്കാനുള്ള തയാറെടുപ്പിലാണ് മലയാളികള്‍.
ഓണാഘോഷങ്ങള്‍ എട്ടാം നാളിലേക്ക് കടന്നിരിക്കുകയാണ്. ഇനി രണ്ടേ രണ്ട് ദിവസമാണ് ബാക്കി…ഉത്രാടവും തിരുവോണവും. ഇതോടുകൂടി ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ക്ക് പരിസമാപ്തിയാകും. എത്രയെത്ര പ്രതീക്ഷകളോടെയാണല്ലേ മലയാളി ഓണത്തെ വരവേല്‍ക്കുന്നത്. പൂക്കളം ഒരുക്കുന്നതിന്റെ ഉത്സാഹം കുട്ടികള്‍ക്കാണ്. പണ്ടൊക്കെ പറമ്പിലും പാടത്തും പോയി ശേഖരിച്ചിരുന്ന പൂക്കള്‍ ഇപ്പോള്‍ കടയില്‍ നിന്നും വാങ്ങുന്നുവെന്ന് മാത്രം. എന്നാലും ഓണാഘോഷങ്ങള്‍ക്ക് ഒരു കുറവുമില്ല. ആടിയും പാടിയും മലയാളി ഓണം കെങ്കേമമായി ആഘോഷിക്കും.
Also Read: Onam 2024: പൂരാട ദിനത്തിലെ പൂക്കളത്തിൽ വിരുന്നെത്തുന്ന ഈ അതിഥി ആരാണ്? ഓണത്തപ്പനെ അറിയാം
ഇന്ന് പൂരാടംനാള്‍, 2024 സെപ്റ്റംബര്‍ 13 വെള്ളിയാഴ്ചയാണ് ഇത്തവണ പൂരാടം നാള്‍ വരുന്നത്. വീടും പരിസരവുമെല്ലാം വൃത്തിയാക്കി മഹാബലി ചക്രവര്‍ത്തിയെ വരവേല്‍ക്കാനുള്ള തയാറെടുപ്പിലാണ് മലയാളികള്‍. പണ്ടൊക്കെ പറമ്പുകളിലെ വിളവെടുപ്പ് നടക്കുന്നതും പൂരാടം നാളിലാണ്. ഈ ദിനത്തില്‍ കുട്ടികളെ പൊതുവേ പൂരാടം ഉണ്ണികള്‍ എന്നും വിളിക്കാറുണ്ട്.
പൂരാടം നാളിലാണ് പൂക്കളത്തില്‍ മണ്‍ചിരാതുകള്‍ തെളിയിക്കുന്നത്. ഇന്നത്തോടുകൂടി പൂക്കളത്തിന് എട്ട് വളയങ്ങളുണ്ടാകും. കാക്കപ്പൂവ്, ചെമ്പരത്തി, തെച്ചിപ്പൂവ്, കൊങ്ങിണിപ്പൂവ് എന്നിവയാകും പ്രധാനമായും പൂരാടം നാളിലെ പൂക്കളം തീര്‍ക്കാന്‍ മലയാളി ഉപയോഗിക്കുന്നത്. വലിയ പൂക്കളമായിരിക്കും പൂരാടം ദിവസം ഉണ്ടാക്കുന്നത്.
കൂടാതെ, മുറ്റത്ത് തൃക്കാക്കരയപ്പന്റെയും മക്കളുടെയും രൂപങ്ങള്‍ മണ്ണിലുണ്ടാക്കി വെക്കുന്നതും പൂരാട ദിനത്തിലാണ്. ഇത് ഓണത്തപ്പനെന്ന പേരിലും അറിയപ്പെടുന്നു. മുറ്റത്ത് ചാണകം മെഴുകി, അരിമാവില്‍ കോലങ്ങള്‍ വരച്ച് പലകയിട്ട് മണ്‍രൂപങ്ങള്‍ വെക്കുന്നതാണ് രീതി.
Also Read: Onam 2024: ഓണത്തിന് കാളൻ ചേന ചേർത്ത് വച്ചാലോ?
മഹാവിഷ്ണുവിന്റെ അവതാരമായ വാമനനെയാണ് തൃക്കാക്കരയപ്പന്‍ പ്രതിനിധീകരിക്കുന്നത്. ചില ആളുകള്‍ ഇതിനെ മഹാബലി ചക്രവര്‍ത്തിയായും വിഷ്ണുവായും കണക്കാക്കുന്നു. കേരളത്തിലെ എറണാകുളം ജില്ലയിലെ പ്രസിദ്ധമായ തൃക്കാക്കര ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയാണ് തൃക്കാക്കരയപ്പന്‍. ഈ ക്ഷേത്രത്തിന് ഓണവുമായി ബന്ധമുണ്ട്. വാമനന്‍ മഹാബലിയെ പാതാളത്തിലേക്ക് അയച്ചത് തൃക്കാക്കരയില്‍ വെച്ചാണെന്നാണ് വിശ്വാസം. വിഷ്ണുവിന്റെ പാദങ്ങള്‍ സ്പര്‍ശിച്ച സ്ഥലം തൃക്കാക്കര എന്നറിയപ്പെട്ടു. ഇതാണ് പിന്നീട് തൃക്കാക്കരയായി മാറിയത്.