Onam 2024: അവിയൽ ഇല്ലാതെ എന്ത് ഓണസദ്യ; രുചിയേറിയ അവിയൽ ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം
How to Make Aviyal: സാമ്പാര്‍, അവിയല്‍, കാളന്‍, ഓലന്‍, കൂട്ടുകറി, പുളിയിഞ്ചി ഇവയെല്ലാം പരമ്പരാഗത വിഭവങ്ങളുടെ കൂട്ടത്തില്‍ പെടുന്നവയാണ്. ഈ കറികളൊന്നും ഇല്ലാതെ എന്ത് ഓണസദ്യ അല്ലെ? ഇത്തവണത്തെ തിരുവോണത്തിന് രുചികരമായ അവിയൽ ഉണ്ടാക്കാം.
ഓണസദ്യയിലെ പ്രധാന വിഭവമാണ് അവിയല്‍. പല തരം പച്ചക്കറികള്‍ വെച്ചാണ് അവിയൽ ഉണ്ടാക്കുന്നത്. മറ്റ് വിഭവങ്ങൾ തയ്യാറാക്കുമ്പോൾ ബാക്കിയാകുന്ന എല്ലാ പച്ചക്കറികളും ഇടാന്‍ പാകത്തിനുളള കറിയാണ് അവിയലെന്ന് പറയാം. ഭൂരിഭാഗം പച്ചക്കറികളും അവിയലിന് ഉപയോഗിക്കാവുന്നതാണ്. കൂടാതെ അവിയലിന് ഒരു ചരിത്രം കൂടെയുണ്ട്. ഇത് മഹാഭാരതവുമായി ബന്ധപ്പെട്ടു കിടക്കുന്നു.
പാണ്ഡവര്‍ കൗരവരോട് ചൂതുകളിയില്‍ പരാജയപ്പെട്ടതിനെ തുടർന്ന് അഞ്ജാത വാസത്തിന് പോയി. മറ്റുള്ളവര്‍ക്ക് തിരിച്ചറിയാനാകാത്ത വേഷങ്ങളില്‍ പാണ്ഡവര്‍ ഒരു വര്‍ഷം കഴിഞ്ഞു. ഇതിൽ ഭീമന്‍ ജീവിച്ചത് പാചകക്കാരനായാണ്. ഒരു ദിവസം എല്ലാവരുടേയും ഭക്ഷണം കഴിഞ്ഞ സമയത്ത് ദുര്‍വാസാവ് മഹര്‍ഷി കൊട്ടാരത്തില്‍ സന്ദര്‍ശനത്തിനെത്തി. ഇദ്ദേഹത്തിന് കഴിയ്ക്കാനായി ഭക്ഷണം ഒന്നും തന്നെ ബാക്കിയുണ്ടായിരുന്നില്ല. അതിനാൽ ഭീമന്‍ കയ്യില്‍ കിട്ടിയ പച്ചക്കറികളും തേങ്ങയുമെല്ലാം ചേർത്തൊരു വിഭവം ഉണ്ടാക്കി. ആ വിഭവമാണ് അവിയല്‍. ഈ കറി കഴിച്ച് മഹര്‍ഷി സംതൃപ്തനാവുകയും ചെയ്തു.
അവിയൽ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
ആവശ്യമായ ചേരുവകൾ
തേങ്ങ- ഒരുകപ്പ്
വെള്ളരിക്ക – അരക്കപ്പ് (നീളത്തിൽ അരിഞ്ഞത്)
ചേന- കാല്‍ക്കപ്പ് (നീളത്തിൽ അരിഞ്ഞത്)
ചേമ്പ്- കാല്‍ക്കപ്പ് (നീളത്തിൽ അരിഞ്ഞത്)
ഏത്തക്കായ- കാല്‍ക്കപ്പ് (നീളത്തിൽ അരിഞ്ഞത്)
കാരറ്റ്- കാല്‍ക്കപ്പ് (നീളത്തിൽ അരിഞ്ഞത്)
ബീൻസ്- കാല്‍ക്കപ്പ് (നീളത്തിൽ അരിഞ്ഞത്)
അച്ചിങ്ങ- കാല്‍ക്കപ്പ് (നീളത്തിൽ അരിഞ്ഞത്)
മുരിങ്ങക്കായ- കാല്‍ക്കപ്പ് (നീളത്തിൽ അരിഞ്ഞത്)
മത്തങ്ങ- കാല്‍ക്കപ്പ് (നീളത്തിൽ അരിഞ്ഞത്)
വഴുതനങ്ങ- കാല്‍ക്കപ്പ് (നീളത്തിൽ അരിഞ്ഞത്)
പുളിയുള്ള തൈര്- കാല്‍ക്കപ്പ്
കറിവേപ്പില- 10 എണ്ണം
ജീരകം- 2 നുള്ള്
ഉപ്പ്- പാകത്തിന്
മഞ്ഞൾപ്പൊടി- അര ടീസ്പൂൺ
പച്ചമുളക്- 4 എണ്ണം
വെള്ളം- 3 കപ്പ്
വെളിച്ചെണ്ണ- 4 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം:
ആവശ്യത്തിന് വെള്ളവും, ഉപ്പും ചേർത്ത് പച്ചക്കറികളെല്ലാം മൂടി വെച്ച് വേവിയ്ക്കുക. ഈ സമയം കൊണ്ട് തേങ്ങ, കറിവേപ്പില, മഞ്ഞൾപ്പൊടി, ജീരകം, പച്ചമുളക് എന്നിവ അൽപ്പം വെള്ളം ചേര്‍ത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക. പച്ചക്കറി വെന്തു കഴിഞ്ഞാൽ അതിലേക്ക് ഈ അരപ്പ് ചേർത്ത് കൊടുക്കുക. ശേഷം ഇതിലേക്ക് പുളിയുള്ള തൈര് ചേര്‍ക്കാം. എന്നിട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. ഇത് തയ്യാറായിക്കഴിഞ്ഞാൽ കുറച്ച് കറിവേപ്പിലയും വെളിച്ചെണ്ണയും ചേര്‍ത്ത് അടുപ്പിൽ നിന്ന് വാങ്ങി വെക്കാം. സ്വാദിഷ്ടമായ അവിയൽ തയ്യാർ.