Onam 2024: ഓണസദ്യക്ക് ഉണ്ടാക്കാം ഒരു കിടിലൻ അടപ്രഥമൻ
How to Make Ada Pradhaman Recipe for Onam 2024: ഓണത്തിന് സദ്യ പോലെ തന്നെ പ്രധാനമാണ് പായസം. അതും അട പ്രഥമൻ ആണെങ്കിൽ ഓണം കെങ്കേമമായി. അതിനാൽ, ഇത്തവണ തിരുവോണത്തിന് എളുപ്പത്തിലും രുചിയോടെയും തയ്യാറാക്കാൻ പറ്റുന്ന അട പ്രഥമൻ ഉണ്ടാക്കിയാലോ.
സദ്യ ഇല്ലാതെ എന്ത് ഓണം അല്ലെ? അതുപോലെ പായസം ഇല്ലാതെ എന്ത് സദ്യ. ഇത്തവണ തിരുവോണത്തിന് ഒരു കിടിലൻ അടപ്രഥമൻ ഉണ്ടാക്കിയാലോ. അടപ്രഥമൻ തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- അട – 250 ഗ്രാം
- തേങ്ങയുടെ ഒന്നാം പാൽ- 2 കപ്പ്
- തേങ്ങയുടെ രണ്ടാം പാൽ – 4 കപ്പ്
- ശർക്കര – 750 ഗ്രാം
- കശുവണ്ടിപ്പരിപ്പ്
- വെള്ളം
ALSO READ: ഓണത്തിന് ഒരു കിടിലൻ പരിപ്പ് കറി തയ്യാറാക്കിയാലോ?
തയ്യാറാക്കുന്ന വിധം
ഒരു ചട്ടിയെടുത്ത് അതിലേക്ക് ഒന്നര ലിറ്റർ വെള്ളം ചേർത്തു കൊടുക്കാം. വെള്ളം തിളച്ച് വരുമ്പോൾ കഴുകിയെടുത്ത 250 ഗ്രാം അട ചേർത്ത് മൂടിവെച്ച് ഒരു മണിക്കൂർ നേരത്തോളം നന്നായി വേവിച്ചെടുക്കുക. അല്പം വെളിച്ചെണ്ണ കൂടെ ചേർത്ത് കൊടുക്കുകയാണെങ്കിൽ അട തമ്മിൽ ഒട്ടിപ്പിടിക്കില്ല. ഇനി, ഒരു ഉരുളിയെടുത്ത് അതിലേക്ക് കുറച്ച് നെയ്യ് ചേർത്ത് കൊടുക്കാം. നെയ്യ് ചൂടാകുമ്പോൾ കശുവണ്ടിപരിപ്പ് ചേർത്ത് നന്നായി മൂപ്പിച്ചെടുക്കുക. ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ വാങ്ങി വെക്കാം.
ശേഷം, അതെ പാത്രത്തിൽ 750 ഗ്രാം ശർക്കര ഉരുക്കി അരിച്ചെടുത്തത് ചേർത്ത് നന്നായി ഇളക്കി കൊടുക്കാം. ശർക്കര പതഞ്ഞ് വരുമ്പോൾ ഇതിലേക്ക് അട കൂടെ ചേർത്ത് നന്നായി യോജിപ്പിച്ച് കൊടുക്കാം. ശർക്കരയിൽ വെള്ളം വറ്റി തുടങ്ങുമ്പോൾ അല്പം നെയ്യ് കൂടെ ചേർക്കാം. ശർക്കര പാനീയം നന്നായി കുറുകി വരുമ്പോൾ ഇതിലേക്ക് തേങ്ങയുടെ രണ്ടാം പാൽ കുറച്ചു കുറച്ചായി ചേർത്ത് കൊടുക്കാം. ഒന്നിച്ചു ചേർത്താൽ വീണ്ടും വെള്ളത്തിന്റെ സ്വാദ് വരും. അതിനാൽ അൽപ്പാൽപ്പമായി ചേർത്ത് യോജിപ്പിക്കാം. പ്രഥമൻ കുറുകി വരുമ്പോൾ ഒന്നാം പാൽ ചേർത്ത്, ഉടനെ തീയണക്കുക. ഇനി, ഇതിലേക്ക് വറുത്തെടുത്ത കശുവണ്ടിപ്പരിപ്പ് കൂടെ ചേർത്ത് കൊടുത്താൽ സ്വാദിഷ്ഠമായ അട പ്രഥമൻ തയ്യാർ.