National Bubble Tea Day 2024: ബബിൾ ടീ ആരോഗ്യത്തിന് നല്ലതാണോ? ഗുണങ്ങളും പാർശ്വഫലങ്ങളും
ഇവയെ ബോബ ടീ എന്നും അറിയപ്പെടുന്നുണ്ട്. ബബിൾ ടീ അമിതമായി കഴിക്കുന്നത് പല വിട്ടുമാറാത്ത രോഗങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നു.
ചായ കുടിക്കാത്തവരായി ആരുമില്ല. പലരും ഒരു ദിവസം തുടങ്ങുന്നത് തന്നെ ഒരു കപ്പ് ചായയിലാണ്. അതിനാൽ വ്യത്യസ്തതരം ചായകളും ഇന്ന് വിപണിയിൽ ലഭ്യമാണ്. അത്തരത്തിലൊന്നാണ് ബബിൾ ടീ. തായ്‌വാനിൽ ഏറ്റവും പ്രചാരമുള്ളതാണ് ചായയാണ് ബബിൾ ടീ. ഇന്നിത് നമ്മുടെ നാട്ടിലും പരിചിതമായിരിക്കുകയാണ്. ഇവയെ ബോബ ടീ എന്നും അറിയപ്പെടുന്നുണ്ട്. ബബിൾ ടീ ഒരു വ്യക്തിയുടെ മാനസികാവസ്ഥയും ഊർജ്ജ നിലയും വർദ്ധിപ്പിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
1980-കളിൽ തായ്വാൻ പൗരനായ ലിയു ഹാൻ-ചീയാണ് അദ്ദേഹത്തിൻ്റെ കടയിൽ ഇത് വിൽക്കാൻ തുടങ്ങിയത്. ചായയ്ക്കകത്ത് കറുത്ത മുത്തുകൾ വിതറിയപോലെയാണ് ബബിൾ ടീയുടെ ലുക്ക്. ഈ കറുത്ത മുത്തുപോലെ തോന്നിക്കുന്ന ഇവയുടെ പേരാണ് ബോബ. കപ്പപൊടി കൊണ്ടാണ് ഈ ബോബ തയ്യാറാക്കുന്നത്.
നന്നായി തണുത്ത പാലിൽ ക്രീമർ, പഞ്ചസാര, തേയില വെള്ളം, ബോബ, വിവിധ ഫ്ലേവർ സിറപ്പുകൾ എന്നിവ ചേർത്താണ് ബബിൾ ടീ തയ്യാറാക്കുന്നത്. ബോബ അലിഞ്ഞു പോകാതെ ഗ്ലാസിന്റെ അടിയിൽ കിടക്കുന്നു. അതിനാൽ ചായ കുടിക്കുമ്പോൾ ഇടയ്ക്കിടെ ബോബ ചവച്ച് കഴിക്കാനുമാകും. വിവിധ രുചികളിൽ ബബിൾ ടീ ലഭ്യമാണ്.
ബബിൾ ടീയ്ക്ക് ചൂടാണോ തണുപ്പാണോ?
ബബിൾ ടീ സാധാരണയായി തണുപ്പിച്ചാണ് തയ്യാറാക്കുന്നത്. എന്നാൽ ശീതകാലത്ത് ചൂടുള്ളതും ആവിയിൽ വേവിച്ചതുമായ ബബിൾ ടീയും തയ്യാറാക്കാവുന്നതാണ്.
എന്തുകൊണ്ടാണ് ബബിൾ ടീ ഇത്ര ജനപ്രിയമായത്?
വളരെ വൈവിധ്യമാർന്ന ബബിൾ ടീ ഉന്മേഷദായകമായ ഒരു പാനീയമാണ്. ചേർക്കുന്ന ചേരുവകൾ അനുസരിച്ച്, ഓരോ തവണയും ഈ ചായ കുടിക്കുന്നതിലൂടെ വ്യത്യസ്തമായ അനുഭവമാണ് ലഭിക്കുന്നത്. കൊഴുപ്പ്, പഞ്ചസാര, കാർബോഹൈഡ്രേറ്റ് എന്നിവ കൂടുതലുള്ളതിനാൽ സ്ഥിരമായി ബബിൾ ടീ കുടിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. മാത്രമല്ല പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ അപകടസാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ബബിൾ ടീ നിങ്ങൾക്ക് ആരോഗ്യകരമോ ദോഷകരമോ?
ബബിൾ ടീയ്ക്ക് പ്രത്യേകിച്ച് ആരോഗ്യ ഗുണമൊന്നും ഇല്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. മിതമായ അളവിൽ മാത്രമേ കഴിക്കാൻ പാടുള്ളൂ എന്നത് ശ്രദ്ധിക്കണം. ഇത് അമിതമായി കഴിക്കുന്നത് പല വിട്ടുമാറാത്ത രോഗങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നതായും റിപ്പോർട്ടുണ്ട്. ബബിൾ ടീയിൽ ധാരാളം പഞ്ചസാര അടങ്ങിയിട്ടുണ്ട്. അമിതമായ പഞ്ചസാരയുടെ ഉപയോഗം ശരീരഭാരം, പ്രമേഹം, ദന്ത പ്രശ്നങ്ങൾ തുടങ്ങിയ വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
പഞ്ചസാര ചേർത്തതിനാൽ ബബിൾ ടീയിലുള്ള കലോറിയുടെ അളവും ഗണ്യമായി വർദ്ധിക്കുന്നു. കലോറി കൂടുതൽ അടങ്ങിയ ഭക്ഷണം പതിവായി കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കാൻ ഇടയാക്കും. ബബിൾ ടീയിൽ ഉപയോഗിക്കുന്ന ബോബ മരച്ചീനിയിൽ നിന്ന് നിർമ്മിക്കുന്നതാണ്. അവയിൽ ഉയർന്ന അളവിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്.
ചില ബബിൾ ടീകളിൽ കഫീൻ അടങ്ങിയിട്ടുണ്ട്. മിതമായ കഫീൻ ഉപഭോഗത്തിന് ചില ആരോഗ്യ ഗുണങ്ങൾ ഉണ്ടാകുമെങ്കിലും, അമിതമായ കഫീൻ കഴിക്കുന്നത് ഉറക്കമില്ലായ്മ, അസ്വസ്ഥത അല്ലെങ്കിൽ ഹൃദയമിടിപ്പ് വർദ്ധിക്കുക തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.
ബബിൾ ടീയുടെ ഗുണങ്ങൾ
ഏതൊരു പാനീയത്തെയും പോലെ, ബബിൾ ടീയും നിങ്ങളുടെ ശരീരത്തിലെ ജലാംശത്തെ നിലനിർത്താൻ സഹായിക്കുന്നു. ആൻ്റിഓക്സഡൻ്റുകൾ അടങ്ങിയതിനാൽ ബബിൾ ടീ സ്‌ട്രെസ് കുറയ്ക്കാൻ സഹായിക്കുന്നു. ബബിൾ ടീ വ്യത്യസ്ത രുചികളും ടെക്സ്ചറുകളും ആസ്വദിക്കാനുള്ള ഒരു രസകരമായ മാർഗമാണ്.
ബബിൾ ടീ കഴിക്കാനുള്ള ശരിയായ മാർഗം
ബബിൾ ടീ മിതമായ അളവിൽ കഴിക്കുക. ഇത് ദൈനംദിന പാനീയമായി തിരഞ്ഞെടുക്കരുത്. സാധ്യമെങ്കിൽ പഞ്ചസാര കുറഞ്ഞ അളവിൽ ചേർത്ത് ബബിൾ ടീ കുടിക്കുക. കലോറിയും കാർബോഹൈഡ്രേറ്റും കുറയ്ക്കുന്നതിന് മരച്ചീനി മുത്തുകൾക്ക് പകരം ഫ്രൂട്ട് ജെല്ലിയോ കറ്റാർ വാഴയോ പോലുള്ള ആരോഗ്യകരമായ ടോപ്പിംഗുകൾ തിരഞ്ഞെടുക്കാവുന്നതാണ്.