ലൈംഗിക ദാരിദ്ര്യത്തിനുള്ള പ്രധാന കാരണം ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവോ?

Misogynistic Thoughts Is Caused By Lack Of Holistic Sexuality Education: ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന രാജ്യങ്ങളിൽ മുൻ പന്തിയിൽ തന്നെ ഇന്ത്യ ഉണ്ട്. സമൂഹത്തിൽ പെരുകുന്ന കുറ്റകൃത്യങ്ങള്‍ക്കും, സ്ത്രീ പീഡനങ്ങൾക്കുമുള്ള പ്രധാന കാരണം ലൈംഗിക ദാരിദ്ര്യം ആണെന്നാണ് കണ്ടെത്തലുകൾ.

ലൈംഗിക ദാരിദ്ര്യത്തിനുള്ള പ്രധാന കാരണം ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവോ?
Updated On: 

28 Nov 2024 00:32 AM

കഴിഞ്ഞ കുറച്ച് കാലങ്ങളായി കേരളത്തിൽ ചർച്ചയാകുന്ന പ്രധാന വിഷയങ്ങളിൽ ഒന്നാണ് ലൈംഗിക ദാരിദ്ര്യം. ഈ വിഷയം വീണ്ടും ശ്രദ്ധ നേടുന്നത് കഴിഞ്ഞ ദിവസമാണ്. കാൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയുടെ അഭിമാനാമായി മാറിയ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’എന്ന ചിത്രം തീയറ്ററുകളിൽ എത്തിയതിന് പിന്നാലെ നടി ദിവ്യ പ്രഭയ്ക്ക് എതിരെ ഉയർന്ന വിമർശനങ്ങളാണ് വീണ്ടും ഈ ചർച്ചകൾക്ക് ഇടവെച്ചത്. ചിത്രത്തിലെ ചില നഗ്ന രംഗങ്ങൾ നടിയുടെ സ്വകാര്യ ദൃശ്യമെന്ന രീതിയിലാണ് ആദ്യം പ്രചരിച്ചത്. പിന്നീട് ചിത്രത്തിലെ രംഗങ്ങളാണെന്ന് അറിഞ്ഞപ്പോൾ വിമർശനങ്ങൾ ഉയരാൻ തുടങ്ങി. ഇത്തരം വിമർശനങ്ങൾക്ക് നടി നൽകിയ മറുപടിയും ശ്രദ്ദേയമായിരുന്നു. ലൈംഗിക ദാരിദ്ര്യമാണ് ഇത്തരം തോന്നലുകൾക്കുള്ള കാരണം എന്നാണ് നടി അഭിപ്രായപ്പെട്ടത്.

ലൈംഗിക ദാരിദ്ര്യം

ഇത്തരത്തിലുള്ള വീഡിയോകൾ പ്രചരിക്കാനുള്ള പ്രധാന കാരണം ലൈംഗിക ദാരിദ്ര്യം തന്നെയാണ്. ഇത് കൊഴുപ്പിക്കാൻ ചില ഓൺലൈൻ മാധ്യമങ്ങളും ശ്രമിക്കുന്നു. അതിനായി അത്തരത്തിലുള്ള തലക്കെട്ടും ചിത്രങ്ങളും വീഡിയോകൾക്ക് കൊടുക്കുന്നു. ഇത് കൂടുതൽ പേരിലേക്ക് അത്തരം ഉള്ളടക്കങ്ങൾ എത്താൻ കാരണമാകുന്നു. ഇതിനെല്ലാമുള്ള അടിസ്ഥാന കാരണം മനുഷ്യരിലെ ലൈംഗിക ദാഹമാണെന്ന് പറയാം. ചെയ്യരുതെന്ന് പറയുന്ന ഒന്നിനോട്, അല്ലെങ്കിൽ വിലക്കപെട്ടതാണെന്ന് കേക്കുമ്പോൾ അതെന്താണെന്ന് അറിയാനുള്ള ഒരു പ്രത്യേക താല്പര്യം മനുഷ്യർക്ക് എപ്പോഴും ഉണ്ട്.

ആവശ്യമായത് കിട്ടാതെ വരുമ്പോൾ പലരും സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകളുടെ കമന്റ് ബോക്സിൽ അശ്ലീല കമന്റുകൾ ഇട്ട് അത്തരം വികാരങ്ങൾ പുറത്തെടുക്കുന്നു. ഇതിന് കൃത്യമായ ലൈംഗിക വിദ്യാഭ്യാസം കൊടുക്കുക എന്നത് മാത്രമാണ് ഒരു പോംവഴി.

ലൈംഗിക ദാരിദ്ര്യത്തിൽ ഇന്ത്യ മുന്നിൽ

ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന രാജ്യങ്ങളിൽ മുൻ പന്തിയിൽ തന്നെ ഇന്ത്യ ഉണ്ട്. സമൂഹത്തിൽ പെരുകുന്ന കുറ്റകൃത്യങ്ങള്‍ക്കും, സ്ത്രീ പീഡനങ്ങൾക്കുമുള്ള പ്രധാന കാരണം ലൈംഗിക ദാരിദ്ര്യം ആണെന്നാണ് കണ്ടെത്തലുകൾ. വായു, ഭക്ഷണം, പാർപ്പിടം പോലെ തന്നെ ഒരു മനുഷ്യന് അത്യാവശ്യം വേണ്ട ഒന്നാണ് ലൈംഗിക ആവശ്യങ്ങൾ നിറവേറ്റുക എന്നത്. ലൈംഗികത ഒരിക്കലും അടക്കി വെക്കാനുള്ളതോ അടിച്ചമർത്തി വെക്കാനുള്ളതോ ആയ ഒരു കാര്യമല്ല. ഇത് ഓരോ ജീവിയുടെയും അവകാശമാണ്.

ALSO READ: ഒടിപി ഒന്ന് പറയാമോ? വാട്സ്ആപ്പിൽ വ്യാപക ഹാക്കിം​ഗ്; പരാതികൾ കൂടുന്നു; തട്ടിപ്പ് ഇങ്ങനെ

ഏഷ്യൻ രാജ്യങ്ങളും പാശ്ചാത്യ രാജ്യങ്ങളും

ഏഷ്യൻ രാജ്യങ്ങളെ വെച്ച് നോക്കുമ്പോൾ പാശ്ചാത്യ രാജ്യങ്ങളിൽ ലൈംഗിക ദാരിദ്ര്യം വളരെ കുറവാണ്. അതിനുള്ള പ്രധാന കാരണം അവിടുത്തെ ജനങ്ങളുടെ ചിന്താഗതിയാണ്. സാംസ്കാരികവും സാമൂഹികവും സാമ്പത്തികവുമായ ഘടകങ്ങൾ കാരണം പല ഏഷ്യൻ രാജ്യങ്ങളെയും അപേക്ഷിച്ച് പാശ്ചാത്യ രാജ്യങ്ങളിൽ ലൈംഗിക ദാരിദ്ര്യം കുറവാണ്. പാശ്ചാത്യ സമൂഹങ്ങളിൽ, ലൈംഗികതയെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ പൊതുവെ കൂടുതൽ തുറന്ന മനസ്സും സ്വീകാര്യതയും ഉണ്ട്. മാധ്യമങ്ങൾ, വിദ്യാഭ്യാസം, നിയമസംവിധാനങ്ങൾ എന്നിവ പലപ്പോഴും ലൈംഗിക ആരോഗ്യം, അവകാശങ്ങൾ, സ്വാതന്ത്ര്യം എന്നിവയെ പ്രോത്സാഹിപ്പിക്കുകയും, വ്യക്തികളെ അവരുടെ ലൈംഗികത കൂടുതൽ സ്വതന്ത്രമായി പര്യവേക്ഷണം ചെയ്യാൻ അനുവദിക്കുകയും ചെയ്യുന്നു.

നേരെമറിച്ച്, ഇന്ത്യ ഉൾപ്പടെയുള്ള ഏഷ്യൻ രാജ്യങ്ങളിൽ ലൈംഗികതയെക്കുറിച്ച് കൂടുതൽ യാഥാസ്ഥിതിക വീക്ഷണങ്ങളുണ്ട്. പരമ്പരാഗത മൂല്യങ്ങൾ, മതം, കുടുംബ ഘടന എന്നിവയുടെ സ്വാധീനം ഇതിൽ കടന്നുവരുന്നു. ചില സ്ഥലങ്ങളിൽ, ലൈംഗികത പലപ്പോഴും നിഷേധിക്കപ്പെട്ടതോ അല്ലെങ്കിൽ വിവാഹത്തിൻ്റെ പരിധിയിൽ പരിമിതപ്പെടുത്തുന്നതോ ആയി കാണുന്നു. വ്യക്തികൾക്ക് അവരുടെ ആഗ്രഹങ്ങൾ തുറന്ന് പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ ഇത് പരിമിതപ്പെടുത്തുന്നു. ഇത്തരത്തിലുള്ള സാംസ്കാരിക നിരോധനം ലൈംഗിക അസംതൃപ്തിയുടെയോ ലൈംഗിക നിരാശയുടെയോ ഉയർന്ന വ്യാപനത്തിലേക്ക് നയിച്ചേക്കാം.

മാത്രമല്ല, രണ്ട് പ്രദേശങ്ങളിലെയും സാമ്പത്തിക ഘടകങ്ങൾ ലൈംഗിക ക്ഷേമത്തെ ബാധിക്കുന്നു. പാശ്ചാത്യ രാജ്യങ്ങളിൽ, കൂടുതൽ ലിംഗസമത്വം, ആരോഗ്യപരിരക്ഷയിലേക്കുള്ള പ്രവേശനം, അഭിപ്രായസ്വാതന്ത്ര്യം എന്നിവ ലൈംഗിക പൂർത്തീകരണത്തിന് കൂടുതൽ അവസരങ്ങൾ ഉറപ്പാക്കാൻ സഹായിക്കുന്നു. പല ഏഷ്യൻ രാജ്യങ്ങളിലും, സാമ്പത്തിക സമ്മർദ്ദങ്ങളും സാമൂഹിക പ്രതീക്ഷകളും വ്യക്തിപരമായ ആവശ്യങ്ങൾ പൂർത്തീകരിക്കുന്നത് തടസ്സപ്പെടുത്തിയേക്കാം, ഇത് ഉയർന്ന ലൈംഗിക ദാരിദ്ര്യത്തിന് കാരണമാകുന്നു. അതിനാൽ, വളര്‍ന്നു വരുന്ന തലമുറകൾക്ക് വേണ്ടിയെങ്കിലും ഈ അവസ്ഥ നമ്മൾ മാറ്റി എടുക്കേണ്ടത് അനിവാര്യമാണ്. അവിടെയാണ് ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം കടന്നുവരുന്നത്.

ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം

സ്‌കൂളുകളിൽ നമുക്ക് ഓരോ വിഷയവും അധ്യാപകർ വ്യക്തമായും കൃത്യമായും പഠിപ്പിച്ചു തരുന്നു. അവർ എങ്ങനെയാണോ നമ്മളെ പഠിപ്പിച്ചത്, അപ്രകാരം വേണം നമ്മൾ ഉത്തരം എഴുതാൻ. അല്ലെങ്കിൽ മാർക്ക് ലഭിക്കില്ല അല്ലെ? എന്നാൽ നിങ്ങൾ സ്വയം വായിച്ചു പഠിക്കൂ എന്ന് അധ്യാപകർ പറയുന്ന ഒരു പാഠഭാഗം ആണുള്ളത്. മനുഷ്യ ശരീരത്തിലെ ലൈംഗിക അവയവങ്ങളെ കുറിച്ചും, ലൈംഗിക പ്രക്രിയയെ കുറിച്ചുമുള്ള പാഠമാണത്.

നമ്മുടെ നാട്ടിലെ പൊതുവായ ഒരു അവസ്ഥയാണിത്. നമ്മളുടെ കുട്ടികൾക്ക് പലപ്പോഴും ലഭിക്കുന്ന ലൈംഗിക വിദ്യാഭ്യാസം എന്ന് പറയുന്നത് ഏതെങ്കിലും വ്യക്തികൾ വർഷത്തിലൊരിക്കൽ സ്കൂളിൽ വന്നെടുക്കുന്ന ഒന്നോ രണ്ടോ മണിക്കൂർ നീണ്ടു നിൽക്കുന്ന ക്ലാസുകൾ മാത്രമാണ്. ഇങ്ങനെ വരുമ്പോൾ കുട്ടികൾ ഇതിനായി അവരുടെ കൂട്ടുകാരെയോ, നീലച്ചിത്രങ്ങളെയോ, പോൺ സൈറ്റുകളെയോ സമീപിക്കും. അപ്പൊ പിന്നെ നമ്മുടെ ലൈംഗികതയെ കുറിച്ചുള്ള ഒരു ധാരണ എങ്ങനെ ആയിരിക്കുമെന്ന് ഊഹിക്കാമല്ലോ.

ലൈംഗികതയുടെ ശാരീരിക, മാനസിക, വൈകാരിക, സാമൂഹിക വശങ്ങളെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കാൻ വേണ്ടി പാഠ്യ പദ്ധതിയുടെ ഭാഗമായി നൽകുന്ന ഒരു പരിശീലനമാണ് സമഗ്ര ലൈംഗികതാ വിദ്യാഭ്യാസം അഥവാ CSE. ഇത്തരത്തിൽ ലൈംഗികതയുമായി ബന്ധപ്പെട്ട അറിവ് നൽകുന്നത് വഴി അവരുടെ മനോഭാവത്തിൽ മാറ്റം ഉണ്ടാക്കാൻ സാധിക്കുന്നു. പരസ്പര ബഹുമാനത്തിൽ അധിഷ്ഠിതമായ, വ്യക്തിഗത, സാമൂഹിക, ലൈംഗിക ബന്ധങ്ങൾ സൃഷ്ടിക്കാൻ ഇത്തരം അറിവ് അവരെ സഹായിക്കുന്നു.

ALSO READ: മഹർ മാത്രമല്ല ജീവനാംശവും റഹ്മാൻ സൈറയ്ക്ക് നൽകണം; നിർണായകമായത് സുപ്രീം കോടതിയുടെ ഈ വിധി

എപ്പോഴാണ് ലൈംഗിക വിദ്യാഭ്യാസം ആരംഭിക്കേണ്ടത്?

നേരത്തെ തന്നെ ലൈംഗിക വിദ്യാഭ്യാസം ആരംഭിക്കുന്നതാണ് നല്ലത്. ഇന്റർനെറ്റിന്റെ ഈ കാലത്ത് വിവരങ്ങളുടെ കുത്തൊഴുക്കിൽപ്പെട്ട് ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലേക്ക് എല്ലാവരും എത്തിച്ചേരുന്നു. തെറ്റായ വിവരങ്ങൾ ഒരാളിലേക്ക് എത്തിച്ചേരുന്നതിന് മുൻപ് തന്നെ ശരിയായ വിവരങ്ങൾ ശരിയായ രീതിയിൽ വിദഗ്ധരിൽ നിന്നും എത്തിച്ചു കൊടുത്തുകൊണ്ട് വേണം നമ്മൾ പക്വതയുള്ള ഒരു ജനതയെ വാർത്തെടുക്കാൻ. ചെറുപ്പം മുതൽ തന്നെ അതാത് പ്രായം അനുസരിച്ചുള്ള ലൈംഗിക വിദ്യാഭ്യാസം നൽകി തുടങ്ങണം. അത് കൗമാരത്തിലും യൗവ്വനത്തിലും തുടരണം. പ്രായത്തിനും ബൗദ്ധിക വളർച്ചക്കും അനുസരിച്ചുള്ള അറിവുകളാണ് നൽകേണ്ടത്. പ്രായം അനുസരിച്ച് അവർക്ക് മനസിലാകുന്ന ഭാഷയിൽ വേണം കാര്യങ്ങൾ പറഞ്ഞു കൊടുക്കാൻ.

എന്തുകൊണ്ട് ലൈംഗിക വിദ്യാഭ്യാസം?

യൂറോപ്യൻ രാജ്യങ്ങളിലെ പഠനങ്ങൾ അനുസരിച്ച് രാജ്യവ്യാപകമായി ലൈംഗിക വിദ്യാഭ്യാസം നടപ്പിലാക്കുന്നത് വഴി 5-24 വയസ്സിനുള്ളിലുള്ളവരിൽ കൗമാര ഗർഭധാരണനിരക്കും, ഗർഭച്ഛിദ്രനിരക്കും, ലൈംഗിക രോഗനിരക്കും, എയ്ഡ്സ് അണുബാധയും കുറയ്ക്കാനാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിലൂടെ ജീവിതത്തിലെയും ബന്ധങ്ങളിലെയും പ്രശ്നങ്ങള്‍ നേരിടാനുള്ള കഴിവും ആത്മവിശ്വാസവും വർധിക്കുകയും ചെയ്യുന്നു. അതിലൂടെ, കൂടുതൽ അർത്ഥവത്തായ മനുഷ്യബന്ധങ്ങളുണ്ടാകുന്നു. പരസ്പരം സ്നേഹിക്കുക എന്നതിന് പുറമെ പരസ്പര സമ്മതത്തോടേയും പരസ്പര ബഹുമാനത്തോടെയുമുള്ള മനുഷ്യ ബന്ധങ്ങൾ ഉണ്ടാകാൻ ഇത് സഹായിക്കും.

കാണാത്തതും കേൾക്കാത്തതുമായ കാര്യങ്ങൾ കാണാനും കേൾക്കാനുമുള്ള ത്വര എല്ലാവർക്കും ഉണ്ടാകും. അതാണ് പിന്നീട് വലിയ പ്രശ്നങ്ങളിലേക്ക് നയിക്കുന്നത്. ഇത് തടയണമെങ്കിൽ കൃത്യമായ സമയത്ത് കൃത്യമായ അറിവുകൾ പകർന്ന് നൽകണം. അതിന് നമ്മുടെ ചിന്താഗതി തന്നെ മാറണം. ലൈംഗിക ദാരിദ്ര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യങ്ങളുടെ സ്ഥിതി മാറ്റണമെങ്കിൽ വളർന്നു വരുന്ന തലമുറകളെ വേണം ലക്ഷ്യമിടാൻ. അവരിലൂടെ വേണം ഇത്തരം വൈകല്യങ്ങൾ നമ്മൾ മറികടക്കാൻ.

 

Related Stories
Toddy Shop Fish Curry: നാവില്‍ കൊതിയൂറും ഷാപ്പിലെ മുളകിട്ട മത്തിക്കറി വീട്ടിൽ ട്രൈ ചെയ്താലോ? ഉഗ്രൻ റെസിപ്പി ഇതാ..
Weight Loss Tips: ശരീരഭാരം കുറയ്ക്കാൻ മഞ്ഞളിനൊപ്പം തേൻ ചേർത്ത് കഴിക്കൂ
Eye Fatigue: കണ്ണുകൾക്ക് ഉണർവ് നൽകാൻ ദിവസവും ഇക്കാര്യങ്ങൾ ശീലമാക്കൂ
Health Tips: വാരിവലിച്ചു തിന്നൻ വരട്ടെ, ആയുസ്സ് കുറയും! ഈ ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കൂ
World Travel And Tourism Festival 2025 : ലോക ട്രാവൽ, ടൂറിസം ഫെസ്റ്റിവൽ 2025: ഇന്ത്യൻ സഞ്ചാരികൾ ആഗോള ടൂറിസത്തിന് പുതിയ മാനം നൽകുന്നു
World Travel & Tourism Festival 2025: ടിവി 9 നെറ്റ്‌വർക്കും റെഡ് ഹാറ്റ് കമ്മ്യൂണിക്കേഷൻസും ചേർന്ന് ഒരുക്കുന്നു; വേൾഡ് ട്രാവൽ ആൻഡ് ടൂറിസം ഫെസ്റ്റിവൽ ഫെബ്രുവരിയിൽ ആരംഭിക്കും
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ