Metal Spring Found in Lungs: വിട്ടുമാറാത്ത ജലദോഷം; പരിശോധനയിൽ യുവതിയുടെ ശ്വാസകോശത്തിൽ നിന്ന് കണ്ടെത്തിയത് ലോഹ സ്പ്രിങ്
Metal Spring Found in Woman Lungs: എക്സ് റേയ്ക്ക് പിന്നാലെ സിടി സ്കാനിന്റെ റിപ്പോർട്ട് കൂടി വന്നതോടെയാണ് സ്പ്രിങ്ങിന്റെ വ്യക്തമായ ചിത്രം ലഭിക്കുന്നത്. 16 മില്ലിമീറ്റർ നീളവും അഞ്ച് മില്ലിമീറ്റർ വീതിയും വരുന്ന സ്പ്രിങ് ആണ് യുവതിയുടെ ശ്വാസകോശത്തിൽ കുടുങ്ങിയിരിക്കുന്നത്.
കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, പൊടിപടലങ്ങൾ തുടങ്ങിയവ മൂലം നമ്മൾ പലപ്പോഴും നേരിടുന്ന ഒരു പ്രശ്‌നമാണ് ജലദോഷം. വളരെ അസ്വസ്ഥത ഉണ്ടാക്കുമെങ്കിലും വലിയ ഉപദ്രവങ്ങൾ ഒന്നുമില്ലാതെ തന്നെ ഇത് പോകാറാണ് പതിവ്. എന്നാൽ ചില സാഹചര്യങ്ങളിൽ വിട്ടുമാറാത്ത ജലദോഷം പിടിപെടും. ഇത്തരത്തിൽ സംഭവിച്ചാൽ നമ്മൾ സൂക്ഷിക്കണം എന്ന സൂചന നൽകുകയാണ് റഷ്യയിൽ നിന്നുള്ള ഈ പുതിയ വാർത്ത.
എകതെരിന ബദുലീന എന്ന 34-കാരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ ആണ് വിട്ടുമാറാത്ത ജലദോഷം കാരണം ഏറെ കാലമായി ബുദ്ധിമുട്ട് അനുഭവിച്ചത്. സാധാരണ ജലദോഷം ആയിരിക്കുമെന്നാണ് ആദ്യം കരുതിയത്. അതുകൊണ്ട് തന്നെ ഭേദമാകുമെന്ന് കരുതി കാത്തിരുന്നു. എന്നാൽ ജലദോഷം ഭേദമായില്ലെന്ന് മാത്രമല്ല സ്ഥിതി വഷളാവുകയും ചെയ്തു. ഇതോടെ ബദുലീന ഡോക്ടറെ സമീപിച്ചു.
ന്യുമോണിയ ആയിരിക്കും എന്ന് കരുതിയാണ് യുവതി ഡോക്ടറെ സമീപിക്കുന്നത്. എന്നാൽ, പരിശോധനയ്ക്ക് ഒടുവിലാണ് കാത്തിരുന്നത് അതിലും ഞെട്ടിക്കുന്ന വിവരം ആണെന്ന് അറിയുന്നത്. ഡോക്ടറോട് കാര്യങ്ങൾ എല്ലാം വിശദീകരിച്ചതോടെ, അദ്ദേഹം യുവതിയോട് എക്സ് റേ എടുക്കാൻ ആവശ്യപ്പെട്ടു. എക്സ് റേ പരിധോഷിച്ച ശേഷം ഡോക്ടർ യുവതിയോട് പറഞ്ഞത് ‘നിങ്ങൾ ഏത് നിമിഷവും മരിക്കാം’ എന്നാണ്.
ഇതറിഞ്ഞതോടെ അമ്പരന്നു പോയ യുവതി തനിക്കെന്താണ് സംഭവിച്ചതെന്ന് ഡോക്ടറോട് ചോദിച്ചു. അപ്പോഴാണ് യുവതിയുടെ ശ്വാസകോശത്തിൽ ലോഹ നിർമിതമായ ഒരു സ്പ്രിങ് കുടുങ്ങിക്കിടക്കുന്ന വിവരം അറിയുന്നത്. മുൻപ് നടത്തിയ ഒരു ശസ്ത്രക്രിയയ്ക്കിടെ ആണ് ഈ സ്പ്രിങ് യുവതിയുടെ ശ്വാസകോശത്തിനകത്ത് എത്തിയതെന്ന് ജാമ് എക്സ്പ്രസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
എക്സ് റേയ്ക്ക് പിന്നാലെ സിടി സ്കാനിന്റെ റിപ്പോർട്ട് കൂടി വന്നതോടെയാണ് സ്പ്രിങ്ങിന്റെ വ്യക്തമായ ചിത്രം ലഭിക്കുന്നത്. 16 മില്ലിമീറ്റർ നീളവും അഞ്ച് മില്ലിമീറ്റർ വീതിയും വരുന്ന സ്പ്രിങ് ആണ് ശ്വാസകോശത്തിൽ കുടുങ്ങിയിരിക്കുന്നത്. എന്നാൽ, ജലദോഷവും വിറയലോട് കൂടിയ പനിക്കും പുറമെ വേറെ അസ്വസ്ഥതകൾ ഒന്നും തന്നെ യുവതിയെ അലട്ടിയിരുന്നില്ല. ശാസ്ത്രകിയയ്‌ക്കിടെ ശരീരത്തിൽ അകപ്പെട്ട സ്പ്രിങ് പിന്നീട് രക്തത്തിലൂടെ ഒഴുകി നടക്കുകയായിരുന്നു എന്ന് ഡോക്ടർ പറഞ്ഞതായും, എന്നാൽ തനിക്ക് അത്തരത്തിൽ യാതൊരു ബുദ്ധിമുട്ടും അനുഭവപ്പെട്ടിരുന്നില്ല എന്നും യുവതി പറയുന്നു.
ത്രോംബോബോളിസം എന്ന രോഗാവസ്ഥയെ തുടർന്ന് തന്റെ 27-ാം വയസിൽ ആണ് യുവതി ചികിത്സ തേടുന്നത്. രക്തക്കുഴലിനുള്ളിൽ രക്തം കട്ടപിടിക്കുകയും, ഇത് രക്തകുഴലിലൂടെ ഒഴുകി ശരീരത്തിലെ മറ്റേതെങ്കിലും ഭാഗത്തെത്തി രക്തത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തുകയും ചെയ്യുന്ന അവസ്ഥയെയാണ് ത്രോംബോബോളിസം എന്ന് പറയുന്നത്. ഇതിന്റെ ചികിത്സയുടെ ഭാഗമായി യുവതിയുടെ കാലിനുള്ളിൽ മാത്രം 33 ട്യൂബുകളാണ് ശസ്ത്രക്രിയയിലൂടെ ഘടിപ്പിച്ചത്. ഒരു വർഷം കൊണ്ട് ഏകദേശം 20-ലേറെ ശസ്ത്രക്രിയകൾക്കാണ് യുവതി വിധേയമായത്. ഇതിൽ നിന്നെല്ലാം അത്ഭുതകരമായി രക്ഷപ്പെട്ട യുവതിയെ തേടിയാണ് അടുത്ത പ്രശ്നം എത്തിയിരിക്കുന്നത്.