Weight Loss Supplements: ശരീരഭാരം കുറയ്ക്കാനുള്ള സപ്ലിമെൻ്റുകൾ അപകടമോ? കാരണം ഇതാണ്
Side Effects Of Weight Loss Supplements: ഭാരം കുറയ്ക്കാൻ സ്പ്ലിമെൻ്റുകൾ എടുക്കുന്നത് നിങ്ങളുടെ ശരീരത്തിന് നല്ലതാണെന്ന് തോന്നുന്നുണ്ടോ?ദഹനസംബന്ധമായ അസ്വസ്ഥതകൾ, ഹോർമോൺ അസന്തുലിതാവസ്ഥ എന്നിവ മുതൽ ഗുരുതരമായ ദീർഘകാല ആരോഗ്യ അപകടങ്ങൾ വരെ ഇതിലൂടെ ഉണ്ടായേക്കാം.

ശരീരഭാരം കുറയ്ക്കുന്നതിന് മിക്കവരും നെട്ടോട്ടമോടുകയാണ്. വ്യായാമം ചെയ്തും പട്ടിണികിടന്നും സപ്ലിമെൻ്റുകളെടുത്തും എന്നുവേണ്ട എല്ലാ തരത്തിലും ആളുകൾ ഭാരം കുറയ്ക്കാൻ കഠിന പ്രയത്നത്തിലാണ്. എന്നാൽ ഭാരം കുറയ്ക്കാൻ സ്പ്ലിമെൻ്റുകൾ എടുക്കുന്നത് നിങ്ങളുടെ ശരീരത്തിന് നല്ലതാണെന്ന് തോന്നുന്നുണ്ടോ? ഈ മരുന്നുകളിൽ ചിലത് വിശപ്പ്, ഇൻസുലിൻ അളവ്, കൊഴുപ്പ് ആഗിരണം എന്നിവ നിയന്ത്രിക്കുന്നു, അതേസമയം ചിലത് ആസക്തി കുറയ്ക്കുന്നതിന് തലച്ചോറിന്റെ രസതന്ത്രത്തിൽ മാറ്റം വരുത്തുന്നു.
ഒറ്റനോട്ടത്തിൽ, മരുന്നുകൾ ഫലപ്രദമാണെന്ന് തോന്നുമെങ്കിലും, ആരോഗ്യ വിദഗ്ധരുടെ ശുപാർശയില്ലാതെ ഈ മരുന്നുകൾ കഴിക്കുന്നത് പാർശ്വഫലങ്ങൾക്ക് കാരണമാകും. ദഹനസംബന്ധമായ അസ്വസ്ഥതകൾ, ഹോർമോൺ അസന്തുലിതാവസ്ഥ എന്നിവ മുതൽ ഗുരുതരമായ ദീർഘകാല ആരോഗ്യ അപകടങ്ങൾ വരെ ഇതിലൂടെ ഉണ്ടായേക്കാം. മാർഗ്ഗനിർദ്ദേശമില്ലാതെ ഈ മരുന്നുകൾ കഴിക്കുന്നത് അപകടകരമാകുന്നതിന്റെ കാരണങ്ങൾ ഡോ. ബത്രയുടെ മെഡിക്കൽ സർവീസസ് ഡയറക്ടർ ഡോ. ബിന്ദു ശർമ്മ പറയുന്നു.
ഗുരുതരമായ ദഹന പ്രശ്നങ്ങൾ: ഈ മരുന്നുകളിൽ പലതും നിങ്ങളുടെ ദഹനത്തെ മന്ദഗതിയിലാക്കുന്നു. ഓക്കാനം, ഛർദ്ദി, വയറിളക്കം, മലബന്ധം, വയറു വീർക്കൽ, നിർജ്ജലീകരണം, പോഷകാഹാരക്കുറവ് എന്നിവയ്ക്ക് കാരണമാകും.
പാൻക്രിയാറ്റിസ്- പിത്താശയ പ്രശ്നങ്ങൾ: ഈ മരുന്നുകളിൽ ചിലത് പാൻക്രിയാറ്റിസ്, പിത്താശയക്കല്ലുകൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ചികിത്സിച്ചില്ലെങ്കിൽ ഈ രോഗങ്ങൾക്ക് ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം.
രക്തത്തിലെ പഞ്ചസാരയുടെ അളവ്: പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്നതിനാണ് ഈ മരുന്നുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്, അതിനാൽ ശുപാർശയില്ലാതെ അവ കഴിക്കുന്നത് അപകടകരമാംവിധം രക്തത്തിലെ പഞ്ചസാര (ഹൈപ്പോഗ്ലൈസീമിയ) അളവ് കുറയ്ക്കുകയും ഇൻസുലിൻ അളവ് തടസ്സപ്പെടുത്തുകയും ചെയ്യും. ഇത് തലകറക്കം, ബോധക്ഷയം, ദീർഘകാല ഉപാപചയ പ്രശ്നങ്ങൾ എന്നിവയിലേക്ക് നയിക്കുന്നു.
മാനസികാവസ്ഥയിലെ മാറ്റങ്ങൾ: ചില ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകൾ തലച്ചോറിന്റെ രസതന്ത്രത്തെ ബാധിക്കുന്നു. ഇത് മാനസികാവസ്ഥയിലെ മാറ്റങ്ങൾക്കും ഉത്കണ്ഠയ്ക്കും വിഷാദത്തിനും അങ്ങേയറ്റത്തെ സന്ദർഭങ്ങളിൽ ആത്മഹത്യാ ചിന്തകളിലേക്കും നയിച്ചേക്കാം.
രക്തസമ്മർദ്ദത്തിന്റെയും അപകടസാധ്യതകൾ: ചില ഭാരം കുറയ്ക്കാനുള്ള മരുന്നുകൾ ഹൃദയമിടിപ്പും രക്തസമ്മർദ്ദവും വർദ്ധിപ്പിക്കുകയും ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.