Korean Woman Eating Aloo Puri: ആലൂ പൂരി രുചിച്ചു നോക്കി കൊറിയൻ യുവതി; തുടർന്നുള്ള റിയാക്ഷൻ വൈറൽ, വീഡിയോ കണ്ടത് രണ്ടു കോടിയിലധികം പേർ
Korean Woman Reaction After Eating Aloo Puri: ആദ്യം ഇതെങ്ങനെയാണ് കഴിക്കേണ്ടതെന്ന് ഓർത്ത് ഒരു നിമിഷം ആ യുവതി അമ്പരപ്പോടെ ഇരുന്നെങ്കിലും, ഇത് കഴിച്ച അടുത്ത നിമിഷം തന്നെ അവർ ചിരിച്ചുകൊണ്ട് 'കൊള്ളാം' എന്ന് പറയുന്നുണ്ട്.
ഇന്ത്യൻ ഭക്ഷണത്തിന്റെ ജനപ്രീതി ലോകമെമ്പാടും വർധിച്ചു വരികയാണ്. ബട്ടർ ചിക്കനും, സമൂസയും, ബിരിയാണിയും തുടങ്ങി പല പരമ്പരാഗത വിഭവങ്ങളും മറ്റ് രാജ്യക്കാർക്ക് പ്രിയങ്കരമായി മാറിക്കഴിഞ്ഞു. ഇപ്പോഴിതാ, ഒരു കൊറിയൻ യുവതി ആലൂ പൂരി കഴിക്കുന്നതിന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഇന്ത്യൻ യുവാവ് തന്റെ കൊറിയൻ കുടുംബത്തിന് നമ്മുടെ രാജ്യത്തെ ഭക്ഷണങ്ങൾ പരിചയപ്പെടുത്തി കൊടുക്കുന്നതാണ് വീഡിയോ. ആലൂ പൂരി രുചിച്ചു നോക്കിയ ശേഷമുള്ള യുവതിയുടെ പ്രതികരണവും ഇപ്പോൾ വൈറലാണ്.
വീഡിയോയിൽ ഇന്ത്യൻ യുവാവ് തന്റെ ഭാര്യാസഹോദരിക്ക് മുന്നിൽ ഒരു പ്ലേറ്റ് ആലു മട്ടർ, കടലക്കറി എന്നിവ വെച്ചിട്ടുണ്ട്. തുടർന്ന് ഇത് രുചിച്ചുനോക്കാൻ അവരോട് ആവശ്യപ്പെടുകയും, ഇതെങ്ങനെയാണ് കഴിക്കേണ്ടതെന്ന് യുവതി അദ്ദേഹത്തോട് ചോദിച്ചു മനസിലാക്കുന്നതും വീഡിയോയിൽ കാണാം. ആലൂ പൂരി രുചിച്ചു നോക്കിയ ശേഷം യുവതി ‘നല്ല രുചിയുണ്ടെന്ന്’ കൊറിയൻ ഭാഷയിൽ പറയുന്നുണ്ട്. ആദ്യം ഇതെങ്ങനെയാണ് കഴിക്കേണ്ടതെന്ന് ഓർത്ത് ഒരു നിമിഷം ആ യുവതി അമ്പരപ്പോടെ ഇരുന്നെങ്കിലും, ഇത് കഴിച്ച അടുത്ത നിമിഷം തന്നെ അവർ ചിരിച്ചുകൊണ്ട് ‘കൊള്ളാം’ എന്ന് പറയുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ കണ്ടത് 25 മില്യൺ ആളുകളാണ്.
ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ:
View this post on Instagram
ALSO READ: വിട്ടുമാറാത്ത ജലദോഷം; പരിശോധനയിൽ യുവതിയുടെ ശ്വാസകോശത്തിൽ നിന്ന് കണ്ടെത്തിയത് ലോഹ സ്പ്രിങ്
അതേസമയം, വീഡിയോ അവസാനിക്കുന്നത് ഒരു ട്വിസ്റ്റോടു കൂടിയാണ്. അഞ്ച് പൂരി കഴിച്ച ശേഷവും യുവതി ചോറും കിംച്ചിയും (കൊറിയൻ വിഭവം) ആവശ്യപ്പെടുന്നത് വീഡിയോയിൽ കാണാം. ഇതോടെ നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി രംഗത്തെത്തിയത്. പലരും ഇന്ത്യൻ ഭക്ഷണത്തെ കുറിച്ച് അഭിമാനത്തോടെ സംസാരിച്ചപ്പോൾ, ചിലർ വീഡിയോയുടെ അവസാനം യുവതി കൊറിയൻ ഭക്ഷണം വേണമെന്ന് ആവശ്യപ്പെടുന്ന ആ രസകരമായ നിമിഷത്തെ കുറിച്ച് സംസാരിക്കുന്നു.
‘കൊറിയക്കാർക്ക് ചോറും കിംച്ചിയും ഇല്ലാതെ ജീവിക്കാൻ കഴിയില്ല’ എന്ന് ഒരു ഉപയോക്താവ് കമന്റ് ചെയ്തപ്പോൾ മറ്റൊരാൾ പറയുന്നത് ‘നമുക്ക് ദാൽ ചാവൽ എങ്ങനെയാണോ, അതുപോലെയാണ് കൊറിയക്കാർക്ക് കിംച്ചി’ എന്നാണ്. subtle_crazykorea എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ‘ഇന്ത്യൻ ഭക്ഷണത്തെ കുറിച്ച് എന്റെ കൊറിയൻ കുടുംബം’ എന്ന അടിക്കുറിപ്പോടെയാണ് യുവാവ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.