RS Virus : കോവിഡിനു സമാനം; എന്താണ് കുട്ടികളിൽ പടരുന്ന ആർ എസ് വൈറസ്
RS Virus spreading at children : മലിനമായ പ്രതലങ്ങളിൽ സ്പർശിക്കുന്നതും അപകടമാണ്. പ്രതിവർഷം ശരാശരി 500 കുട്ടികളുടെയും 14000 വയോധികരുടെയും മരണത്തിന് ആർഎസ്‌വി കാരണമാകാറുണ്ട്
തിരുവനന്തപുരം: റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് (RSV) എന്നത് കുട്ടികളേയും മുതിർന്നവരേയും ബാധിക്കുന്ന വൈറസ് രോഗമാണ്. പകർച്ചവ്യാധിയായ ഇത് ഒരു ശ്വാസകോശ അണുബാധയാണ്. മിക്ക രോഗികളിലും കാര്യമായ പ്രശ്നങ്ങൾ ഇത് ഉണ്ടാക്കാതെ പോകുമെങ്കിലും അപകടം ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്.
ജലദോഷം പോലെയാണ്, തുടക്കമെങ്കിലും ഗുരുതരമായ അണുബാധകൾ ഉണ്ടാകാനും ന്യുമോണിയ ഒപ്പം ബ്രോങ്കിയോളിറ്റിസ് പോലെ മാറാനും സാധ്യത കൂടുതലാണ്. കുട്ടികളും പ്രായമായവരുമാണ് പ്രധാനമായും സൂക്ഷിക്കേണ്ടത്. പലപ്പോഴും നേരിയ ജലദോഷം പോലുള്ള ലക്ഷണങ്ങൾ തുടങ്ങി ഒരാഴ്ചയ്ക്കുള്ളിൽ മാറാനുളള സാധ്യതയാണ് ഉള്ളത്.
ALSO READ – സംസ്ഥാനത്ത് ആർഎസ് വൈറസ് ബാധ; അങ്കമാലിയിൽ അഞ്ച് കുട്ടികൾ ആശുപത്രിയിൽ
എന്നാലും, ആറ് മാസത്തിൽ താഴെയുള്ള നവജാതശിശുക്കൾ, 65 വയസ്സിനു മുകളിലുള്ള മുതിർന്നവർ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവർക്ക് ന്യുമോണിയയും ബ്രോങ്കിയോളൈറ്റിസ് ഉൾപ്പെടെയുള്ള ഗുരുതരമായ സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. എളുപ്പത്തിൽ പടരുന്ന രോഗം കൂടിയാണ് ഇത്. പ്രത്യേകിച്ച് രോഗലക്ഷണങ്ങളുടെ ആദ്യ ഏതാനും ആഴ്ചകളിൽ ഇതിനുള്ള സാധ്യത കൂടുതലാണ്.
രോഗലക്ഷണങ്ങൾ ആരംഭിച്ച് നാലാഴ്ച വരെ രോഗം പടരാനുള്ള സാധ്യത ഉണ്ട്. രോഗബാധിതരുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയാണ് ആർഎസ് വി പടരുന്നത്. രോഗിയുടെ ചുമയോ തുമ്മലോ വൈറസിനെ വായുവിലെത്തിക്കുന്നു. കണ്ണുകൾ, മൂക്ക് അല്ലെങ്കിൽ വായ എന്നിവയിലൂടെ വൈറസ് മറ്റൊരാളുടെ ശരീരത്തിലെത്തും.
മലിനമായ പ്രതലങ്ങളിൽ സ്പർശിക്കുന്നതും അപകടമാണ്. പ്രതിവർഷം ശരാശരി 500 കുട്ടികളുടെയും 14000 വയോധികരുടെയും മരണത്തിന് ആർഎസ്‌വി കാരണമാകാറുണ്ട്. ആർഎസ്‌വി യുഎസിൽ മുൻപേ തന്നെ രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇന്ത്യയിൽ കോവിഡ് കാലത്ത് രോഗം വന്നു പോയിരുന്നു. കോവിഡിനു സമാനമായ രോഗമായാണ് ഇതിനെ വിലയിരുത്തുന്നത്.