Year Ender 2024 : കഞ്ഞി, ചമ്മന്തി, മാങ്ങാ അച്ചാര്‍; അരേ വാ, ജ്ജാതി കോമ്പിനേഷന്‍ ! ഗൂഗിള്‍ സര്‍ച്ച് ലിസ്റ്റ് തൂക്കിയ ഭക്ഷണ വിഭവങ്ങള്‍
Top Google searched recipes in India in 2024 : മലയാളിക്ക് പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത മാങ്ങാ അച്ചാറാണ് പട്ടികയില്‍ രണ്ടാമത്. നമ്മളില്‍ പലര്‍ക്കും ഏറെ പ്രിയപ്പെട്ട വിഭവമാണിത്. ചോറിന് മാങ്ങാ അച്ചാര്‍ മാത്രമാണ് കറിയെങ്കില്‍ പോലും തൃപ്തിപ്പെടുന്നവര്‍ ഏറെയാണ്
2024 അവസാനിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി. പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ലോകം. അതേസമയം, 2024ല്‍ ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞത് എന്തൊക്കെയായിരിക്കും.
ചലച്ചിത്രം, കായികം, രാഷ്ട്രീയം, വ്യക്തികള്‍, സ്ഥലങ്ങള്‍, ഭക്ഷണം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ ഈ വര്‍ഷം തിരഞ്ഞ വാക്കുകള്‍ അല്ലെങ്കില്‍ വാചകങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള വിശദാംശങ്ങള്‍ വാര്‍ത്താപ്രാധാന്യം നേടുകയാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തിരയപ്പെട്ട ഭക്ഷണവൈവിധ്യങ്ങള്‍ ചിലത് മലയാളിക്ക് പ്രിയമേറിയതാണ്.
ഏതൊക്കെയായിരിക്കും ഇന്ത്യയില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ തിരഞ്ഞ ഭക്ഷണ വിഭവങ്ങള്‍. ബിരിയാണിയും, പൊറോട്ടയും, കുഴിമന്തിയുമൊക്കെയാണോ നിങ്ങളുടെ മനസില്‍ ? എങ്കില്‍ ഇതൊന്നുമല്ല. ഏറ്റവും കൂടുതല്‍ തിരഞ്ഞ റെസിപ്പികളുടെ ആദ്യ പത്തില്‍ ബിരിയാണിയടക്കം ഉള്‍പ്പെട്ടിട്ടില്ലെന്നതാണ് ശ്രദ്ധേയം. എന്നാല്‍ കഞ്ഞി, ചമ്മന്തി, മാങ്ങാ അച്ചാര്‍ തുടങ്ങിയവ ഈ പട്ടികയില്‍ സ്ഥാനം നേടി.
‘പോണ്‍ സ്റ്റാര്‍ മാര്‍ട്ടിനി’ എന്ന കോക്ടെയില്‍ റെസിപിയാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ 2024ല്‍ തിരഞ്ഞത്. വോഡ്ക, പാഷന്‍ ഫ്രൂട്ട് ജ്യൂസ്, നാരങ്ങ് നീര് തുടങ്ങിയവ ഉപയോഗിച്ചാണ് ഇത് നിര്‍മിക്കുന്നത്. 2002ല്‍ ഡഗ്ലസ് അങ്ക്ര സൃഷ്ടിച്ച പാഷന്‍ ഫ്രൂട്ട് ഫ്ലേവർ കോക്ടെയ്ല്‍ ആണിത്.
മലയാളിക്ക് പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത മാങ്ങാ അച്ചാറാണ് പട്ടികയില്‍ രണ്ടാമത്. നമ്മളില്‍ പലര്‍ക്കും ഏറെ പ്രിയപ്പെട്ട വിഭവമാണിത്. ചോറിന് മാങ്ങാ അച്ചാര്‍ മാത്രമാണ് കറിയെങ്കില്‍ പോലും തൃപ്തിപ്പെടുന്നവര്‍ ഏറെയാണ്. ധനിയ പഞ്ജിരിയാണ് മൂന്നാമത്. ഉത്തരേന്ത്യയില്‍ ഇത് പ്രശസ്തമാണ്. ജന്മാഷ്ടമിയില്‍ ഭഗവാന്‍ കൃഷ്ണനായി തയ്യാറാക്കുന്ന പ്രസാദമാണിത്. നാലാമതായി ഉഗാദി പച്ചടിയുണ്ട്. ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക സംസ്ഥാനങ്ങളില്‍ ഇത് പ്രശസ്തമാണ്. ഹിന്ദു വിശ്വാസപ്രകാരമുള്ള പുതുവര്‍ഷത്തിന്റെ ആരംഭത്തില്‍ (ഉഗാദി) പ്രധാനമായും കഴിക്കുന്ന വിഭവമാണിത്.
Read Also : പതനം, തിരിച്ചുവരവ് ! ലോക രാഷ്ട്രീയത്തിലെ ട്വിസ്റ്റുകളും ക്ലൈമാക്‌സും; 2024ല്‍ കണ്ടത്
ചര്‍ണാമൃത് അഞ്ചാമതും, എമ ദട്ഷി ആറാമതുമുണ്ട്. നടി ദീപിക പദുക്കോണ്‍ അടുത്തിടെ പങ്കെടുത്ത ഒരു അഭിമുഖത്തില്‍ തന്റെ ഇഷ്ടവിഭവത്തെക്കുറിച്ച് പറഞ്ഞപ്പോള്‍, എമ ദട്ഷിയുടെ പേരും പരാമര്‍ശിച്ചിരുന്നു. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഈ റെസിപ്പി വൈറലായി. യഥാര്‍ത്ഥത്തില്‍ ഇത് ഒരു ഭൂട്ടാനീസ് വിഭവമാണ്.
ഫ്ലാറ്റ് വൈറ്റാണ് സര്‍ച്ച് ലിസ്റ്റില്‍ പിന്നീടുള്ളത്. പ്രശസ്തമായ എസ്‌പ്രസോ കോഫിയാണ് ഇത്. ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡുമാണ് ഉത്ഭവിച്ചതെന്ന് കരുതുന്നു. നേരത്തെ ഗൂഗിള്‍ ഡൂഡിലിലും ഇത് പ്രത്യക്ഷപ്പെട്ടിരുന്നു. മലയാളികളുടെ പ്രിയവിഭവം കഞ്ഞി തൊട്ടുപിന്നാലെയുണ്ട് (എട്ടാം സ്ഥാനം). ശങ്കര്‍പാളി ഒമ്പതാമതായും, ചമ്മന്തി പത്താമതായും സര്‍ച്ച് ലിസ്റ്റില്‍ സ്ഥാനം കണ്ടെത്തി.