AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Walking Benefits: ദിവസവും ഒരു മണിക്കൂർ നടന്നാൽ ശരീരത്തിന് സംഭവിക്കുന്നത് എന്ത്? അറിയാതെ പോകരുത്

Everyday Walking Benefits: ഒരു ദിവസം കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും നടക്കാൻ ശ്രമിക്കുക. ഇത് നിങ്ങളുടെ ആരോ​ഗ്യത്തിനും മൊത്തത്തിലുള്ള ക്ഷേമത്തിനും നിരവധി ​ഗുണങ്ങളാണ് നൽകുന്നത്. ആ 60 മിനിറ്റ് നടത്തത്തിലെ ഓരോ മിനിറ്റിലും നമ്മുടെ ശരീരത്തിൽ നിരവധി മാറ്റങ്ങളാണ് സംഭവിക്കുന്നത്.

Walking Benefits: ദിവസവും ഒരു മണിക്കൂർ നടന്നാൽ ശരീരത്തിന് സംഭവിക്കുന്നത് എന്ത്? അറിയാതെ പോകരുത്
പ്രതീകാത്മക ചിത്രംImage Credit source: Freepik
neethu-vijayan
Neethu Vijayan | Published: 16 Apr 2025 15:04 PM

നടക്കുന്നതിൻ്റെ ​ഗുണത്തെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല. കഠിനമായ ശാരീരിക പ്രവർത്തനമില്ലാത്തതിനാൽ ചെറിയ കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ ഏറ്റവും അനുയോജ്യമായ ഒരു വ്യായാമമാണ് നടത്തം. ഒരു ദിവസം കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും നടക്കാൻ ശ്രമിക്കുക. ഇത് നിങ്ങളുടെ ആരോ​ഗ്യത്തിനും മൊത്തത്തിലുള്ള ക്ഷേമത്തിനും നിരവധി ​ഗുണങ്ങളാണ് നൽകുന്നത്. ആ 60 മിനിറ്റ് നടത്തത്തിലെ ഓരോ മിനിറ്റിലും നമ്മുടെ ശരീരത്തിൽ നിരവധി മാറ്റങ്ങളാണ് സംഭവിക്കുന്നത്.

ദിവസവും ഒരു മണിക്കൂർ നടക്കുമ്പോൾ ശരീരത്തിന് യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് നമ്മുക്ക് നോക്കാം. നടത്തത്തിന്റെ തുടക്കത്തിൽ തന്നെ ഹൃദയം ചലനം മനസ്സിലാക്കുകയും അല്പം വേഗത്തിൽ പമ്പ് ചെയ്യാൻ തുടങ്ങുകയും ചെയ്യുന്നു. രക്തക്കുഴലുകൾ സാവധാനത്തിൽ വികസിക്കാൻ തുടങ്ങുന്നു, ഇത് കൂടുതൽ ഓക്സിജൻ സമ്പുഷ്ടമായ രക്തം പേശികളിലേക്കും തലച്ചോറിലേക്കും എത്താൻ സഹായിക്കുന്നു. ഈ മാറ്റത്തിലൂടെ നിങ്ങൾക്ക് ഊർജ്ജം ലഭിക്കുന്നു. അതിലൂടെ ശ്രദ്ധ കേന്ദ്രീകരിക്കാനും, മാനസിക വ്യക്തത, മികച്ച ഏകോപനം എന്നിവയ്ക്ക് കാരണമാകുന്നു.

രക്തചംക്രമണം വർദ്ധിക്കുന്നതിനനുസരിച്ച് കാലുകൾ ചൂടാകാൻ തുടങ്ങുന്നു. കൂടുതൽ നേരം ഇരിക്കുന്നതിൽ നിന്ന് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഇതിലൂടെ ഇല്ലാതാവുന്നു. ഈ സമയത്ത്, ഹൃദയമിടിപ്പ് ക്രമാതീതമായി വർദ്ധിക്കുന്നു. പ്രത്യേകിച്ച് കാലുകളിലും ഇടുപ്പുകളിലും ഉള്ള പേശികൾക്ക് കൂടുതൽ ഓക്സിജൻ ആവശ്യമായി തുടങ്ങും. ശ്വാസകോശം കൂടുതൽ ആഴത്തിൽ ശ്വസിക്കുന്നു, ഇത് രക്തത്തിലേക്കുള്ള ഓക്സിജൻ വിതരണം വർദ്ധിപ്പിക്കുന്നു.

ഈ പ്രക്രിയയിലൂടെ ശരീരം കൂടുതൽ കലോറി കത്തിക്കുന്നു. സാധാരണയായി 15 മിനിറ്റിനുള്ളിൽ ഏകദേശം 50 മുതൽ 70 വരെ കലോറിയാണ് ഇല്ലാതാവുന്നത്. ഏകദേശം 20-30 മിനിറ്റാകുമ്പോഴേക്കും, ശരീരം നന്നായി ചൂടാകുന്നു. മെറ്റബോളിസത്തിൻ്റെ അളവിൽ മാറ്റം വരുന്നു. പ്രത്യേകിച്ച് വേഗത്തിൽ നടക്കുകയാണെങ്കിൽ. കൊഴുപ്പ് കൂടുതൽ പ്രധാനപ്പെട്ട ഇന്ധന സ്രോതസ്സായി മാറുന്നു. ഈ ഘട്ടത്തിൽ, കോർട്ടിസോൾ പോലുള്ള സമ്മർദ്ദ ഹോർമോണുകളിൽ നേരിയ കുറവുണ്ടാകുന്നു.

നടത്തം സ്വാഭാവികമായും ഉത്കണ്ഠ കുറയ്ക്കുകയും എൻഡോർഫിനുകൾ, ഡോപാമൈൻ തുടങ്ങിയ സുഖകരമായ രാസവസ്തുക്കളുടെ പ്രകാശനം പ്രോത്സാഹിപ്പിക്കുന്നതിലൂടെ മാനസികാവസ്ഥ ഉയർത്തുകയും ചെയ്യും. നടത്തം ഓർമ്മശക്തി വർദ്ധിപ്പിക്കുകയും മാനസിക ക്ഷീണം കുറയ്ക്കുകയും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് മെച്ചപ്പെടുത്തുകയും ചെയ്യുന്നുവെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

ഒരു മണിക്കൂർ മുഴുവൻ നടത്തം ഹൃദയപേശികളെ ശക്തിപ്പെടുത്തുകയും, ചീത്ത കൊളസ്ട്രോൾ (LDL) കുറയ്ക്കുകയും, നല്ല കൊളസ്ട്രോൾ (HDL) വർദ്ധിപ്പിക്കുകയും ചെയ്യുന്നു. നടത്തം പൂർത്തിയാക്കിയ ശേഷം രക്തസമ്മർദ്ദം ചെറുതായി കുറയുന്നു. അസ്ഥികൾക്ക് ഭാരം താങ്ങാനുള്ള ഒരു നേരിയ വ്യായാമവും ലഭിക്കുന്നു, ഇത് അസ്ഥികളുടെ സാന്ദ്രത നിലനിർത്താൻ സഹായിക്കുന്നു.