AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Hybrid Cannabis: എന്താണ് ഹൈബ്രിഡ് കഞ്ചാവ്? കേരളത്തിലെ യുവാക്കളെ വശത്താക്കുന്ന ലഹരി

What is Hybrid Cannabis: പാശ്ചാത്യ രാജ്യങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലും ഹൈബ്രിഡ് കഞ്ചാവിന്റെ ഡിമാന്‍ഡ് വളരെ കൂടുകലാണ്. ഉയര്‍ന്ന നിലവാരമുള്ള ഈ കഞ്ചാവിന് കിലോയ്ക്ക് 60 ലക്ഷം മുതല്‍ 80 ലക്ഷം രൂപ വരെ വില വരും. ഹൈബ്രിഡ് കഞ്ചാവിന്റെ സാന്നിധ്യം ഗന്ധത്തിലൂടെ കണ്ടെത്താന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Hybrid Cannabis: എന്താണ് ഹൈബ്രിഡ് കഞ്ചാവ്? കേരളത്തിലെ യുവാക്കളെ വശത്താക്കുന്ന ലഹരി
shiji-mk
Shiji M K | Published: 27 Apr 2025 11:00 AM

കേരളത്തില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം വ്യാപകമായി വര്‍ധിക്കുകയാണ്. അക്കൂട്ടത്തില്‍ വലിയ രീതിയില്‍ ഉയര്‍ന്ന് കേള്‍ക്കുന്നൊരു പേരാണ് ഹൈബ്രിഡ് കഞ്ചാവ്. എന്നാല്‍ ഈയടുത്തിടെയായി ഉയര്‍ന്ന് കേള്‍ക്കുന്ന ഈ പേര് പലര്‍ക്കും അപരിചിതമാണ്. എന്താണ് ഹൈബ്രിഡ് കഞ്ചാവ് എന്ന് പരിശോധിക്കാം.

എന്താണ് ഹൈബ്രിഡ് കഞ്ചാവ്?

ഹൈഡ്രോപോണിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉണ്ടാക്കുന്ന കഞ്ചാവ് ആണ് ഹൈബ്രിഡ് കഞ്ചാവ്. മണ്ണിന്റെ സഹായമില്ലാതെ പോഷകങ്ങള്‍ നിറഞ്ഞ ലായനിയിലാണ് ഈ സസ്യം വളര്‍ത്തിയെടുക്കുന്നത്. ഈ രീതിയെയാണ് ഹൈഡ്രോപോണിക് എന്ന് പറയുന്നത്.

പോഷകങ്ങളുടെ അളവ്, പിഎച്ച് മൂല്യം, വെളിച്ചം തുടങ്ങിയ കാര്യങ്ങളുടെ കൃത്യമായ അളവും പ്രധാനം തന്നെ. ഇത്തരത്തില്‍ വളര്‍ത്തുന്ന കഞ്ചാവിന് ഗുണനിലവാരം കൂടുതലായിരിക്കും. അടച്ചിട്ട, എയര്‍ കണ്ടീഷന്‍ ചെയ്ത മുറികളിലാണ് ഇവ വളര്‍ത്തുന്നത്.

പാശ്ചാത്യ രാജ്യങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലും ഹൈബ്രിഡ് കഞ്ചാവിന്റെ ഡിമാന്‍ഡ് വളരെ കൂടുകലാണ്. ഉയര്‍ന്ന നിലവാരമുള്ള ഈ കഞ്ചാവിന് കിലോയ്ക്ക് 60 ലക്ഷം മുതല്‍ 80 ലക്ഷം രൂപ വരെ വില വരും. ഹൈബ്രിഡ് കഞ്ചാവിന്റെ സാന്നിധ്യം ഗന്ധത്തിലൂടെ കണ്ടെത്താന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

പിന്നില്‍ ബാങ്കോക്ക്

ബാങ്കോക്ക് ആണ് ഹൈബ്രിഡ് കഞ്ചാവിന്റെ മുഖ്യ ഉറവിടമായി പറയപ്പെടുന്നത്. കഞ്ചാവ് നിയമവിധേയമാക്കിയ ആദ്യ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യമാണ് തായ്‌ലാന്‍ഡ്. 2018ല്‍ മെഡിക്കല്‍ ആവശ്യത്തിനായാണ് രാജ്യം ഇത്തരമൊരു തീരുമാനമെടുത്തത്. പിന്നീട് 2022ല്‍ കഞ്ചാവ് കൃഷി പ്രോത്സാഹിപ്പിച്ച് കൊണ്ടുള്ള നടപടികളും സ്വീകരിച്ചു.

വീടുകളില്‍ കഞ്ചാവ് തൈകള്‍ വിതരണം ചെയ്തും കൃഷി വ്യാപിപ്പിക്കാന്‍ തായ്‌ലാന്‍ഡ് ആരോഗ്യവകുപ്പ് ശ്രമിച്ചിരുന്നു. ഇതോടെയാണ് ഹൈഡ്രോപോണിക് കഞ്ചാവിന്റെ കൃഷി ആരംഭിച്ചത്.

ലഹരിക്കടിമപ്പെടുന്ന ഇന്ത്യന്‍ യുവത്വം

നമ്മുടെ രാജ്യത്തേക്കും വലിയ അളവിലാണ് ഇപ്പോള്‍ ഹൈബ്രിഡ് കഞ്ചാവ് എത്തുന്നത്. കഞ്ചാവ് പിടിക്കപ്പെടുമ്പോള്‍ ഇത് ഉപയോഗിക്കുന്ന ആളുകളെയല്ല, വിതരണം ചെയ്യുന്നവരെയാണ് പിടികൂടേണ്ടതെന്ന് പലരും അഭിപ്രായം പറയാറുണ്ട്. എന്നാല്‍ മറ്റെല്ലാ നിയമങ്ങളെ പോലെ തന്നെ നമ്മുടെ രാജ്യത്ത് നര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രാപിക് സബ്സ്റ്റന്‍സസ് നിയമത്തിലും പഴുതുകളുണ്ട്. ഇതാണ് പ്രധാനമായും കഞ്ചാവ് പ്രതിരോധത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്നത്. ഒരു കിലോയ്ക്ക് താഴെ കഞ്ചാവ് കൈവശം വെക്കുന്നത് നമ്മുടെ നാട്ടില്‍ ജാമ്യം ലഭിക്കുന്ന കുറ്റമാണ്.

Also Read: Khalid Rahman: ഖാലിദ് റഹ്‌മാനെയും അഷ്‌റഫ് ഹംസയെയും സസ്‌പെന്‍ഡ് ചെയ്ത് ഫെഫ്ക

സാധാരണ കഞ്ചാവിന്റെ കാര്യത്തില്‍ മാത്രമല്ല ഹൈബ്രിഡ് കഞ്ചാവിന്റെ കാര്യത്തിലും ഈ നിയമം ബാധകമാണ്. 999 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി പിടിക്കപ്പെടുന്നവര്‍ക്ക് വളരെ എളുപ്പത്തില്‍ ജാമ്യം ലഭിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

വിദേശത്ത് നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് ഇന്ത്യയിലേക്ക് എത്തുന്നത്. എന്നാല്‍ അടച്ചിട്ട മുറികളില്‍ ഇവ കൃഷി ചെയ്യാന്‍ സാധിക്കുമെന്നതിനാല്‍ ഇന്ത്യയിലും ഈ ആധുനിക കൃഷിരീതി സാധ്യമാകുമെന്നത് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.