Kerala Dengue Feever: രാജ്യത്ത് ഏറ്റവും കൂടുതൽ ഡെങ്കു കേസുകളും മരണങ്ങളും രേഖപ്പെടുത്തിയത് കേരളത്തിൽ- റിപ്പോർട്ട്
Kerala Dengue Cases: 2023-ൽ കേരളത്തിൽ 9,770 കേസുകളും ഇതേ തുടർന്ന് 37 മരണങ്ങളും രജിസ്റ്റർ ചെയ്തു. ശുചിത്വത്തിൻ്റെ അപര്യാപ്തതയെന്ന് കണ്ടെത്തൽ.
തിരുവനന്തപുരം: 2023-ൽ രാജ്യത്ത് ഏറ്റവും കൂടുതൽ ഡെങ്കു കേസുകളും മരണങ്ങളും കേരളത്തിലായിരുന്നെന്ന് റിപ്പോർട്ട്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെൻ്റേഷൻ മന്ത്രാലയം അടുത്തിടെ പ്രസിദ്ധീകരിച്ച കണക്ക് പ്രകാരമാണിത്.
2023-ൽ കേരളത്തിൽ 9,770 ഡെങ്കു കേസുകളും ഇതേ തുടർന്ന് 37 മരണങ്ങളും രജിസ്റ്റർ ചെയ്തു. ശുചിത്വത്തിൻ്റെ അപര്യാപ്തതയാണ് ഇതിന് കാരണമെന്നാണ് കണ്ടെത്തൽ.
ഉത്തരാഖണ്ഡാണ് ഡെങ്കിപ്പനി മരണങ്ങളുടെ പട്ടികയിൽ രണ്ടാമത്, 14 മരണങ്ങളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. തൊട്ടുപിന്നിൽ ബീഹാറാണ്, ഏഴ് പേരാണ് ഇവിടെ മരിച്ചത്. 2023-ൽ കേരളത്തിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം മുൻവർഷത്തേക്കാൾ ഇരട്ടിയായി ഉയർന്നിട്ടുണ്ട്. 4432 കേസുകളായിരുന്നു നേരത്തെ, 2022-ൽ 29 മരണങ്ങളും കേരളത്തിലുണ്ടായി.
ഇത് കൂടാതെ 2023-ൽ രാജ്യത്ത് ഏറ്റവും കൂടുതൽ മലേറിയ മരണങ്ങൾ റിപ്പോർട്ട് ചെയ്ത നാലാമത്തെ സംസ്ഥാനം കൂടിയാണ് കേരളം. കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 565 മലേറിയ കേസുകളിൽ 299 എണ്ണം ഏറ്റവും മാരകമായ പ്ലാസ്മോഡിയം ഫാൽസിപാറം പരാദമാണ്.
രാജ്യത്ത് ഏറ്റവും കൂടുതൽ ചിക്കുൻ ഗുനിയ റിപ്പോർട്ട് ചെയ്തതിൽ ഏഴാം സ്ഥാനമാണ് കേരളത്തിന്. 2017ൽ 78 ആയിരുന്ന ചിക്കുൻഗുനിയ കേസുകൾ സംസ്ഥാനത്ത് ഭയാനകമായ വർധനവാണ് രേഖപ്പെടുത്തിയത്. 2021ൽ ഇത് 3,030 ആയി ഉയർന്നിരുന്നു
രോഗങ്ങളുടെ എണ്ണത്തിൽ ആശ്വസിക്കാനും കേരളത്തിന് വകയുണ്ട്. ടൈഫോയ്ഡ് കേസുകൾ 2020-ൽ 18,440 ആയിരുന്നത് 2021-ൽ 30-ലേക്ക് കുത്തനെ കുറഞ്ഞു. ലക്ഷദ്വീപ് (22) കഴിഞ്ഞാൽ ഏറ്റവും കുറഞ്ഞ കേസുകളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനമാണ് കേരളത്തിന്.
അതേസമയം കഠിനമായ വയറിളക്ക രോഗമായ കോളറ പിടിമുറുക്കുന്ന രാജ്യത്തെ പത്ത് സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. അതിസാര രോഗങ്ങളുടെ പട്ടികയിലും കേരളം 20-ാം സ്ഥാനത്താണ്. മഞ്ഞപ്പിത്തം മൂലം 851 കേസുകളും അഞ്ച് മരണങ്ങളും, 36 ജാപ്പനീസ് എൻസെഫലൈറ്റിസ് കേസുകളും ഒരു മരണവും കേരളത്തിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.