5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Health Tips: പ്രമേഹത്തിനു കാരണക്കാരൻ പഞ്ചസാര മാത്രമോ? സ്ഥിരമായി ഇരുന്ന് ജോലി ചെയ്യുന്നവരും ശ്രദ്ധിക്കുക

Sitting For Too Long Causes Diabetes: വിശപ്പ്, അതിയായ ദാഹം, മറ്റു കാരണങ്ങളില്ലാതെ ശരീരഭാരം കുറയുക, ഇടയ്ക്കിടെ മൂത്രശങ്ക, ക്ഷീണം, കാഴ്ചമങ്ങുക ഇവയെല്ലാം പ്രമേഹത്തിൻ്റെ ലക്ഷണമാണ്. തുടർച്ചയായി ഉണ്ടാകുന്ന അണുബാധ, പേശികൾക്ക് ബലക്ഷയം, വരണ്ട ചർമം, ചൊറിച്ചിൽ, കൈകാൽ വേദന, ഛർദിൽ, പെട്ടെന്നുണ്ടാകുന്ന ദേഷ്യവും സങ്കടവുമെല്ലാം പ്രമേഹത്തിന്റെ സൂചനകളായി കരുതുന്നു.

Health Tips: പ്രമേഹത്തിനു കാരണക്കാരൻ പഞ്ചസാര മാത്രമോ? സ്ഥിരമായി ഇരുന്ന് ജോലി ചെയ്യുന്നവരും ശ്രദ്ധിക്കുക
Represental Images (Credits: Freepik)
neethu-vijayan
Neethu Vijayan | Published: 15 Nov 2024 06:45 AM

പ്രമേഹത്തിനു കാരണക്കാരൻ പഞ്ചസാര മാത്രമാണെന്നാണോ നിങ്ങൾ കരുതുന്നത്. എന്നാൽ അങ്ങനെയല്ല… ജനിതക കാരണങ്ങളുൾപ്പെടെ ഒട്ടേറെ ഘടകങ്ങൾ പ്രമേഹത്തെ ബാധിക്കുന്നുണ്ട്. വർഷാവർഷം പ്രമേഹരോഗമുള്ളവരുടെ എണ്ണം കൂടിവരുകയാണെന്നാണ് പഠനങ്ങൾ പറയുന്നത്. ഇപ്പോഴത്തെ മാറിവരുന്ന ജീവിതശൈലിയിൽ കേരളത്തിലെ അഞ്ചിലൊരാൾക്ക് പ്രമേഹരോഗമുള്ളതായാണ് കണക്കുകൾ പറയുന്നത്.

കോവിഡനന്തരം മരുന്നുകൾകൊണ്ടുപോലും പ്രമേഹത്തെ നിയന്ത്രിക്കാനാകാത്ത സ്ഥിതിയുണ്ടെന്നും വിദ​ഗ്ധർ പറയുന്നു. ചെറുപ്പക്കാരിലടക്കം പ്രമേഹം സർവസാധാരണമായിരിക്കുകയാണ്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നാണ് ശരീരത്തിന്റെ പ്രവർത്തനത്തിനാവശ്യമായ ഊർജം നമുക്ക് ലഭിക്കുന്നത്. ഭക്ഷണം ദഹനപ്രക്രിയയ്ക്കു വിധേയമാകുന്നതോടെ അന്നജം ഗ്ലൂക്കോസാകുകയും അത് രക്തത്തിൽ കലരുകയും ചെയ്യുന്നു.

ഈ ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവർത്തനത്തിന് വേണ്ട രീതിയിൽ സെല്ലുകളിലേക്ക് എത്തിക്കണമെങ്കിൽ ഇൻസുലിൻ ഹോർമോണിന്റെ സഹായം അനിവാര്യമാണ്. ഇൻസുലിൻ ശരിയായ അളവിലോ ഗുണത്തിലോ കുറഞ്ഞാൽ സെല്ലുകളിലേക്കുള്ള പഞ്ചാസരയുടെ അളവ് കൂടും. ഈ അവസ്ഥയെയാണ് ഡയബറ്റിക് മെലിറ്റസ് അഥവാ പ്രമേഹം എന്നറിയപ്പെടുന്നത്.

മുൻപൊക്കെ ഗുളികകൊണ്ടുമാത്രം നിയന്ത്രിക്കാനാകുന്ന ഒന്നായിരുന്നു പ്രമേഹം. എന്നാൽ ഇന്ന് ഇൻസുലിൻകൊണ്ടു നിയന്ത്രിക്കേണ്ടിവരുന്ന അവസ്ഥയാണുള്ളതെന്ന് ഡോക്ടർമാർ പറയുന്നു. ഹൃദ്രോഗം, സ്‌ട്രോക്ക്, വൃക്കരോഗം, കാഴ്ചപ്രശ്നങ്ങൾ, ദന്തരോഗങ്ങൾ, പാദപ്രശ്നങ്ങൾ, മദ്യപാനികളിൽ വൃക്കരോഗം തുടങ്ങിയ രോഗാവസ്ഥ പ്രമേഹമുള്ളവരിലെ പ്രധാന പ്രശ്നങ്ങളാണ്.

വളരെ ചെറുപ്രായത്തിൽത്തന്നെ പ്രമേഹമുണ്ടാകുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. പുതുതലമുറയിൽ 30-നും 40-നുമിടയിൽത്തന്നെ പ്രമേഹരോഗമുണ്ടാകുന്നുണ്ട്. അതിനാൽ 30 വയസ്സിലേക്കു കടക്കുന്നതോടെ വർഷത്തിലൊരിക്കലെങ്കിലും പ്രമേഹമുണ്ടോയെന്നതു പരിശോധിക്കണം. ഇടയ്ക്കിടെയുള്ള പരിശോധനയിൽ രോഗം അതിവേഗം കണ്ടെത്താനാകും. ലക്ഷണങ്ങളൊന്നുമില്ലെങ്കിലും പ്രമേഹം ഉള്ളിൽ ഇടംപിടിക്കും. വൈകിയേ അറിയൂ.

ഒരു പരിധിവരെ പ്രമേഹത്തെ നിയന്ത്രിക്കാനും പ്രതിരോധിക്കാനും വ്യായാമത്തിലൂടെ സാധിക്കും. ദിവസവും കുറഞ്ഞത് 45 മിനിറ്റെങ്കിലും വ്യായാമം ചെയ്യണമെന്നാണ് വിദ​ഗ്ധർ നിർദ്ദേശിക്കുന്നത്. എന്നാൽ മറ്റുപല രോഗങ്ങളുമുള്ളവർ ഇടയ്ക്കിടെ പ്രമേഹപരിശോധന നടത്തുന്നത് നല്ലതാണ്. മധുരം, കൊഴുപ്പ് എന്നിവയടങ്ങിയ ഭക്ഷണം കുറയ്ക്കുന്നതാണ് ഉത്തമം. മദ്യപാനം ഒഴിവാക്കണം.

എന്നാൽ അമിതമായി മധുരം കഴിക്കുന്നവരിൽ മാത്രമല്ല, പാരമ്പര്യമായി, പ്രത്യേകിച്ച് മാതാപിതാക്കളിൽ ആർക്കെങ്കിലും പ്രമേഹമുള്ളവരും കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്. സ്ഥിരമായി ഇരുന്നുള്ള ജോലിചെയ്യുന്നവർക്കും അമിതവണ്ണമുള്ളവർക്കും പ്രമേഹസാധ്യത വളരെ കൂടുതലാണ്. വിശപ്പ്, അതിയായ ദാഹം, മറ്റു കാരണങ്ങളില്ലാതെ ശരീരഭാരം കുറയുക, ഇടയ്ക്കിടെ മൂത്രശങ്ക, ക്ഷീണം, കാഴ്ചമങ്ങുക ഇവയെല്ലാം പ്രമേഹത്തിൻ്റെ ലക്ഷണമാണ്. തുടർച്ചയായി ഉണ്ടാകുന്ന അണുബാധ, പേശികൾക്ക് ബലക്ഷയം, വരണ്ട ചർമം, ചൊറിച്ചിൽ, കൈകാൽ വേദന, ഛർദിൽ, പെട്ടെന്നുണ്ടാകുന്ന ദേഷ്യവും സങ്കടവുമെല്ലാം പ്രമേഹത്തിന്റെ സൂചനകളായി കരുതുന്നു.

Latest News