Sprouted Onions: മുള വന്ന ഉള്ളി ഉപയോഗിക്കുന്നത് ഗുണമോ ദോഷമോ? അറിയേണ്ടതെല്ലാം
Is It Safe to Use Sprouted Onions: വിദഗ്ധർ പറയുന്നത് അനുസരിച്ച് ഉരുളക്കിഴങ്ങ് പോലെയുള്ള പച്ചക്കറികളിൽ ഉണ്ടാകുന്ന മുളകൾ പോലെയല്ല, മുള വന്ന സവാളയ്ക്ക് സാധാരണ സവാളയേക്കാള്‍ ആരോഗ്യ ഗുണങ്ങള്‍ കൂടുതലായിരിക്കും. ഇതിന്റെ ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
നാം അടുക്കളയിൽ നിത്യോപയോഗത്തിനായി വാങ്ങിക്കുന്ന ഭക്ഷണ സാധനങ്ങളിൽ ഒന്നാണ് ഉള്ളി. ഉള്ളി ഏറെ നാൾ സൂക്ഷിച്ചു വെച്ചാൽ മുള പൊട്ടും. ഇത്തരത്തിൽ മുള പൊട്ടിയ ഉള്ളി കഴിക്കാമോ എന്നത് പലരുടെയും സംശയമാണ്. എന്നാൽ, ഇത് ഉപയോഗിക്കുന്നത് കൊണ്ട് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല. രുചിയിൽ മാത്രം അല്പം വ്യത്യാസം വന്നുവെന്നിരിക്കാം. മുളകളുള്ള ഉള്ളി പോലുള്ള ചില ഭക്ഷണ സാധനങ്ങൾ ഉപയോഗിക്കുന്നത് നല്ലതല്ലെന്ന് ചിലർക്കിടയിലെങ്കിലും ഒരു തെറ്റിദ്ധാരണ നിലനിൽക്കുന്നുണ്ട്. അതിനാൽ, ഇതിനെ കുറിച്ച് വിശദമായി അറിയാം.
ഉരുളക്കിഴങ്ങ് പോലെയുള്ള പച്ചക്കറികളിൽ ഉണ്ടാകുന്ന മുളകൾ പോലെയല്ല, മുള വന്ന സവാളയ്ക്ക് സാധാരണ സവാളയേക്കാള്‍ ആരോഗ്യ ഗുണങ്ങള്‍ കൂടുതലായിരിക്കും എന്നാണ് വിദഗ്ധർ പറയുന്നത്. മുള വന്ന സവാളയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി ചർമ്മത്തിന്റെ ആരോഗ്യത്തിനും, മുടിയുടെ ആരോഗ്യത്തിനും, രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ഒക്കെ വളരെ നല്ലതാണ്.
അതുപോലെ മുള വന്ന സവാള നാരുകളാൽ സമ്പുഷ്ടമാണ്. ഇത് മലബന്ധം, ഗ്യാസ്, അസിഡിറ്റി പോലുള്ള ദഹന പ്രശ്നങ്ങൾ അകറ്റി നിർത്താൻ സഹായിക്കും. പ്രത്യേകിച്ചും ചൂട് കാലത്ത് മുള വന്ന സവാള കഴിക്കുന്നത് വയറ്റിലെ അസ്വസ്ഥതകൾ മാറാൻ ഗുണം ചെയ്യും. ഉള്ളിയിൽ കാത്സ്യം, ഫോസ്ഫറസ് തുടങ്ങിയ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇവ പല്ലിന്റെയും എല്ലിന്റെയും ആരോഗ്യത്തിന് വളരെ മികച്ചതാണ്.
കൂടാതെ ശരീരത്തിലെ പല അവയവങ്ങളുടെയും കൃത്യമായ പ്രവർത്തനത്തിന് ആവശ്യമായ വിറ്റാമിൻ എ, വിറ്റാമിൻ ബി, വിറ്റാമിൻ ഡി, അയേണ്‍, സിങ്ക്, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളെല്ലാം മുള വന്ന ഉള്ളിയിൽ അടങ്ങിയിട്ടുണ്ട്. മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങൾ ഹൃദയാരോഗ്യത്തിന് വളരെ ഗുണം ചെയ്യും. ഇതിൽ ധാരാളം പ്രോട്ടീനുകളും ഉണ്ട്. ഇതിലെ വിറ്റാമിൻ എ കണ്ണിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്.
സലാഡുകളിൽ ഒക്കെ ഉള്ളി പച്ചയായി ഉപയോഗിക്കുന്നതിനേക്കാളും മുളപ്പിച്ച് കഴിക്കുന്നതാണ് കൂടുതൽ ഗുണകരം. ഇത് ഉള്ളിയുടെ കയ്പ്പ് രുചി നീക്കം ചെയ്യാനും സഹായിക്കും. ശരീരത്തിലെ വീക്കം തടയാനും ഇവ മികച്ചതാണ്. ഇതിൽ ആന്റിഓക്സിഡന്റുകളുടെയും ഫൈറ്റോകെമിക്കലുകളുടെയും അളവ് കൂടുതലാണ്. എന്നാൽ, ഇവ ഉപയോഗിക്കുന്നതിന് മുൻപ് പൂപ്പൽ, അസാധാരണമായ ദുർഗന്ധം തുടങ്ങി കേടായതിന്റെ ലക്ഷണങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കുക. ഈ ലക്ഷണങ്ങൾ കാണിക്കുന്നുവെങ്കിൽ അത് ഉപേക്ഷിക്കുന്നതാണ് നല്ലത്.
ഇനി ഇത്തരത്തിൽ മുളച്ച ഉള്ളികൾ ഉപയോഗിക്കാൻ ഇഷ്ടമില്ലാത്തവർ, ഇതുപോലെ ഉള്ളി മുളയ്ക്കുന്നത് ഒഴിവാക്കാൻ നല്ല വായു സഞ്ചാരമുള്ള തണുത്ത വരണ്ട സ്ഥലത്ത് ഇവ സൂക്ഷിക്കുക. പരമാവധി റഫ്രിജറേറ്ററിൽ സൂക്ഷിക്കുന്നത് ഒഴിവാക്കുക. എന്നാൽ, തൊലി കളഞ്ഞ ഉള്ളിയാണെങ്കിൽ എയർടൈറ്റ് പാത്രത്തിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഉള്ളിയിൽ ഈർപ്പം ഇല്ലെന്ന് ഉറപ്പു വരുത്തുക. പരുത്തി തുണിയുടെ സഞ്ചികൾ, ചാക്ക് എന്നിവയിലെല്ലാം ഉള്ളി സൂക്ഷിക്കുന്നത് ഇത് കേടുകൂടാതിരിക്കാൻ സഹായിക്കും. അധികമായി സൂര്യപ്രകാശമെത്തുന്നിടത്ത് ഉള്ളി സൂക്ഷിച്ചാലും പെട്ടെന്ന് മുള പൊട്ടുന്നതിലേക്ക് നയിച്ചേക്കും.