Acne: മുഖക്കുരു പൊട്ടിച്ചാൽ മരണമോ…? സൂക്ഷിച്ചില്ലേൽ പണി പാളും; കാരണം ഇത്, ഡെർമറ്റോളജിസ്റ്റ് പറയുന്നത് ഇങ്ങനെ
Acne Breakouts After Effects: ജീവതശൈലിയും ഭക്ഷണക്രമവും എല്ലാം മുഖക്കുരു വരാനുള്ള കാരണമായി കണക്കാക്കാം. അതേസമയം മുഖക്കുരു ഉള്ളവരിൽ സാധാരണയായി കാണുന്ന ഒരു ശീലമാണ് അത് പൊട്ടിക്കാൻ ശ്രമിക്കുന്നത്. നമ്മുടെ മുഖത്തും ചില അപകടകരമായ ഭാഗങ്ങളുണ്ട്. അവിടെ വരുന്ന മുഖക്കുരു ഞെക്കിപൊട്ടിക്കുന്നത് വളരെ അപകടകരവുമാണ്.

മിക്ക ആളുകളിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് മുഖക്കുരു. പലരിലും പല കാരണങ്ങൾകൊണ്ടാണ് ഇത് ഉണ്ടാകുന്നത്. എന്നാൽ മുഖക്കുരുവിനെ ഒരു സൗന്ദര്യപ്രശ്‌നമായി മാത്രം കാണാനാവില്ല. ചിലരിൽ അത് വിഷാദം, അപകർഷതാ ബോധം, ആത്മവിശ്വാസക്കുറവ് തുടങ്ങി നിരവധി തലങ്ങളിലേക്ക് എത്തിക്കുന്നു. സാധാരണയായി മുഖക്കുരു കൗമാര പ്രായത്തിൽ തുടങ്ങുകയും ഏകദേശം 25 വയസ്സ് ആകുമ്പോൾ നിലയ്ക്കുകയും ചെയ്യണം. പക്ഷേ ചില ആളുകളിൽ മുഖക്കുരു വളരെ മുന്നേ കാണപ്പെടുകയും 25ന് ശേഷവും തുടരുകയും ചെയ്യും.
ജീവതശൈലിയും ഭക്ഷണക്രമവും എല്ലാം മുഖക്കുരു വരാനുള്ള കാരണമായി കണക്കാക്കാം. അതേസമയം മുഖക്കുരു ഉള്ളവരിൽ സാധാരണയായി കാണുന്ന ഒരു ശീലമാണ് അത് പൊട്ടിക്കാൻ ശ്രമിക്കുന്നത്. അവരുടെ കൈകൾ മുഖത്ത് നിന്നെടുക്കാൻ വലിയ ബുദ്ധിമുട്ടാണ്. മുഖക്കുരു പൊട്ടിക്കുന്നത് പ്രശ്നമാണെന്നും അത് വീണ്ടും വ്യാപിക്കാനുള്ള കാരണമാണെന്ന് അറിയാമെങ്കിലും അവ പൊട്ടിക്കുന്നത് ഒരു ശീലമാണ്. എന്നാൽ കേട്ടോളൂ, മുഖത്തിലെ ചില പ്രത്യേക ഭാഗങ്ങളിൽ വരുന്ന കുരു ഞെക്കിപൊട്ടിക്കുന്നത് മരണത്തിലേക്ക് വരെ നയിച്ചേക്കാമെന്നാണ് പറയുന്നത്.
നമ്മുടെ മുഖത്തും ചില അപകടകരമായ ഭാഗങ്ങളുണ്ട്. അവിടെ വരുന്ന മുഖക്കുരു ഞെക്കിപൊട്ടിക്കുന്നത് വളരെ അപകടകരമായ കാര്യമാണെന്ന് എത്ര പേർക്ക് അറിയാം? കാരണം എന്തുകൊണ്ടാണെന്നും മുഖക്കുരുവിനെ എങ്ങനെ പരിചരിക്കണമെന്നും കാഞ്ഞിരപ്പിള്ളി കടമപ്പുഴ ആശുപത്രിയിലെ ഡെർമറ്റോളജിസ്റ്റ് ഡോ. ഈപ്പൻ തോമസ് ഡോ. ഹെർണാൾഡ് പോൾ ടോക്സിന് നൽകിയ അഭിമുഖത്തിൽ പറയുന്നത് നോക്കാം.
മുഖത്തെ അപകടകരമായ ഭാഗങ്ങൾ
ചുണ്ടിന് മുകളിൽ വരുന്ന ഭാഗവും മൂക്കിൻ്റെ മധ്യഭാഗവുമാണ് മുഖത്തെ ഏറ്റവും അപകടകരമായ ഭാഗങ്ങൾ എന്ന പറയുന്നത്. കാരണം എന്തെന്നാൽ അതിന്റെ ബ്ലഡ് സപ്ലൈ തലച്ചോറമായി നേരിട്ട് ഉൾപ്പെട്ടിരിക്കുന്നു. തലച്ചോറിലെ കേവർണസ് സൈനസ് (cavernous sinus) എന്ന ഭാഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. എതിനാൽ അവിടെ വരുന്ന മുഖക്കുരു എന്ന് മാത്രമല്ല ഇൻഫെക്ഷൻസ് ആയാലും നല്ല രീതിയിൽ പരിചരിച്ചില്ലെങ്കിൽ വലിയ അപകടങ്ങൾ ഉണ്ടാക്കും.
അവിടെ വരുന്ന മുഖക്കുരു ഞെക്കിപ്പൊട്ടിച്ച് ഇൻഫെക്ഷൻ ഉണ്ടായാൽ അത് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള സാധ്യത കൂടതലാണ്. അങ്ങനെ വരുന്ന അസുഖത്തിൻ്റെ പേരാണ് കേവർണസ് സൈനസ് ത്രോംബോഫ്ലെബിറ്റിസ് (cavernous sinus thrombophlebitis) എന്നത്. അതിനാൽ വേണ്ട രീതിയിൽ പരിചരിക്കേണ്ടത് നിർബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
എന്താണ് മുഖക്കുരു?
സെബേഷ്യസ് ഗ്രന്ഥികളാണ് മനുഷ്യശരീരത്തിൽ ആദ്യം പ്രവർത്തിച്ചുതുടങ്ങുന്നത്. സീബം എന്ന എണ്ണമയമാർന്ന സ്രവം ഇവ ഉത്പാദിപ്പിക്കുന്നു. ഈ സ്രവം രോമകൂപങ്ങൾ വഴി നമ്മുടെ തൊലിപ്പുറത്തെത്തുന്നു. ഇത്തരത്തിൽ ഉത്പാദനം അധികമാകുമ്പോഴോ ഗ്രന്ഥികളുടെ പുറത്തേക്കുള്ള വരവ് തടസ്സപ്പെടുകയോ ചെയ്യുമ്പോൾ സീബം ചർമ്മത്തിനുള്ളിൽ തന്നെ അടിഞ്ഞുകൂടുന്നു. അങ്ങനെ നിറയുന്ന സീബം സെബേഷ്യസ് ഗ്രന്ഥികൾ വീർത്ത് മുഖത്ത് കുരുക്കൾ പ്രത്യക്ഷപ്പെടുന്നു.