Monsoon Skin Care: മഴക്കാലത്ത് സൗന്ദര്യം സംരക്ഷിക്കേണ്ടത് ഇങ്ങനെ
Skin Care Tips in Monsoon: ബ്ലാക്ക് ഹെഡ്‌സും വൈറ്റ് ഹെഡ്‌സും ചൊറിച്ചിലും ഉള്‍പ്പെടെ നിരവധിയാണ് സ്‌കിനിനെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍. എന്തെല്ലമാണ് മഴക്കാലത്ത് സ്വീകരിക്കേണ്ട പ്രതിരോധ മാര്‍ഗങ്ങള്‍ എന്ന് നോക്കാം.
മഴക്കാലമാണ് പലതരം ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകാം. അതോടൊപ്പം തന്നെ വേണ്ടത്ര ശ്രദ്ധ മുടിക്കും ചര്‍മ്മത്തിനും നല്‍കിയില്ലെങ്കില്‍ ശരിയാവില്ല. മഴക്കാലത്ത് ആരോഗ്യം സംരക്ഷിക്കുന്നതുപോലെ തന്നെ പ്രധാനമാണ് മുടിയും ചര്‍മ്മവും സംരക്ഷിക്കേണ്ടതും. ബ്ലാക്ക് ഹെഡ്‌സും വൈറ്റ് ഹെഡ്‌സും ചൊറിച്ചിലും ഉള്‍പ്പെടെ നിരവധിയാണ് സ്‌കിനിനെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍. എന്തെല്ലമാണ് മഴക്കാലത്ത് സ്വീകരിക്കേണ്ട പ്രതിരോധ മാര്‍ഗങ്ങള്‍ എന്ന് നോക്കാം.
ചര്‍മം തിളങ്ങട്ടെ
മഴക്കാലമാകുമ്പോള്‍ ചര്‍മ്മ സുഷിരങ്ങള്‍ അടയും. ഇങ്ങനെ സുഷിരങ്ങള്‍ അടയുന്നത് മുഖക്കുരുവിനും വൈറ്റ്-ബ്ലാക് ഹെഡ്‌സിനും കാരണമാകും. ഇങ്ങനെ സംഭവിക്കാതിരിക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗം ആവി പിടിക്കുക എന്നതാണ്. ആവി പിടിക്കുന്നത് ചര്‍മ്മകോശങ്ങളെ തുറക്കാന്‍ സഹായിക്കുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ സെബം അടിഞ്ഞുകൂടി മുഖക്കുരു പോലുള്ള പ്രശ്‌നങ്ങളെ ഉണ്ടാവാതെ തടയും.
ആവി പിടിയ്ക്കാനുപയോഗിക്കുന്ന വെള്ളത്തില്‍ തുളസി, പനി കൂര്‍ക്ക തുടങ്ങിയവ ചേര്‍ക്കുന്നത് നല്ലതാണ്. മഴക്കാലത്ത് ഇടയ്ക്കിടെ ആവി പിടിക്കുന്നത് വളരെ നല്ലതാണ്.
സണ്‍സ്‌ക്രീന്‍
മഴക്കാലമായാല്‍ സണ്‍സ്‌ക്രീന്‍ വേണ്ടല്ലോ എന്നായിരിക്കും ചിന്ത. എന്നാല്‍ വേനല്‍കാലത്ത് ഉപയോഗിക്കുന്നതുപോലെ തന്നെ മഴക്കാലത്തും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കണം. കാരണം മഴക്കാലമാണെങ്കിലും സൂര്യന്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ പുറപ്പെടുവിക്കുന്നുണ്ട്. അതുകൊണ്ട് സണ്‍സ്‌ക്രീന്‍ പുരട്ടാതെ പുറത്തുപോകുന്നത് നല്ലതല്ല.
ഉള്ളില്‍ നിന്നുള്ള സംരക്ഷണം
മഴക്കാലത്ത് നമുക്ക് ദാഹം പൊതുവേ കുറവായിരിക്കും. എന്നാല്‍ ആവശ്യത്തിന് വെള്ളം ശരീരത്തിലെത്തിയില്ലെങ്കില്‍ ചര്‍മ്മത്തിന്റെ കാര്യം കഷ്ടത്തിലാകും. മഴക്കാലത്തും 8 ഗ്ലാസ് വെള്ളം നിര്‍ബന്ധമായും കുടിച്ചിരിക്കണം. മാത്രമല്ല ഹെര്‍ബല്‍ ടീ പോലുള്ളവ കുടിക്കുന്നതും നല്ലതാണ്.
വെള്ളത്തോടൊപ്പം ആരോഗ്യകരമായ പച്ചക്കറികളും പഴവര്‍ഗങ്ങളും കഴിക്കാനും ശ്രദ്ധിക്കുക. പ്രത്യേകിച്ചും വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.
മേക്കപ്പ് വേണ്ട
മഴക്കാലത്ത് മേക്കപ്പ് ചെയ്യാതിരിക്കുന്നതാണ് നല്ലത്. തുളസി, ആര്യവേപ്പ്, പച്ചമഞ്ഞള്‍ പോലുള്ളവ ചര്‍മസംരക്ഷണത്തിന് ഉപയോഗിക്കാവുന്നതാണ്. ഇടയ്ക്കിടെ മുഖം കഴുകുക. ആഴ്ചയില്‍ ഒരിക്കല്‍ എണ്ണ തേച്ച് കുളിക്കാന്‍ ശ്രദ്ധിക്കുക. ചൂടുവെള്ളം ഉപയോഗിച്ച് കുളിക്കരുത്. ഇത് ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴുന്നതിന് കാരണമാകും.