5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Prawn Curry Recipe: തേങ്ങ അരയ്ക്കാതെ കുറുകിയ ചാറോടെ ചെമ്മീൻ കറിവയ്ക്കാം; മീനും ഇങ്ങനെ തയ്യാറാക്കികോളൂ

Prawn Curry Easy Recipe Without Coconut: തേങ്ങയും തേങ്ങാപ്പാലും ചേർക്കാതെ തന്നെ കുറുകിയ ചാറോടെ അടിപൊളി മീൻ കറി തയാറാക്കാനാവും. മീൻ മാത്രമല്ല കേട്ടോ ചെമ്മീനും ഇതേ രുചിയിൽ തയ്യാറാക്കാൻ സാധിക്കും. വളരെ എളുപ്പത്തിൽ ഇതെങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.

Prawn Curry Recipe: തേങ്ങ അരയ്ക്കാതെ കുറുകിയ ചാറോടെ ചെമ്മീൻ കറിവയ്ക്കാം; മീനും ഇങ്ങനെ തയ്യാറാക്കികോളൂ
Represental Image (Credits: Social Media)
neethu-vijayan
Neethu Vijayan | Published: 22 Nov 2024 12:08 PM

തേങ്ങയില്ലാതെ മലയാളികളുടെ അടുക്കളയിൽ വിഭവങ്ങൾ പൂർണമാകില്ല. എന്നാൽ തേങ്ങയുടെ ഇപ്പോഴത്തെ വില നമുക്ക് താങ്ങാവുന്നതിലും അധികമാണ്. ഉച്ചയൂണിന് സമയമാകുമ്പോൾ ഇനി വേവലാതിപെടേണ്ട. തേങ്ങ അല്പം പോലും ഇല്ലാതെ കറിവച്ചാലോ.. തേങ്ങ അരക്കാതെ കുറുകിയ ചാറോടെ നല്ല മീൻകറി വയ്ക്കാം. തേങ്ങയും തേങ്ങാപ്പാലും ചേർക്കാതെ തന്നെ കുറുകിയ ചാറോടെ അടിപൊളി മീൻ കറി തയാറാക്കാനാവും. മീൻ മാത്രമല്ല കേട്ടോ ചെമ്മീനും ഇതേ രുചിയിൽ തയ്യാറാക്കാൻ സാധിക്കും. വളരെ എളുപ്പത്തിൽ ഇതെങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.

ചേരുവകൾ

ചെമ്മീൻ – ഒരു കിലോ

മുളകുപൊടി -2 ടീസ്പൂൺ

മല്ലിപ്പൊടി – രണ്ട് ടേബിൾ സ്പൂൺ

മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ

ചെറിയ ഉള്ളി – 18 എണ്ണം

വെളുത്തുള്ളി – 8

ഇഞ്ചി – ചെറിയ 2 കഷണം

ഉലുവ – കാൽ ടീസ്പൂൺ

പെരുംജീരകം – കാൽ ടീസ്പൂൺ

വെളിച്ചെണ്ണ – രണ്ട് ടേബിൾ സ്പൂൺ

കറിവേപ്പില – കുറച്ച്

കടുക് – ഒരു ടീസ്പൂൺ

ഉണക്കമുളക് – രണ്ടെണ്ണം

പുളി – നെല്ലിക്ക വലുപ്പത്തിൽ

പച്ചമുളക് – രണ്ടെണ്ണം

ചെറിയ തക്കാളി – ഒന്ന്

തയാറാക്കുന്ന വിധം

ഒരു പാനിൽ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് കാൽ ടീസ്പൂൺ ഉലുവയും കാൽ ടീസ്പൂൺ പെരുംജീരകവും ഇട്ട് ചെറുതായിട്ട് മൂപ്പിച്ചെടുക്കുക. അതിനുശേഷം, ഇതിലേക്ക് 14 ചെറിയയുള്ള അരിഞ്ഞതും ഒരു ചെറിയ കഷണം ഇഞ്ചിയും അഞ്ചോ ആറോ വെളുത്തുള്ളിയും ഇട്ട് നന്നായി വഴറ്റിയെടുക്കുക. ശേഷം രണ്ട് ടേബിൾ സ്പൂൺ മല്ലിപ്പൊടിയും രണ്ട് ടീസ്പൂൺ മുളകുപൊടിയും അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഇട്ട് ചെറിയ തീയിൽ കരിയാതെ മൂപ്പിക്കുക. പൊടിമണം മാറുന്നത് വരെ മൂപ്പിക്കാം. പിന്നീട് ഇതിൻ്റെ ചൂടാറുമ്പോൾ നല്ല പേസ്റ്റ് രൂപത്തിൽ അരച്ച് മാറ്റാം. ചെറിയൊരു നെല്ലിക്ക വലുപ്പത്തിൽ പുളി വെള്ളത്തിലിട്ടു മാറ്റി വയ്ക്കണം.

ഇനി ഒരു നല്ല കുഴിഞ്ഞ മൺചട്ടി എടുത്തതിന് ശേഷം അത് ചൂടായി വരുമ്പോൾ അരച്ചുവച്ച മിശ്രിതം ഇതിലേക്ക് ഒഴിച്ച് കുറച്ച് വെള്ളം കൂടി ചേർത്ത് നന്നായി ഇളക്കുക. ഇതിന്റെ കൂടെ തന്നെ പച്ചമുളകും, തക്കാളി അരിഞ്ഞതും, പുളി വെള്ളവും ചേർത്ത് നന്നായി തിളപ്പിക്കാം. തിളച്ചു കഴിഞ്ഞാൽ ഉപ്പു നോക്കിയതിനുശേഷം (ആവശ്യമെങ്കിൽ വീണ്ടും ചേർക്കുക) ചെമ്മീൻ കഷണങ്ങൾ അതിലേക്ക് ഇട്ടു കൊടുക്കാം. ചെമ്മീൻ പൊടിഞ്ഞുപോകാതെ ഒന്ന് ഇളക്കി കൊടുക്കുക (ഇത് അരപ്പ് പിടിക്കാൻ സഹായിക്കും). മീൻ നന്നായി വെന്തു കഴിഞ്ഞാൽ തീ ഓഫ് ചെയ്തു വാങ്ങി വയ്ക്കാം.

മറ്റൊരു പാനിൽ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് ഒരു ടീസ്പൂൺ കടുക് ഇട്ട് പൊട്ടിക്കുക. ഇതിലേക്ക് രണ്ട് ഉണക്കമുളകും നമ്മൾ നേരത്തെ അരിഞ്ഞുവെച്ച ഇഞ്ചിയും വെളുത്തുള്ളിയും ചെറിയ ഉള്ളിയും കറിവേപ്പിലയും ചേർത്ത് നന്നായി താളിച്ചെടുക്കുക. ശേഷം ഇത് നേരത്തെ തയാറാക്കി വച്ച കറിയിലേക്ക് ഒഴിച്ചു കൊടുക്കാം. സ്വാദിഷ്ടമായ ചെമ്മീൻ കറി ഉച്ചയൂണിന് വിളമ്പാം.