Onam 2024: പൂവിളി പൂവിളി പൊന്നോണമായി, ഓണം കൊള്ളലും പൂവടയും
Onam 2024: തിരുവോണ നാളിൽ തൃക്കാരപ്പന് പൂവട നേദിച്ചതിന് ശേഷമാണ് ഓണാഘോഷങ്ങൾക്ക് തുടക്കമാകുന്നത്. ഈ അട തന്നെയാണ് ഓണനാളിലെ പ്രാതൽ വിഭവും.
ഓണത്തെ വരവേൽക്കാനുള്ള തിരക്കിലാണ് മലയാളികൾ. ഓണസദ്യയ്ക്കെന്നത് പോലെ ആചാരങ്ങൾക്കുംഅനുഷ്ഠാനങ്ങൾക്കും വിഭവങ്ങൾക്കും തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വ്യത്യാസമുണ്ട്. മഹാബലിയെ തൃക്കരപ്പനും ഓണത്തപ്പനുമായി കാണുന്ന മലനാട്ടിൽ തിരുവോണത്തിന് ഓണംകൊള്ളൽ ചടങ്ങുനടക്കണമെങ്കിൽ പൂവട വേണം. തിരുവോണ നാളിലെ പ്രാതലിനും പൂവട തന്നെയാണ് ഭക്ഷണം. ഉത്രാട പാച്ചിൽ കഴിഞ്ഞാൽ പിന്നെ ഓണം കൊള്ളാനുള്ള തിരക്കിലാകും കാരണവന്മാർ.
മഹാബലി തമ്പുരാനെ വീട്ടിലേക്ക് ആനയിച്ച് പൂജിക്കുന്ന ചടങ്ങാണ് ഓണം കൊള്ളൽ. തിരുവോണ ദിനത്തിൽ പുലർച്ചെ സൂര്യൻ ഉദിക്കുന്നതിന് മുമ്പായാണ് ഓണംകൊള്ളേണ്ടത്. കുളിച്ച് ശുദ്ധിയായി വീട്ടിലെ പുരുഷന്മാരോ സ്ത്രീകളോ ആണ് ഓണം കൊള്ളുക. ചാണകം മെഴുകിയ തറയിൽ തൂശനിലയിട്ട് അതിന് മുകളിൽ തടുക്കുപലക വച്ച് വീണ്ടും ഇലയിട്ടാണ് തൃക്കാക്കരയപ്പനെ വയ്ക്കുക. ഭംഗി വരുത്താനായി തൃക്കാക്കരയപ്പന് മുകളിൽ അരിമാവ് തൂകും. തുമ്പപ്പൂവും തുളസിപ്പൂവും ചെത്തിപ്പൂവും ചുറ്റും വിതറും. പിന്നെ കിഴക്ക് ദർശനത്തിൽ ഇലയിട്ട് നാളികേരം ഉടച്ച് രണ്ടു വശത്തും വയ്ക്കും. ഈ ഇലയിലും തുമ്പപ്പൂ ഉണ്ടാകും.
ഈ സമയം അടച്ചിട്ട കതകിന് പിന്നിലുള്ള സ്ത്രീകൾ മാവേലി വന്നോ വന്നോയെന്ന് വിളിച്ച് ചോദിക്കും. ഓണം കൊള്ളുന്നയാൾ മാവേലി വന്നെന്ന് പറയുമ്പോൾ അകത്തുള്ളവർ പുറത്തേക്ക് വരും. ഉച്ചത്തിൽ കുരവയിട്ട് പൂവിളി നടത്തും. കയ്യിലെ തളികയിൽ ഓണത്തപ്പനുള്ള നിവേദ്യങ്ങളുമുണ്ടാകും. അവലും മലരും പൂവടയും ഏത്തപ്പഴവുമാണ് തളികയിൽ ഉണ്ടാകുക
പൂവട
പൂവടയ്ക്കുള്ള ഉണക്കലരി തലേദിവസമേ കുതിർക്കാനിടും. തിരുവോണ നാളിൽ പുലർച്ചെയാണ് അട തയ്യാറാക്കുക. അരിമാവ് ഇലയിൽ ഒട്ടിപിടിക്കാതിരിക്കാനായി അരയ്ക്കുമ്പോൾ വെണ്ണ ചേർക്കും. ശർക്കര പാനി തയ്യാറാക്കി അതിലേക്ക് തേങ്ങ ചിരകിയത് ചേർത്ത് വരട്ടി മധുരക്കൂട്ട് തയ്യാറാക്കും. ഇലയിൽ പരത്തുന്ന അരിമാവിലേക്ക് ഈ കൂട്ടും വയക്കും. പൂവടയിൽ ഏലയ്ക്കായോ ജീരകം പൊടിച്ചതോ ചേർക്കാറില്ല. ഏത്തവാഴയുടെ ഇലയാണ് പൂവടയ്ക്ക് ഉപയോഗിക്കുക. ആവി കേറുമ്പോൾ അട മനം മയക്കുന്ന മണം അടുക്കള വിട്ടു പുറത്തേക്കു വിരുന്നിനു പോകും.
ചില സ്ഥലങ്ങളിൽ അരിപ്പൊടിയിലാണ് പൂവട തയ്യാറാക്കുന്നത്. ഏത്തപ്പഴവും ശർക്കരയും തേങ്ങയും ഒരുമിച്ച് ചേർത്ത് വാഴയിലയിൽ പരത്തി ആവിയിൽ വേവിച്ചാണ് ഇവിടങ്ങളിൽ അട തയ്യറാക്കുന്നത്. ഓണത്തിന് രാവിലെ ഓണത്തപ്പന് നേദിച്ച പൂവടയും പഴം നുറുക്കുമാണ് ആളുകൾ ഭക്ഷണമായി കഴിക്കുക. ഓണം എല്ലാർക്കുമുള്ളതെന്ന വിശ്വാസമാണുള്ളത്. അതുകൊണ്ട് തന്നെ വീടിന് ചുറ്റുമുള്ള ജീവികൾക്ക് കൂടിയുള്ള പ്രഭാത ഭക്ഷണം കൂടിയായാണ് തൃക്കാരപ്പനടുത്ത് പൂവട തളികയിൽ വയ്ക്കുന്നത്. ഓണത്തിന് രാവിലെ പൂവട നോക്കിയാൽ കാണാം ചുറ്റുമിരിക്കുന്ന ഉറുമ്പിൻ കൂട്ടങ്ങളെ…
ചില സ്ഥലങ്ങളിൽ മാവേലി എത്തിയതിന്റെ അടയാളമായി ജനലുകളിലും വാതിലുകളിലും കെെ മാവിൽ മുക്കി പതിപ്പിക്കും.
പൂവട തയ്യാറാക്കുന്ന വിധം
1. വറുത്ത അരിപ്പൊടി – 1 കപ്പ്
2. ചൂടുവെള്ളം – ആവശ്യത്തിന്
3. തേങ്ങയും ശർക്കരയും– പാകത്തിന്
4. ഉപ്പ്- ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
അരിപ്പൊടി ഉപ്പു ചേർത്ത ചൂടുവെള്ളം ചേർത്ത് നന്നായി കുഴച്ചെടുക്കുക. വാഴ ഇല വാട്ടിയ ശേഷം അരിപ്പൊടി കുഴച്ചത് വച്ചു വിരലുകൾ അമർത്തി മെല്ലേ പരത്തി എടുക്കണം. നടുവിലായി ശർക്കരയും തേങ്ങയും വച്ച ശേഷം ഇല മടക്കി അരികുകൾ വിരൽ കൊണ്ട് അമർത്തി ഒട്ടിക്കുക. ഈ അട 20 മിനിറ്റോളം ആവിയിൽ വേവിച്ചെടുക്കണം. മണം പുറത്തേക്ക് വരുമ്പോൾ വാങ്ങി വയ്ക്കാം.