Onam 2024: ആരോഗ്യം മുഖ്യം ബിഗിലേ..! ഓണത്തിന് ഹെൽത്തി മധുരമായാലോ; മത്തങ്ങാ പായസം കൊതിപ്പിക്കും രുചിയിൽ
Onam 2024: ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് മത്തങ്ങ. ശരീരത്തിനാവശ്യമായ ആന്റി ഓക്‌സിഡന്റുകളും വിറ്റാമിനുകളും ധാതുകളുമെല്ലാം മത്തങ്ങയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഈ ഓണത്തിന് അടപ്രഥമനും പഴ പ്രഥമനും പകരം മത്തങ്ങ കൊണ്ടൊരു വൈററ്റി പായസം ഉണ്ടാക്കി നോക്കിയാലോ.
ഓണം മലയാളികൾക്കെന്നും ആഘോഷത്തിന്റേതാണ്. തൂശനിലയിലെ സദ്യയിൽ ഉൾപ്പെടെ വൈവിധ്യങ്ങൾ നിറയാറുണ്ട്. ഇത്തവണത്തെ ഓണത്തിന് ഇത്തിരി വൈററ്റി പായസമായാലോ? ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് മത്തങ്ങ. ശരീരത്തിനാവശ്യമായ ആന്റി ഓക്‌സിഡന്റുകളും വിറ്റാമിനുകളും ധാതുകളുമെല്ലാം മത്തങ്ങയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഈ ഓണത്തിന് അടപ്രഥമനും പഴ പ്രഥമനും പകരം മത്തങ്ങ കൊണ്ടൊരു വൈററ്റി പായസം ഉണ്ടാക്കി നോക്കിയാലോ..എങ്ങനെയാണ് മത്തങ്ങ പായസം തയ്യാറാക്കുന്നതെന്ന് നോക്കാം…
ചേരുവകൾ…
1. നന്നായി വിളഞ്ഞ മത്തങ്ങ വൃത്തിയാക്കി കഷ്ണങ്ങളാക്കിയത്- 500 ഗ്രാം
2.ശർക്കര- 250 ഗ്രാം ഉരുക്കി പാനിയാക്കിയത്
3.ഒരു വലിയ തേങ്ങയുടെ ഒന്നാം പാലും രണ്ടാം പാലും
4.നെയ്യ് – 50 ഗ്രാം
5.തേങ്ങാ കൊത്ത് – 4 ടീസ്പൂൺ
6.അണ്ടിപ്പരിപ്പ്, മുന്തിരി ആവശ്യത്തിന്
7.ഏലയ്ക്കാ പൊടി, ചുക്ക് പൊടി, ജീരക പൊടി ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം…
പഴുത്ത മത്തൻ തൊലി കളഞ്ഞ ശേഷം കുരുനീക്കി ചെറിയ കഷ്ണങ്ങളാക്കി നുള്ള് ഉപ്പും ചേർത്ത് വേവിച്ചെടുക്കുക. വെന്ത ശേഷം തവി കൊണ്ട് ഉടച്ചെടുക്കുകയോ മിക്‌സിയിൽ ഒന്ന് അടിച്ചെടുക്കുകയോ ചെയ്യുക. ഉരുളി അടുപ്പത്ത് വച്ച് ചൂടാക്കി അതിലേക്ക് അൽപം നെയ്യ് ഒഴിക്കുക. ഇതിലേക്ക് വേവിച്ച മത്തൻ ചേർക്കുക. കുറുകി വരുന്ന സമയത്ത് മത്തനിലേക്ക് ശർക്കര പാനി ചേർക്കുക. നന്നായി യോജിപ്പിച്ചതിന് ശേഷം തേങ്ങയുടെ രണ്ടാം പാൽ ചേർത്ത് കുറുക്കിയെടുക്കുക. ശേഷം ഒന്നാം പാല് ചേർത്തിളക്കി വാങ്ങുക. ഇതിലേക്ക് നെയ്യിൽ വറുത്തെടുത്ത തേങ്ങാ കൊത്തും അണ്ടിപരിപ്പും മുന്തിരിയും ചേർക്കാം. കൂടെ മുകളിൽ പറഞ്ഞിരിക്കുന്ന പൊടികളും ചേർത്ത് വാങ്ങാം. കൊതിയൂറും മത്തങ്ങ പായസം തയ്യാറായി.