Beef Stew Recipe: ഇത്തവണ വെറെെറ്റിയാക്കാം; അപ്പത്തിനോടൊപ്പം ബീഫ് സ്റ്റ്യൂ, ഇതാ രുചിക്കൂട്ട്
Appam and beef stew Recipe: സൂപ്പർ രുചിയിൽ ഈ ക്രിസ്മസിന് ബീഫ് സ്റ്റ്യൂ തയ്യാറാക്കിയാൽ അപ്പത്തിന്റെ കൂടെ കഴിക്കാം. എളുപ്പത്തിൽ എങ്ങനെയാണ് ഇത് ഉണ്ടാക്കുന്നതെന്ന് നോക്കാം..
കേരളത്തോളം വ്യത്യസ്തമായ ഭക്ഷണ രുചികളുള്ള മറ്റ് ഏത് സംസ്ഥാനമുണ്ട് ഈ രാജ്യത്ത്. ഓണത്തിനും ക്രിസ്മസിനും വിഷുവിനും റംസാനും ബക്രീദിനുമെല്ലാം തനത് വിഭവങ്ങളോരുക്കി നാം അതിഥികളെ സ്വീകരിക്കാറുണ്ട്. ഓണത്തിനും വിഷുവിനും സദ്യയാണെങ്കിൽ മറ്റ് ആഘോഷങ്ങളിൽ വറുത്തതും പൊരിച്ചതും ഒന്നുമില്ലാതെ മലയാളിക്ക് ചോർ ഇറങ്ങില്ല. ഈ ക്രിസ്മസിന് ബീഫ് സ്റ്റ്യൂവും അപ്പവും ഉണ്ടാക്കി നോക്കിയാലോ?
ബീഫ് സ്റ്റ്യൂ
ആവശ്യമായ ചേരുവകൾ
ബീഫ് – 1 കിലോ
വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
ഉലുവ – 1 നുള്ള്
ഇഞ്ചി ചതച്ചത് – 2 ടീസ്പൂൺ
വെളുത്തുള്ളി ചതച്ചത് – 1 ടീസ്പൂൺ
പച്ചമുളക് – 8 എണ്ണം
കറിവേപ്പില – 1 തണ്ട്
മല്ലിപ്പൊടി – 2 ടീസ്പൂൺ
കുരുമുളക് – 1/2 ടീസ്പൂൺ
ഗരം മസാല – 1/2 ടീസ്പൂൺ
പെരും ജീരകം – 1/2 ടീസ്പൂൺ
നാരങ്ങാനീര് – 1 ടേബിൾ സ്പൂൺ
തൈര് – 1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
ഉരുളക്കിഴങ്ങ് – 3 എണ്ണം
കാരറ്റ് – 2 എണ്ണം
തേങ്ങ ചിരകിയത് – 3 1/2 കപ്പ് (തേങ്ങ പാൽ പിഴിഞ്ഞെടുക്കാൻ)
വെള്ളം – 3/4 കപ്പ് + 1 കപ്പ്
മല്ലിയില – 1 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
കുക്കർ ചൂടാവുമ്പോൾ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ഉലുവ പൊട്ടികഴിയുമ്പോൾ സവാള വഴറ്റി എടുക്കുക. ബ്രൗൺ നിറമാകാതെ വേണം വഴറ്റി എടുക്കാൻ. ഉള്ളി വാടി കഴിയുമ്പോൾ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് രണ്ട് മിനിറ്റ് ഇളക്കി കൊടുക്കുക. മല്ലിപൊടി, കുരുമുളക് പൊടി, ഗരംമസാല, പെരുംജീരകം എന്നിവ ചേർത്ത് കൊടുക്കുക. മസാല മൂത്ത് കഴിയുമ്പോൾ കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന ബീഫ് ചേർത്തു കൊടുക്കുക. ബീഫിലേക്ക് തെെരും നാരങ്ങാ നീരും ഉപ്പും ചേർത്ത് കൊടുക്കാൻ മറക്കരുത്. ശേഷം ഒന്ന് ഇളക്കി കൊടുത്തതിന് ശേഷം വലിയ കഷ്ണങ്ങളാക്കി മുറിച്ച് വച്ചിരിക്കുന്ന ഉരുളക്കിഴങ്ങും കാരറ്റും ചേർക്കുക. ഇതിലേക്ക് തേങ്ങയുടെ രണ്ടാം പാൽ ചേർത്ത് മീഡിയം ഫ്ലേമിൽ 6 വിസിൽ വരുന്ന വരെ ബീഫ് അടച്ചുവച്ച് വേവിക്കുക. ശേഷം തീ ഓഫ് ചെയ്ത് 10 മിനിറ്റിന് ശേഷം മൂടി തുറന്ന് ഒന്നാം പാൽ കൂടെ ചേർക്കുക. ആവശ്യമെങ്കിൽ പച്ചവെളിച്ചെണ്ണവും കറിവേപ്പിലയും തൂവാം…
സ്വാദിഷ്ടമായ ബീഫ് സ്റ്റ്യൂ റെഡി.
ALSO READ: കള്ളപ്പം, ബീഫ് കറി, കട്ട്ലെറ്റ്; ക്രിസ്മസ് ദിനത്തിലെ പ്രഭാതഭക്ഷണത്തിൻ്റെ രൂചികൂട്ട്
പൂപ്പോലത്തെ അപ്പം
ചേരുവകൾ
പച്ചരി – 2 കപ്പ്
തേങ്ങ – 1 കപ്പ്
ചോറ് – 2 ടീസ്പൂൺ
പഞ്ചസാര – 2 ടേബിൾ സ്പൂൺ
യീസ്റ്റ് – ഒരു നുളള്
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പച്ചരി നന്നായി വെള്ളത്തിൽ കുതിർത്ത ശേഷം വെളളം വാർത്തെടുക്കുക. ഇതിലേക്ക് ചിരകി വച്ചിരിക്കുന്ന തേങ്ങയും ചോറും ചേർത്ത് നന്നായി അരച്ചെടുക്കുക. ഈ മാവ് അടികട്ടിയുള്ള ഒരു ചരുവത്തിലേക്ക് മാറ്റണം. ശേഷം പഞ്ചസാരയും യീസ്റ്റും കലക്കി മിശ്രിതം ചേർത്ത് 8-10 വരെ മാവ് പൊങ്ങാനായി വയ്ക്കണം. അപ്പം ഉണ്ടാക്കുന്നതിന് മുമ്പായി ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി എടുക്കണം. അപ്പച്ചട്ടി ചൂടാവുമ്പോൾ ആവശ്യത്തിന് മാവൊഴിച്ച് വട്ടത്തിൽ ചുറ്റിയെടുക്കണം. ശേഷം മൂടിവച്ച് വേവിക്കുക. ഒരു മിനിറ്റിന് ശേഷം ഇത് തുറന്ന് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം.