Beard Dandruff: താടിയിൽ താരനോ? പരിഹാരമുണ്ട്; ഞൊടിയിടയിൽ ഇല്ലാതാക്കാൻ ഇതാ വഴികൾ
How To Get Rid Of Beard Dandruff: ശരിയായ പരിചരണവും ദിനചര്യയും ഉപയോഗിച്ച്, നിങ്ങൾക്ക് താടിയിലെ താരൻ എന്നെന്നേക്കുമായി നീക്കം ചെയ്യാൻ സാധിക്കുന്നതാണ്. ആരോഗ്യകരമായ ചർമ്മത്തിന് എന്നതുപോലെ, നല്ല ഭക്ഷണക്രമവും ഉറക്കവും നിങ്ങളുടെ താടിക്കും നല്ലതാണ്.

കട്ടിയുള്ള നല്ല താടി ഏത് പുരുഷന്മാരാണ് ആഗ്രഹിക്കാത്തത്. താടി ഇല്ലാത്തവർ അത് വളർത്താൻ ഒരുപാട് കഷ്ടപെടാറുണ്ട്. എന്നാൽ ഉള്ളവർ വൃത്തിയായും വേണ്ടരീതിയിലും പരിചരിച്ചില്ലെങ്കിൽ അത് നിങ്ങൾക്ക് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. ഇത്തരത്തിൽ വേണ്ട പരിചരണം നൽകാത്ത മിക്കവരിലും താരനും അതോടൊപ്പം വരുന്ന ചൊറിച്ചിലും സാധാരണമാണ്. മുടിയിൽ താരൻ വന്നാൽ അത് നീക്കം ചെയ്യാൻ നമ്മൾ പല വഴികളും നോക്കാറുണ്ട്. അതിന് വിപണിയിൽ പല ഉല്പന്നങ്ങളും ലഭ്യമാണ്. എന്നാൽ താടിയിലുണ്ടാകുന്ന താരന് ഫലപ്രദമായ ഉൽപ്പന്നങ്ങൾ വളരെ അപൂർവമായി മാത്രമേ കണ്ടെത്താൻ കഴിയൂ.
താടിയിലെ താരൻ തീർച്ചയായും ഒരു പ്രശ്‌നമാണ്, അത് നിങ്ങളുടെ ആത്മവിശ്വാസം ഇല്ലാതാക്കുന്ന ഒന്നാണ്. എന്നാൽ ശരിയായ പരിചരണവും ദിനചര്യയും ഉപയോഗിച്ച്, നിങ്ങൾക്ക് താടിയിലെ താരൻ എന്നെന്നേക്കുമായി നീക്കം ചെയ്യാൻ സാധിക്കുന്നതാണ്. താരനുണ്ടാകുന്നതിലൂടെ ചൊറിച്ചിൽ, അടർന്നുപോകുന്ന ചർമ്മം, താടിയിൽ വെളുത്ത നിറത്തിലുള്ള അടരുകൾ എന്നിവ കാണപ്പെടുന്നു. തലയോട്ടിയിലെ താരൻ ഉള്ളവർക്ക് പലപ്പോഴും താടിയുടെ കാര്യത്തിലും ഇതേ പ്രശ്‌നമുണ്ട്. സെബോറെഹിക് ഡെർമറ്റൈറ്റിസ് എന്നും അറിയപ്പെടുന്ന താടിയിലെ താരൻ പലപ്പോഴും ശുചിത്വക്കുറവ് മൂലം ഉണ്ടാകുന്നതായി കരുതപ്പെടുന്നു. എന്നാൽ ഈ അവസ്ഥയ്ക്ക് കാരണം മലസീസിയ എന്ന ചർമ്മത്തിലെ യീസ്റ്റിൻ്റെ വളർച്ചയാണ്.
നിങ്ങൾക്ക് വിപണിയിൽ സാധാരണ താരനുള്ള ഷാംപൂകൾ ലഭിക്കും. ഷാംപൂ ഉപയോഗിച്ച് താടി കഴുകുന്നത് ആന്റിഫംഗൽ, ഫംഗസും യീസ്റ്റും വളരുന്നത് തടയും. സെലിനിയം സൾഫൈഡും പൈറിത്തിയോൺ സിങ്കും അടങ്ങിയ ഷാംപൂകളും ഇതിന് സഹായിക്കും. ഇവ നിങ്ങളുടെ ചിക്തസയ്ക്ക് അതീതമാണെങ്കിൽ ഒരു ഡോക്ടറെ സമീപിക്കാവുന്നതാണ്. താടിയിലെ താരൻ തടയുന്നതിന് നിങ്ങളുടെ താടിയിൽ ഈർപ്പം നിലനിർത്തേണ്ടത് പ്രധാനമാണ്. താടിയിൽ ഉപയോഗിക്കാവുന്ന എണ്ണകൾ, അല്ലെങ്കിൽ ആർഗൻ ഓയിൽ പോലുള്ള ഏതെങ്കിലും നോൺ-കോമഡോജെനിക് ഓയിൽ (നിങ്ങളുടെ സുഷിരങ്ങൾ അടയാത്ത ഒന്ന്) ഇതിനായി തിരഞ്ഞെടുക്കാം.
താരൻ ഇല്ലാത്ത ആരോഗ്യകരമായ താടി നിലനിർത്താൻ ഒരു നല്ല ദിനചര്യ പിന്തുടരാം. നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് താടി പതിവായി വെട്ടിമാറ്റേണ്ടത് പ്രധാനമാണ്. എല്ലാ ദിവസവും സൗമ്യമായ ക്ലെൻസർ ഉപയോഗിച്ച് താടി വൃത്തിയാക്കുക, തുടർന്ന് മോയ്‌സ്ചറൈസർ ഉപയോഗിക്കുക. മൃദുവായ എക്സ്ഫോളിയേഷൻ നല്ലതാണ്. എന്നിരുന്നാലും, അത് അമിതമാക്കരുത്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ എക്സ്ഫോളിയേറ്റ് ചെയ്യാം. കൂടാതെ, മുഖം കഴുകുന്നതുപോലെ താടി കഴുകാൻ മറക്കരുത്. കാലാവസ്ഥാ മാറ്റം നിങ്ങളുടെ താടിയുടെ ആരോഗ്യത്തെയും ബാധിച്ചേക്കാം. ഉദാഹരണത്തിന്, ശൈത്യകാലത്ത്, നിങ്ങളുടെ ചർമ്മം വരണ്ടുപോകും, അതിനാൽ മോയ്‌സ്ചറൈസിംഗും ജലാംശവും നിലനിർത്തുക. കൂടാതെ ആരോഗ്യകരമായ ചർമ്മത്തിന് എന്നതുപോലെ, നല്ല ഭക്ഷണക്രമവും ഉറക്കവും നിങ്ങളുടെ താടിക്കും നല്ലതാണ്.