Karkidaka Vaavubali: കര്‍ക്കടക വാവുബലി നാളെ; വീട്ടിൽ ബലിയിടുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Karkidaka Vaavubali at Home: കർക്കടക വാവ് ദിവസം പൂർവികരെ സ്മരിച്ചു ബലി തർപ്പണം ചെയ്താൽ സർവ്വ ഐശ്വര്യങ്ങളും വന്നുചേരും എന്നാണ് വിശ്വാസം.
കർക്കടക മാസത്തിലെ കറുത്ത വാവ് ദിവസമാണ് കർക്കടക വാവായി ആചരിക്കുന്നത്. കർക്കടക വാവ് ദിവസം ബലിതർപ്പണം നടത്തിയാൽ പിതൃക്കൾക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. വിശ്വാസത്തോടെ പിതൃകർമം ചെയ്താൽ നമ്മൾ ചെയ്യുന്ന ഏതൊരു പ്രവർത്തിക്കും അനുകൂല ഫലം ഉണ്ടാവുമെന്ന് പറയപ്പെടുന്നു.
ശ്രാദ്ധ കർമങ്ങളെ കുറിച്ച് പറയുമ്പോൾ ഒരു ചൊല്ലുണ്ട് , ” ഇല്ലം വല്ലം നെല്ലി” ഈ സ്ഥലങ്ങളിൽ ബലി ഇടുന്നതാണ് ഏറ്റവും ഉത്തമം. ഇല്ലം എന്നാൽ നമ്മുടെ സ്വന്തം വീട്. വല്ലം എന്നാൽ തിരുവല്ലം ക്ഷേത്രവും, നെല്ലി എന്ന് പറയുന്നത് തിരുനെല്ലി ക്ഷേത്രവുമാണ്. ഈ സ്ഥലങ്ങളിൽ വെച്ച് ബലി ഇടുന്നതാണ് ഏറ്റവും ഉത്തമം എന്നാണ് പറയപ്പെടുന്നത്. സ്വന്തം വീട്ടിൽ ബലിയിടുന്നതാണ് ഉത്തമം. മാതാ പിതാക്കള്‍ മരിച്ചവര്‍ മാത്രം അല്ല, എല്ലാവരും ബലി ഇടണം. കാരണം ബലി ഇടുന്നത് മുഴുവന്‍ പിതൃ പരമ്പരയെ കണക്കില്‍ എടുത്തു കൊണ്ടാണ്.
സംസ്കൃത ശ്ലോകങ്ങൾ ചൊല്ലിയാണ് ബലി സമർപ്പിക്കേണ്ടത്. ഈ ശ്ലോകങ്ങളുടെ അർഥം ഉൾക്കൊണ്ട് അത് മനസ്സിൽ സങ്കല്പിച്ചുകൊണ്ടുവേണം ബലി ഇടാൻ. പൊതുവേദിയിൽ പോയി ബലിയിടുമ്പോൾ അവിടെ ഒരുപാട് ആൾക്കാർ ഉണ്ടാവുമെന്നുള്ളത് കൊണ്ടുതന്നെ ആചാര്യൻ പറഞ്ഞു തരുന്ന ശ്ലോകങ്ങൾ നമുക്ക് പൂർണമായി ഉൾക്കൊള്ളാനോ അർഥം മനസ്സിലാക്കാനോ സാധിച്ചെന്നു വരില്ല. അതൊഴിവാക്കാൻ നമ്മുടെ വീട്ടിൽ തന്നെ വളരെ ലളിതമായി ബലിതർപ്പണം നടത്താം.
ബലിയിടാൻ ആവശ്യമായ സാധനങ്ങൾ
1.നിലവിളക്കു
2.കിണ്ടി
3.തൂശനില
4.കാരെള്ള്
5.വെളുത്ത പുഷ്പം, തുളസിപ്പൂവ്, ബലി പൂവ്
6.ചന്ദനം
7.ഉണക്കലരി
എങ്ങനെയാണ് ബലി ഇടേണ്ടത്
ബലി ഇടുന്നതിന്റെ തലേ ദിവസം ഒരിക്കലെടുത്തു വളരെ ഭക്തിപൂർവ്വം വേണം ബലിക്ക് വേണ്ടി തയ്യാറെടുക്കാൻ. വീട്ടുമുറ്റത്തെ തെക്കു കിഴക്കേ മൂലയിൽ വൃത്തത്തിൽ ചാണകം മെഴുകി ഒരു സ്ഥലം ശുദ്ധമാക്കുക. അതിരാവിലെ എഴുന്നേറ്റ് കുളിച്ചു, തലേന്നു എടുത്തുവെച്ച ഉണക്കലരി മുറ്റത്തു വെച്ച് സ്വയം അടുപ്പു കൂട്ടി പാത്രത്തിലിട്ട് വെള്ളം വറ്റിച്ച് വേവിക്കുക. വേവിച്ച അന്നം വാഴയിലയിൽ എടുത്തു വെച്ച് കൂടെ തലേന്നു കരുതിവെച്ച എള്ളും, തുളസിയും, പൂവും നുള്ളിയെടുത്തതും എടുത്തു വയ്ക്കുക. ഇവയൊക്കെക്കൊണ്ട് ചാണകം മെഴുകി ശുദ്ധമാക്കിയ സ്ഥലത്തു വരുക. തുടച്ചു മിനുക്കി വെച്ച വിളക്കിൽ ശുദ്ധമായ നല്ലെണ്ണ ഒഴിച്ച് തിരി കത്തിക്കുക. വിളക്കിന്റെ മുന്ഭാഗത്തായി തൂശനിലയും, ഇടതു സൈഡിലായി കിണ്ടിയും വെക്കുക. ഒന്നോ രണ്ടോ കറുക കൂട്ടി വലതു കൈയിലെ മോതിരവിരലിൽ പവിത്രമായി അണിയുക. ചാണകം മെഴുകിയ തറയിൽ കറുകപ്പുല്ലു വിരിച്ച് കിണ്ടിയിൽ നിന്നും മൂന്നു തവണ വെള്ളം തളിയ്ക്കുക. ഇലയിൽ ചോറു മൂന്നു ഉരുളയാക്കി ഉരുട്ടി, മരണമടഞ്ഞ സകല പൂർവ്വികരേയും മനസ്സിൽ ധ്യാനിച്ച് ഒരു ഉരുള കറുകയിൽ വെയ്ക്കുക. അതിനു മുകളിൽ ഒരു പിടി എള്ളും,രണ്ടോ മൂന്നോ തുളസിയിലയും വെച്ച് കിണ്ടിയിൽ നിന്നും മൂന്നു തവണ തീർത്ഥം തളിയ്ക്കും. അടുത്ത ഉരുള ആദ്യത്തേതിന്റെ അടുത്തും, മൂന്നാമത്തെ ഉരുള നേരത്തെ വെച്ചതിന്റെ മുകളിലും വെക്കുക. അപ്പോഴൊക്കെ എള്ളും,പൂവും വെയ്ക്കുകയും,തീർത്ഥം തളിക്കുകയും ചെയ്യണം. ഒടുവില്‍, വാഴയില നെടുകെ രണ്ടായി കീറി ബലിയിട്ടതിനു ഇരു ഭാഗത്തുമായി കമിഴ്ത്തി ഇടും. തുടർന്ന് കിണ്ടിയിൽ നിന്ന് വെള്ളം തളിച്ച്, പവിത്രം ഊരി, ബലിയിൽ ഇട്ട് നമസ്കരിച്ച് എഴുന്നേൽക്കും. ബലിയിട്ടു കഴിഞ്ഞാല്‍, കിണ്ടിയിലെ വെള്ളമെടുത്ത് ബലിയ്ക്ക് നേരെ അല്പ്പം ദൂരെ മാറി നിന്ന്‍ വെള്ളം കൂട്ടി കൈമുട്ടും. അൽപ നേരം കൈമുട്ടിക്കഴിഞ്ഞാൽ നമ്മെ അത്ഭുതപ്പെടുത്തിക്കൊണ്ട് എവിടെ നിന്നെന്നറിയാതെ ഒന്നോ രണ്ടോ കാക്കകൾ വന്നെത്തി ബലിയെടുക്കും. ഇനി കാക്ക ബലിയെടുക്കാൻ വന്നില്ലെങ്കിൽ ആ അന്നമെടുത്ത് തോട്ടിലോ,പുഴയിലോ ഒഴുക്കും.
READ MORE: ഓണത്തെ കുറിച്ച് എന്തറിയാം? എന്തിനാണ് ഓണം ആഘോഷിക്കുന്നത്?
പിതൃബലി പ്രാര്‍ത്ഥന
ആബ്രഹ്മണോ യേ പിതൃവംശ ജാതാ മാതൃ തഥാ വംശ ഭവാ മദീയാ
വംശ ദ്വയെസ്മിൻ മമ ദാസ ഭൂത ഭൃത്യ തഥൈവ ആശ്രിത സേവകാശ്ച:
മിത്രാണി സഖ്യ പശവശ്ച വൃക്ഷാ ദൃഷ്ടാശ്ചദൃഷ്ടാശ്ച ക്രിതോപകാര
ജന്മാന്തരെ യെ മമ സംഗതാശ്ച തേഭ്യ സ്വയം പിണ്ഡ ബലിം ദദാമി
മാതൃ വംശേ മൃതായെശ്ച പിതൃവംശെ തഥൈവ ച
ഗുരു ശ്വശുര ബന്ധൂനാം യെ ചാന്യേ ബാന്ധവാമൃത
യേ മേ കുലേ ലുപ്ത പിണ്ഡാ പുത്ര ദാരാ വിവർജിതാ
ക്രിയാ ലോപാ ഹതാശ്ചൈവ ജാത്യന്താ പങ്കവസ്ഥതാ
വിരൂപാ ആമഗര്ഭാശ്ചാ ജ്ഞാതാജ്ഞാതാ കുലേ മമ
ഭൂമൗ ദത്തെന ബലിനാ തൃപ്തായാന്തു പരാം ഗതിം
അതീത കുല കുടീനാം സപ്ത ദ്വീപ നിവാസീനാം
പ്രാണീനാം ഉദകം ദത്തം അക്ഷയം ഉപ്തിഷ്ടതു
അര്‍ത്ഥം
ഈ ലോകത്ത് എന്റെ അച്ഛന്റെയും, അമ്മയുടെയും വംശത്തില്‍ ജനിച്ചവരും, ഞാനുമായി നേരിട്ടും,അല്ലാതെയും ബന്ധമുള്ളവര്‍ക്കായും, എന്റെ കഴിഞ്ഞ രണ്ടു ജന്മങ്ങളിലായി എന്റെ ദാസന്മാര്‍ ആയവര്‍ക്കായും, എന്നെ ആശ്രയിച്ചവര്‍ക്കും, എന്നെ സഹായിച്ചവര്‍ക്കും, എന്റെ സുഹൃത്തുക്കള്‍ക്കും,ഞാനുമായി സഹകരിച്ചവര്‍ക്കും, ഞാന്‍ ആശ്രയിച്ച സമസ്ത ജീവജാലങ്ങള്‍ക്കും,
ജന്തുക്കള്‍ക്കും,നേരിട്ടും, അല്ലാതെയും എന്നെ സഹായിച്ച എല്ലാവർക്കും,കഴിഞ്ഞ പല ജന്മങ്ങളായി ഞാനുമായി സഹകരിച്ച എല്ലാവർക്കും വേണ്ടി ഞാന്‍ ഈ അന്നവും, പുഷ്പവും, ജലവും, പ്രാര്‍ഥനയും സമര്‍പ്പിക്കുന്നു. എന്റെ അമ്മയുടെ കുലത്തില്‍ നിന്ന് വേര്‍പെട്ടുപോയ എല്ലാവർക്കും, എന്റെ അച്ഛന്റെ, ഗുരുവിന്റെ, ബന്ധുക്കളുടെ കുലത്തില്‍ നിന്ന് വേര്‍പെട്ടു പോയ എല്ലാവർക്കും, കഴിഞ്ഞ കാലത്തില്‍ പിണ്ഡ സമര്‍പ്പണം സ്വീകരിക്കാന്‍ കഴിയാതിരുന്ന എല്ലാവർക്കും, മക്കളോ, ഭാര്യയോ, ഭര്‍ത്താവോ ഇല്ലാത്തത് കാരണം വിഷമിക്കേണ്ടി വന്ന എല്ലാവർക്കും, പലവിധ കാരണങ്ങളാല്‍ മറ്റുള്ളവര്‍ക്ക് വേണ്ടി നല്ലത് ചെയ്യുവാന്‍ സാധിക്കാതിരുന്ന എല്ലാവർക്കും, പട്ടിണിയില്‍ ജനിക്കുകയും, ജീവിക്കുകയും, മരിക്കുകയും, ചെയ്ത എല്ലാവർക്കും വേണ്ടിയും, അടുക്കാന്‍ പറ്റാത്തവര്‍ക്ക് വേണ്ടിയും, ആയുസെത്താതെ മരിച്ചവര്‍ക്ക് വേണ്ടിയും, ഈ ലോകം കാണാനാകാതെ അമ്മയുടെ ഗര്‍ഭ പാത്രത്തില്‍ തന്നെ മരിച്ചവര്‍ക്ക് വേണ്ടിയും, എന്റെ അറിവില്‍ പെട്ടതും, അറിയപ്പെടാത്തതുമായ ബന്ധുക്കള്‍ക്കും വേണ്ടിയും, ഞാന്‍ ഈ പ്രാര്‍ഥനയും, അന്നവും, ജലവും പുഷ്പവും സമര്‍പ്പിക്കുന്നു. ഞാന്‍ ഈ ലോകത്തിലുള്ളതെല്ലാം, ഇവരെ അവരുടെ ലോകത്തില്‍ സന്തോഷിപ്പിച്ചു നിർത്തുന്നതിനായി സമര്‍പ്പിക്കുന്നു. ഇവിടെ ജീവിച്ചിരുന്നതായ എല്ലാ ജീവ ജാലങ്ങള്‍ക്കും,ഈ ഏഴു ലോകത്തിലും അനേക ലക്ഷം വര്‍ഷങ്ങള്‍ ഇവിടെ ഉണ്ടായിരുന്ന, ജീവിച്ചിരുന്ന എല്ലാവർക്കും വേണ്ടിയും ഞാന്‍ ഈ പുഷ്പവും, അന്നവും, ജലവും അവരുടെ ആത്മാക്കളുടെ സന്തോഷത്തിനായി സമര്‍പ്പിക്കുന്നു. അവര്‍ അവരുടെ ലോകത്തില്‍ സന്തോഷിച്ചിരിക്കുന്നതിനായും,അവിടെ ഇരുന്നു നമ്മളെ അനുഗ്രഹിക്കുന്നതിനായും ഞാന്‍ ഒരിക്കല്‍ കൂടി ഈ പുഷ്പവും, ജലവും, അന്നവും സമര്‍പ്പിക്കുന്നു..