5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Pregnancy Scanning: വയറ്റിലുള്ള കുട്ടിയുടെ വൈകല്യം മുൻകൂട്ടി എങ്ങനെ തിരിച്ചറിയാം? ഗർഭകാല സ്കാനിങ് ഏതെല്ലാം, എന്തിന്? 

Detect Baby's Disabilities During Pregnancy: ഗർഭകാലത്തെ ആദ്യത്തെ മൂന്ന് മാസം മുതൽ തന്നെ പരിശോധനകളും, ഭക്ഷണവും, മരുന്നുകളും തുടങ്ങി അമ്മയുടെയും കുഞ്ഞിന്റെയും നിലവിലെ ആരോഗ്യസ്ഥിതി അനുസരിച്ച് മനസ്സിലാക്കി ഡോക്ടർമാർ നിർദേശിക്കാറുണ്ട്. അതിൽ ഏറ്റവും അടിസ്ഥാനപരമായ ഒന്ന് തന്നെയാണ് ഈ സ്‌കാനിങ്. പൊതുവെ പല മാസങ്ങളിലായി മൂന്നോ നാലോ സ്‌കാനിങ് ഒരു ഗർഭിണിക്ക് നടത്താറുണ്ട്.

Pregnancy Scanning: വയറ്റിലുള്ള കുട്ടിയുടെ വൈകല്യം മുൻകൂട്ടി എങ്ങനെ തിരിച്ചറിയാം? ഗർഭകാല സ്കാനിങ് ഏതെല്ലാം, എന്തിന്? 
neethu-vijayan
Neethu Vijayan | Published: 29 Nov 2024 15:43 PM

ആലപ്പുഴ ജില്ലയിൽ നവജാത ശിശു അസാധാരണമായ ചില വൈകല്യത്തോടെ ജനിച്ചതാണ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത്. അനീഷ്, സുറുമി ദമ്പതികളുടെ കുഞ്ഞാണ് അസാധാരണ വൈകല്യങ്ങളുമായി പിറന്നുവീണത്. സാധാരണ രൂപത്തിലായിരുന്നില്ല കുഞ്ഞിന്റെ മുഖം. തുറക്കാൻ കഴിയാത്ത വായ, സ്ഥാനം തെറ്റിയ ചെവി, തുറക്കാത്ത കണ്ണ്, ഹൃദയത്തിന് ദ്വാരം കാലിനും കൈക്കും വളവ് തുടങ്ങിയ വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന് സാരമായ വൈകല്യമാണുള്ളതെന്നാണ് ദമ്പതികൾ വ്യക്തമാക്കുന്നത്. സംഭവത്തിൽ നാല് ഡോക്ടർമാർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

കുഞ്ഞിന് വൈകല്യങ്ങളുണ്ടാകുമെന്ന കാര്യത്തിൽ ഡോക്ടർമാർ യാതൊരു സൂചനയും നൽകിയില്ലെന്നാണ് ദമ്പതികൾ പറയുന്നത്. എന്നാൽ ​ഗർഭാവസ്ഥയിൽ തന്നെ കുഞ്ഞിൻ്റെ വൈകല്യങ്ങൾ കണ്ടെത്തി അതിന് വേണ്ട ഉചിതമായ നടപടികൾ സ്വീകരിക്കാൻ സാധിക്കും. അതിനാണ് ​ഗർഭകാലത്ത് സ്കാനിങ്ങുകൾ നടത്തുന്നത്. പല സ്കാനിങ്ങിനും അതിൻ്റേതായ പ്രാധാന്യം ഈ കാലയളവിലുണ്ട്. ഗർഭകാലത്തെ സ്കാനിങ്ങുകൾ ഏതെല്ലാമെന്ന് നോക്കാം.

ഗർഭകാലത്തെ സ്കാനിങ്ങുകൾ ഏതെല്ലാം

  • വയബിലിറ്റി സ്കാൻ
  • എൻടി സ്കാൻ
  • അനോമലി സ്കാൻ
  • ഏഴാം മാസം മുതൽ നാലാഴ്ച കൂടുമ്പോൾ സ്കാനിങ്

എന്നിങ്ങനെയാണ് സാധാരണയായി ഗർഭകാലത്തെ സ്കാനിങ്ങുകൾ. കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിൽ ഈ സമയത്തെ എല്ലാ സ്‌കാനിങ്ങിനും അതിൻ്റേതായ പങ്കുണ്ട്. ഗർഭകാലത്ത് ആദ്യത്തെ മൂന്ന് മാസം മുതൽ തന്നെ പരിശോധനകളും, ഭക്ഷണവും, മരുന്നുകളും തുടങ്ങി അമ്മയുടെയും കുഞ്ഞിന്റെയും നിലവിലെ ആരോഗ്യസ്ഥിതി അനുസരിച്ച് മനസ്സിലാക്കി ഡോക്ടർമാർ നിർദേശിക്കാറുണ്ട്. അതിൽ ഏറ്റവും അടിസ്ഥാനപരമായ ഒന്ന് തന്നെയാണ് ഈ സ്‌കാനിങ്. പൊതുവെ പല മാസങ്ങളിലായി മൂന്നോ നാലോ സ്‌കാനിങ് ഒരു ഗർഭിണിക്ക് നടത്താറുണ്ട്. ഗർഭസ്ഥശിശുവിന് ഏതെങ്കിലും തരത്തിൽ കുഴപ്പങ്ങളുണ്ടോ എന്ന് നേരത്തേ തന്നെ കണ്ടെത്തുന്നതിനായാണ് ഇവ ചെയ്യാറുള്ളത്. ഇനി ഓരോ സ്കാനിങ്ങുകളും എന്തിനെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം.

വയബിലിറ്റി സ്കാൻ

പ്രഗ്നൻസി ടെസ്റ്റ്‌ പോസറ്റിവായി ആറ് ആഴ്ച മുതൽ ചെയ്യുന്ന ആദ്യ സ്കാൻ അമ്മയുടെയും കുഞ്ഞിൻ്റെയും ആരോ​ഗ്യത്തിന് വളരെ പ്രധാനമാണ്. ഭ്രൂണം ഗർഭപാത്രത്തിൽ സുരക്ഷിതമാണോയെന്ന് അറിയാനും ഹൃദയമിടിപ്പ് ഉറപ്പുവരുത്തുവാനും സഹായിക്കുന്നതാണ് ആദ്യ സ്കാനായ വയബിലിറ്റി സ്കാൻ. ചിലരിൽ ഭ്രൂണം ഗർഭാശയത്തിനു പുറത്തു പറ്റിച്ചേർന്നു വളരുന്ന എക്റ്റൊപിക് പ്രഗ്നൻസി അഥവാ ഗർഭാശയേതര ഗർഭത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. ഫലോപ്പിയൻ ട്യൂബുകളിലാണ് ഗർഭമെങ്കിൽ അവ പൊട്ടുകയോ വിച്ഛേദിക്കപ്പെടുകയോ ചെയ്യാൻ സാധ്യതയുണ്ട്. ഇത് മൂലം ആന്തരിക രക്തസ്രാവത്തിനുള്ള സാധ്യത കൂടുതലായതിനാൽ ആറ് ആഴ്ചയിൽ ചെയ്യുന്ന വയബിലിറ്റി സ്കാൻ വളരെ പ്രധാനമാണ്.

എൻടി സ്കാൻ

സാധാരണയായി കുഞ്ഞിന് ഗുരുതരമായ വൈകല്യങ്ങളൊന്നും ഇല്ലെന്ന് ഉറപ്പുവരുത്താനായി 11-13 ആഴ്ചയ്ക്കുള്ളിൽ എൻടി സ്‌കാൻ (Nuchal Translucency scan) നടത്തും. ഇതും അൾട്രാസൗണ്ട് സ്‌കാനിങ് തന്നെയാണ്. ഗർഭപാത്രത്തിനകത്ത് കുഞ്ഞിന്റെ കഴുത്തിന് അടിയിലുള്ള ദ്രവത്തിന്റെ അളവാണ് ഇതിലൂടെ കണക്കാക്കുക. ഈ അളവ് 3.5 ൽ കൂടുതലാണെങ്കിൽ കുഞ്ഞിന് ഹൃദയസംബന്ധമായോ മറ്റോ തകരാറുകളുണ്ടാകാനുള്ള സാധ്യത സൂചിപ്പിക്കുന്നു.

ഡൗൺ സിൻഡ്രേം പോലുള്ള അസുഖങ്ങളും ഈ സ്കാനിലൂടെ അറിയാനാകും. ഇതിന് പുറമേ കുട്ടിയുടെ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, തലയോട്ടിയുടെ വളർച്ച തുടങ്ങിയ കാര്യങ്ങളും എൻടി സ്കാനിലൂടെ കണ്ടുപിടിക്കാനാകും. കുട്ടി ജനിച്ചയുടൻ മരിച്ചുപോകാൻ സാധ്യതയുണ്ടോ എന്നും ഈ സ്കാനിങ്ങിലൂടെ അറിയാൻ സാധിക്കും. ഇതിലൂടെ കുട്ടി ഇരട്ടയാണോ എന്നതും തിരച്ചറിയാൻ കഴിയുന്നതാണ്.

അനോമലി സ്കാൻ

മറ്റ് സ്‌കാനിങ്ങുകൾപോലെ തന്നെ ഗർഭസ്ഥ ശിശുവിന്റെ വൈകല്യങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്ന മറ്റൊരു സ്കാനിങ്ങാണ് അനോമലി സ്‌കാനിങ്. ഇതിനു TIFFA (ടാർഗെറ്റഡ് ഇമേജിങ് ഫോർ ഫീറ്റസ് അനോമലീസ്) സ്‌കാൻ, ലെവൽ II സ്‌കാൻ, 20-വീക്ക് അൾട്രാസൗണ്ട് സ്‌കാൻ എന്ന പേരുകളിലും അറിയപ്പെടുന്നു. അനോമലി സ്‌കാനിങ്ങിലൂടെ കുട്ടിയുടെ അവയവങ്ങളും രൂപവും അടുത്ത് കാണാൻ സാധിക്കുന്നു എന്നത് മറ്റുള്ളവയിൽ നിന്ന് ഈ സ്കാനിങ്ങിനെ വ്യത്യസ്തമാക്കുന്നു. സാധരണയായി ഗർഭകാലത്തിന്റെ 18-20 ആഴ്ചകൾക്കിടയ്ക്കാണ് അനോമലി സ്‌കാൻ ചെയ്യുന്നത്. അതായത് വൈദ്യ ഭാഷയിൽ പറഞ്ഞാൽ രണ്ടാം ട്രിമെസ്റ്ററിൽ. കാരണം, ഈ കാലയളവിലാണ് കുട്ടിയുടെ ശരീരഭാഗങ്ങളും ആന്തരികാവയവങ്ങളും തൊണ്ണൂറ് ശതമാനവും വളരുന്നത്.

ഗർഭസ്ഥ ശിശുവിന്റെ ശാരീരിക വികാസം, വളർച്ച, സ്ഥാനം, വൈകല്യങ്ങൾ എന്നിവ വളരെ സൂക്ഷ്മമായിത്തന്നെ അനോമലി സ്‌കാനിങ്ങിലൂടെ നിരീക്ഷിക്കാവുന്നതാണ്. ഡൗൺ സിൻഡ്രോം പോലെയുള്ള അസുഖങ്ങളും അതുപോലെ ജന്മനാ ഉള്ള ഹൃദ്രോഗങ്ങളിൽ അമ്പത് ശതമാനവും ഇത്തരം സ്‌കാനിങ്ങിലൂടെ കണ്ടെത്താൻ സാധിക്കും.

ഈ സ്കാനിങ്ങിൽ കുഞ്ഞിന്റെ തലച്ചോറ് വളരെ അടുത്ത് കാണുവാൻ സാധിക്കും. അതിലൂടെ തലച്ചോറിൽ ഉണ്ടാകുന്ന അസാധാരണമായ വളർച്ചകളും മറ്റും അനോമലി സ്‌കാനിങ്ങിലൂടെ നമുക്ക് തിരിച്ചറിയാവുന്നതാണ്. നാഡീവ്യൂഹങ്ങൾ, ചെറുനാഡികൾ, എല്ലുകൾ എന്നിവയുടെ നിരീക്ഷണവും ഇതിലൂടെ എളുപ്പമാക്കുന്നു. സ്‌കാനിങ്ങിൽ ഗർഭസ്ഥശിശുവിന് എന്തെങ്കിലും കാര്യമായ തകരാറുകൾ കണ്ടുപിടിക്കുകയാണെങ്കിൽ അതിനു തക്കതായ മരുന്നുകളോ, മാർഗങ്ങളോ, ചികിത്സകളോ ഡോക്ടർമാർക്ക് നിർദേശിക്കാൻ സാധിക്കും.

ഏഴാം മാസം മുതലുള്ള സ്കാനിങ്

ഏഴാം മാസം മുതൽ നാലാഴ്ച കൂടുമ്പോൾ ​ഗർഭിണികൾക്ക് സ്‌കാൻ നിർദേശിക്കുന്നതാണ്. ഇത് കുട്ടിയുടെ വളർച്ച അറിയാൻ കൂടിയുള്ളതാണ്. ബിപി അപ്പാരറ്റസ് ഉപയോഗിച്ച് ലളിതമായ പരിശോധനയിലൂടെ അമിത ബിപി തിരിച്ചറിയാൻ കഴിയും. സാധാരണമായി ഗർഭിണികൾ 28 ആഴ്ച വരെ മാസത്തിൽ ഒരിക്കലും 28 മുതൽ 36 ആഴ്ച വരെ രണ്ടാഴ്ചയിലൊരിക്കലും 36 ആഴ്ചയ്ക്ക് ശേഷം ആഴ്ചയിലൊരിക്കലും പരിശോധനകൾ നടത്തണം. അമിത ബിപി ഉള്ളവരാണെങ്കിൽ പരിശോധന ചിലപ്പോൾ കൂടുതൽ തവണ വേണ്ടിവരുന്നു.