Paracetamol: 24 മണിക്കൂറിൽ നാല് ഗ്രാം പാരസെറ്റാമോൾ; 50 വർഷം ഇരുട്ടിലായിരുന്ന, ആ മരുന്ന് കണ്ടെത്തിയ കഥ
Paracetamol History : ഇത്രയധികം അംഗീകാരം കിട്ടിയ ഒരു അലോപ്പതി മരുന്ന് മറ്റൊന്നുണ്ടാകില്ല. പാരസെറ്റാമോളിന്റെ വേരുകൾ തേടി ചെന്നാൽ നൂറ്റാണ്ടുകളോളം അവഗണിക്കപ്പെട്ടു കിടന്ന ഒരു കഥ കാണാം
ഓരോ വീട്ടിലും ഉപ്പും മുളകും പോലെ കരുതുന്ന മരുന്ന്, യാത്രകളിലെ കരുതലായി കൂടെ കൂട്ടുന്ന ഒന്ന്, രോഗം ശരീരവേദനയായാലും പനിയായാലും ആദ്യം കഴിക്കുന്ന ഗുളിക, അങ്ങനെ ലോകത്തിന്റെ മുഴുവൻ വിശ്വാസമായി മാറിയ മരുന്നാണ് പാരസെറ്റാമോൾ. അമിതമായാൽ അമൃതും വിഷമെന്ന പോലെ കരൾരോഗത്തിനും ചിലപ്പോൾ ജീവഹാനിക്കു വരെ കാരണമാകുന്ന മറ്റൊരു മുഖം കൂടി ഇതിനുണ്ട്. ഇത്രയധികം അംഗീകാരം കിട്ടിയ ഒരു അലോപ്പതി മരുന്ന് മറ്റൊന്നുണ്ടാകില്ല. പാരസെറ്റാമോളിന്റെ വേരുകൾ തേടി ചെന്നാൽ നൂറ്റാണ്ടുകളോളം അവഗണിക്കപ്പെട്ടു കിടന്ന ഒരു കഥ കാണാം
അപ്രതീക്ഷിതം കണ്ടെത്തൽ
50 വർഷത്തോളമായി തെളിയിക്കപ്പെട്ട വിശ്വാസമാണ് പാരാസെറ്റമോൾ. ശാസ്ത്രത്തിലെ പല അത്ഭുത മരുന്നുകളെപ്പോലെ തന്നെ വളരെ അപ്രതീക്ഷിതമായാണ് ഈ മരുന്നും കണ്ടെത്തിയത്. വേദനസംഹാരിയുടെ ഗുണങ്ങളും ആൻ്റിപൈറിറ്റിക് ഗുണങ്ങളും അടങ്ങിയതായി കണ്ടെത്തിയ അനിലിൻ ഡെറിവേറ്റീവാണ് അസെറ്റാനിലൈഡ്. ആ കണ്ടെത്തലിൽ നിന്നാണ് കഥയുടെ തുടക്കം. 1886-ൽ അന്നത്തെ ശാസ്ത്രജ്ഞരായ കാനും ഹെപ്പും ചേർന്ന് ഇതിനെ ആൻ്റി ഫെബ്രിൻ എന്ന പേരിൽ ചികിത്സാരംഗത്തേക്ക് എത്തിച്ചു.
എന്നാൽ ഇതിലെ ചില പാളിച്ചകൾ രോഗികളെ പ്രതികൂലമായി ബാധിക്കുകയും അസ്വസ്ഥതകൾ ഉണ്ടാക്കുകയും ചെയ്തു. ചാൾസ് ഗെർഹാർഡ് എന്ന ഫ്രഞ്ച് രസതന്ത്രജ്ഞൻ 1852-ൽ ഇതിനായുള്ള ശ്രമങ്ങൾ നടത്തിയിരുന്നതായും പറയപ്പെടുന്നു. എന്തായാലും ശ്രമങ്ങൾ പാളിയാലും കാനും ഹെപ്പും കൂടുതൽ പരീക്ഷണങ്ങളുമായി മുന്നോട്ടു പോയി. ഒരേ മരുന്നിനായി ലോകത്തിന്റെ പലഭാഗത്തിരുന്നു പലർ ഒരുപോലെ ചിന്തിക്കുന്നതും ഒരേ കാലത്ത് പരീക്ഷണങ്ങൾ നടത്തുന്നതും അന്നും ഇന്നും പുതിയ കാല്യമല്ല.
പാരസെറ്റാമോളിന്റെ കാര്യത്തിലും ഇത് സംഭവിച്ചിരുന്നു. 1877-ൽ ജോൺ ഹോപ്കിൻ സർവ്വകലാശാലയിലെ രസതന്ത്രജ്ഞനായ ഹാര്‌മോൺ നോർത്രോപ് മോഴ്സും ഇതേ വഴികളിലൂടെ ചിന്തിച്ചിരുന്നു. പാരാ – നൈട്രോഫീനോളും ടിന്നും തമ്മിലുള്ള പ്രവർത്തനഫലമായി അദ്ദേഹത്തിനു പാരസെറ്റാമോളിൻ്റെ പ്രാഥമിക രൂപം അന്ന് ലഭിച്ചു. 1887-ൽ അത് മനുഷ്യൽ പരീക്ഷിച്ചെങ്കിലും മെത്തമോഗ്ലോബിനെമിയ എന്ന രോഗത്തിനു ഇത് കാരണമാകുമെന്ന പേരിൽ പരാസെറ്റാമോളിന്റെ ആദ്യരൂപം തഴയപ്പെട്ടു. വോൺ മെറിങ് എന്ന ശാസ്ത്രജ്ഞനാണ് അന്ന് ഇതിനു വേണ്ടി പിന്നീട് വാദിച്ചത്. പക്ഷെ ആ വാദങ്ങൾ ആരും മുഖവിലയ്ക്കെടുത്തില്ല. ആ മരുന്നുകൂട്ട് മറവിയിലേക്ക് ഇരുട്ടിലേക്ക് മറഞ്ഞത് 50 വർഷത്തോളമാണ്. പിന്നീട് അത് വീണ്ടെടുക്കാൻ അമേരിക്കയിൽ നിന്ന് രണ്ടുപേരെത്തി.
1947-ൽ, ഡേവിഡ് ലെസ്റ്ററും ലിയോൺ ഗ്രീൻബെർഗും പാരസെറ്റമോൾ മനുഷ്യരക്തത്തിലെ അസെറ്റനൈലൈഡിൻ്റെ പ്രധാന മെറ്റാബോലൈറ്റ് ആണെന്നതിന് ശക്തമായ തെളിവുകൾ കണ്ടെത്തി. തുടർന്നുള്ള പഠനത്തിൽ എലികൾക്ക് വലിയ അളവിൽ പാരസെറ്റമോൾ നൽകുന്നത് മെത്തമോഗ്ലോബിനെമിയയ്ക്ക് കാരണമാകില്ലെന്ന് റിപ്പോർട്ട് ചെയ്തു.
ALSO READ : യു.എസിലെ ഇ കോളി അണുബാധയ്ക്ക് പിന്നിൽ ലെറ്റ്യൂസോ? വിദഗ്ധരുടെ വിശകലനം ഇങ്ങനെ
1948-ൽ, ബെർണാഡ് ബ്രോഡി , ജൂലിയസ് ആക്‌സൽറോഡ് , ഫ്രെഡറിക് ഫ്‌ലിൻ എന്നിവർ പാരസെറ്റമോൾ ആണ് മനുഷ്യരിൽ അസറ്റനൈലൈഡിൻ്റെ പ്രധാന മെറ്റാബോലൈറ്റ് എന്ന് സ്ഥിരീകരിക്കുകയും ഒപ്പം ഇതൊരു മികച്ച വേദന സംഹാരിയാണെന്നു ഉറപ്പിക്കുകയും ചെയ്തതോടെ വീണ്ടും ഒരു ആ മരുന്നുകൂട്ടിനു പുനർജീവൻ ലഭിച്ചു. തുടർന്ന് പാരസെറ്റമോൾ, ആസ്പിരിൻ , കഫീൻ എന്നിവയുടെ സംയോജനമായ ട്രയാജെസിക് എന്ന പേരിൽ 1950-ൽ അമേരിക്കയിൽ പാരസെറ്റമോൾ ആദ്യമായി വിപണിയിലെത്തി.
1956-ൽ സ്റ്റെർലിംഗ്-വിൻത്രോപ്പ് കമ്പനി പനഡോൾ എന്ന പേരിൽ പാരസെറ്റമോളിൻ്റെ വിപണനം ആരംഭിച്ചു. കുറിപ്പടി പ്രകാരം മാത്രമേ ലഭ്യമാകൂ, കുട്ടികൾക്കും അൾസർ ഉള്ളവർക്കും സുരക്ഷിതമായതിനാൽ ആസ്പിരിനേക്കാൾ അഭികാമ്യമാണ് എന്നിങ്ങനെയുള്ള വിശ്വാസങ്ങൾ ജനങ്ങൾക്കിടയിൽ അന്ന് ഇതിനെപ്പറ്റി ഉണ്ടായിരുന്നു.
1963-ൽ, ബ്രിട്ടീഷ് ഫാർമക്കോപ്പിയയിൽ പാരസെറ്റമോൾ ചേർക്കപ്പെട്ടു. ചുരുക്കി പറഞ്ഞാൽ 1960 കൾ പാരസെറ്റമോളിന്റെ സുവർണകാലമായിരുന്നു.
അവകാശങ്ങൾ പല കൈ മറിഞ്ഞ് 1988 -ൽ സ്റ്റെർലിംഗ് വിൻട്രോപ്പിനെ ഈസ്റ്റ്മാൻ കൊഡാക്കിലെത്തി. പിന്നീട് അത് 1994-ൽ സ്മിത്ത്ക്ലൈൻ ബീച്ചത്തിലെത്തി. 2009 ജൂണിൽ, ഒരു എഫ്ഡിഎ ഉപദേശക സമിതി യുണൈറ്റഡ് സ്റ്റേറ്റ്സിൽ പാരസെറ്റമോൾ ഉപയോഗത്തിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ശുപാർശ ചെയ്തതാണ് ഇതിനെതിരേ ഉണ്ടായ അടുത്തകാലത്തെ പ്രധാന വെല്ലുവിളി. പിന്നീട് പലഭാഗത്തു നിന്നും പാരസെറ്റാമോളിന്റെ പാർശ്വഫലങ്ങളെപ്പറ്റിയും അപകട സാധ്യതകളെപ്പറ്റിയും പഠനങ്ങൾ വന്നെങ്കിലും കാര്യമായി വിശ്വാസക്കുറവുണ്ടാക്കാൻ അതിനൊന്നുമായില്ല. അതിൽ അടുത്തിടെ പുറത്തു വന്നത് 2022ൽ പുറത്തു വന്നതാണ്.
യൂണിവേഴ്‌സിറ്റി ഓഫ് എഡൻബർഗിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പാരസെറ്റാമോളും ഉയർന്ന രക്തസമ്മർദവും തമ്മിലുള്ള ബന്ധം കണ്ടെത്തിയിരുന്നതായി പറയപ്പെടുന്നു. ഗർഭിണികൾ ആറ് മുതൽ ഒൻപത് മാസം വരെയുള്ള കാലയളവിൽ അമ്മ പാരസെറ്റാമോൾ കഴിച്ചാൽ അവരുടെ കുഞ്ഞുങ്ങളിൽ സംസാര വൈകല്യത്തിന് സാധ്യതയുണ്ടെന്ന് പീഡിയാട്രിക് റിസേർച്ച് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ വ്യക്തമാക്കുന്നതായും പറയപ്പെടുന്നു.
പാരസെറ്റാമോൾ സുരക്ഷിതമാണോ?
ഗുളികകളായും ക്യാപ്‌സൂളുകളും സിറപ്പായും പൗഡറായും എല്ലാം ഇന്ന് ഇന്ന് പാരസെറ്റാമോൾ ലഭ്യമാണ്. 24 മണിക്കൂറിനുള്ളിൽ നാല് ഗ്രാം പാരസെറ്റാമോൾ ആണ് പരമാവധി കഴിക്കാൻ പറ്റുന്ന ഡോസ്. അഞ്ച് ഗ്രാം കഴിക്കുന്നത് കരളിന് പ്രശ്‌നമുണ്ടാക്കും എന്ന് വിദഗ്ധർ പറയുന്നു.
കടുത്ത വേദന, കാൻസർ, ശസ്ത്രക്രിയാനന്തര കാലഘട്ടം, ആർത്തവം, കുട്ടികളിലെ വേദന, സന്ധിവാതം, മുട്ടിനുണ്ടാകുന്ന തേയ്മാനം എന്നിവയ്ക്ക് പാരസെറ്റാമോള ഫലപ്രദമാകില്ലെന്നും വിദഗ്ധർ പറയുന്നു.
ഒരു നൂറ്റാണ്ടുകാലത്തോളമായി പലരൂപത്തിൽ നമ്മോടൊപ്പമുള്ള മരുന്നാണ് ഇത്. കുറേ ഏറെ വർഷം ആരും ശ്രദ്ധിക്കപ്പെടാതെ പിന്നീട് കണ്ടെത്തി തിരിച്ചറിഞ്ഞ് ചേർത്തു പിടിച്ച ഈ മരുന്നിന്ന് കുടിൽ വ്യവസായം പോലെ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ലോകം മുഴുവൻ കോവിഡ് കാലത്ത് ലോകം മുഴുവൻ ആവശ്യക്കാർ ഉണ്ടായിരുന്നു ഇത് ഇനിയും പലരൂപത്തിൽ ലോകത്തിന് ആശ്വാസം പകരട്ടെ.