Taj Hotel : മുംബൈ താജ് ഹോട്ടലിൽ നിന്ന് ചായ വാങ്ങിയാൽ ഒപ്പം ‘കോംപ്ലിമെൻ്ററി’ കടികളും; ചായയുടെ വില അറിയണ്ടേ?
How Much Does Tea Cost In Mumbai Taj : മുംബൈയിലെ താജ് ഹോട്ടൽ രാജ്യത്തെ ആഡംബര ഹോട്ടലുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു പേരാണ്. ഇവിടെ നിന്ന് ഭക്ഷണം കഴിക്കുകയെന്നത് ഒരു സാധാരണക്കാരന് സാധ്യമാവുന്നതല്ല. താജ് ഹോട്ടലിൽ ഒരു ചായയ്ക്ക് എത്ര രൂപയാകുമെന്നതാണ് നിലവിലെ ചർച്ച.
ആഡംബര ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാൻ നമ്മളിൽ പലർക്കും സാധിച്ചുകൊള്ളണമെന്നില്ല. ആഡംബര ഹോട്ടലുകളിൽ ഭക്ഷണത്തിനൊപ്പം ഡൈനിങ് എക്സ്പീരിയൻസിന് കൂടിയാണ് പണം ഈടാക്കുന്നത്. 10 രൂപയുടെ ചായക്ക് 100 രൂപ വാങ്ങുമ്പോൾ ചായ പ്രസൻ്റ് ചെയ്യുന്ന രീതി, ജീവനക്കാരുടെ പെരുമാറ്റം, ചായപ്പൊടിയുടെ ഗുണനിലവാരം എന്നിങ്ങനെ ഡൈനിങ് എക്സ്പീരിയൻസ് മികച്ചതാവുന്നു. രാജ്യത്തെ തന്നെ ഏറ്റവും വലിയ ആഡംബര ഹോട്ടലുകളിൽ ഒന്നാണ് മുംബൈയിലെ താജ് ഹോട്ടൽ. താജ് ഹോട്ടലിൽ ഒരു ചായയ്ക്ക് എത്ര രൂപ നൽകണമെന്നറിയാമോ?
350 രൂപ മുതൽ താജ് ഹോട്ടലിലെ ചായ ആരംഭിക്കും. അത് വളരെ ബേസിക് ആയ ഒരു കപ്പ് ചായയാണ്. നാടൻ ചായയോ ഹെർബൽ ചായയോ മസാല ചായയോ ഓർഡർ ചെയ്യാം. 350 മുതൽ വിവിധ തരം ചായയും ചായ കോംബോയുമൊക്കെ ലഭിക്കും. 1800 രൂപയുടെ ചായ കോമ്പോയാണ് താജിലെ പ്രശസ്തമായ ലക്ഷ്വറി ചായ ഡിഷ്. ടാക്സ് കൂടി ആവുമ്പോൾ ഈ ചായ കോമ്പോയുടെ വില 2124 ആകും. ‘ബോം ഹൈ ടീ’ എന്നാണ് ഈ ചായയുടെ പേര്. ഇതൊരു കോമ്പോ ആണ്. ചായയ്ക്കൊപ്പം വട പാവ്, ഗ്രിൽഡ് സാൻഡ്‌വിച്ച്, കാജു കട്ലി തുടങ്ങി പലതരം കടികൾ ഈ ചായയ്ക്കൊപ്പം ലഭിക്കും.
Also Read : Wine Recipe: ഇന്ന് ഇട്ടാൽ ക്രിസ്തുമസിന് കുടിക്കാം…; വൈൻ വീട്ടിൽ തയ്യാറാക്കാം എളുപ്പത്തിൽ
അദ്നാൻ പഠാൻ എന്ന വ്ലോഗറാണ് ഈ വിഭവം തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ പരിചയപ്പെടുത്തിയത്. താജ് ഹോട്ടലിൽ നിന്ന് ‘ബോം ഹൈ ടീ’ എന്ന ചായ കുടിയ്ക്കുന്ന അദ്നാൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. താജ് ഹോട്ടലിൻ്റെ ഇൻ്റീരിയർ കാണിച്ചുകൊണ്ടാണ് വിഡിയോ ആരംഭിക്കുന്നത്. മനോഹരമായ ഇൻ്റീരിയറുകൾ കണ്ട് താൻ ഒരു കൊട്ടാരത്തിലെത്തിയതുപോലെ തോന്നുന്നു എന്ന് അദ്നാൻ പറയുന്നുണ്ട്. ചായ കുടിച്ചതിന് ശേഷം ജീവിതത്തിൽ ഒരു തവണയെങ്കിലും ഈ അനുഭവം അറിഞ്ഞിരിക്കണമെന്നും അദ്നാൻ പറയുന്നു. ചായയും ഒപ്പം കടികളുമൊക്കെ ലഭിച്ചെങ്കിലും ചായ ശരാശരിയാണെന്നാണ് അദ്നാൻ്റെ പക്ഷം. പത്തിൽ അഞ്ചാണ് അദ്ദേഹം ചായയ്ക്ക് നൽകിയ റേറ്റിങ്. ഇത് നെറ്റിസൺസ് ശരിവെക്കുന്നുമുണ്ട്.
ഇന്ത്യാഗേറ്റിന് സമീപത്തായി സ്ഥിതിചെയ്യുന്ന ഫൈവ് സ്റ്റാർ, ആഡംബര ഹോട്ടലാണ് താജ് മഹൽ പാലസ് അഥവാ താജ് ഹോട്ടൽ. 1903ൽ ജംഷഠ്ജി ടാറ്റ പണികഴിപ്പിച്ച താജ് ഹോട്ടലിൽ 500ലധികം മുറികളുണ്ട്. 1600ലധികം ജീവനക്കാരും ഇവിടെയുണ്ട്. 2008 മുംബൈ ഭീകരാക്രമണത്തിൻ്റെ പ്രധാന കേന്ദ്രം താജ് ഹോട്ടൽ ആയിരുന്നു. 2008 നവംബർ 26നായിരുന്നു ആക്രമണം. ഭീകരസംഘടനയായ ലഷ്കർ എ തൈബയാണ് ഈ ഭീകരാക്രമണം നടത്തിയത്. ആക്രമണത്തിൽ ആകെ 167 പേർ കൊല്ലപ്പെട്ടു. മൂന്ന് ദിവസം നീണ്ട പോരാട്ടത്തിനൊടുവിൽ 2008 നവംബർ 29നാണ് തീവ്രവാദികളെ വധിക്കാൻ ഇന്ത്യൻ സൈന്യത്തിന് സാധിച്ചത്. ഇന്ത്യൻ സൈനികരിൽ ചിലർ ഓപ്പറേഷനിടെ മരണപ്പെട്ടിരുന്നു. മലയാളിയായ മേജർ സന്ദീപ് ഉണ്ണികൃഷ്ണനും കൊല്ലപ്പെട്ട സൈനികരിൽ ഉൾപ്പെടുന്നു. ആക്രമണസമയത്ത് 450 പേരോളമാണ് താജ് ഹോട്ടലിൽ താമസിച്ചിരുന്നത്. ഇതിൽ 31 പേർ താജ് ഹോട്ടലിലുള്ളിൽ വച്ച് തന്നെ കൊല്ലപ്പെട്ടു.