Mpox in India: കുരങ്ങുപനിയെ ഇന്ത്യക്കാർ പേടിക്കണോ? രാജ്യത്തിന്റെ പ്രതിരോധം ഇങ്ങനെ…
Mpox Case in India: ഒരു വ്യക്തിക്ക് എംപോക്സ് വൈറസ് ഉണ്ടെന്ന് സംശയിച്ചാൽ, രോഗം പടരാനുള്ള സാധ്യത കുറയ്ക്കുന്നതിന് അവരെ ഉടൻ ഐസൊലേറ്റ് ചെയ്യണം.
ന്യൂഡൽഹി: രാജ്യത്ത് ഒരാൾ കുരങ്ങുപനി ലക്ഷണങ്ങൾ കാണിച്ചതോടെ ജാഗ്രതയിലാണ് അധികൃതർ. വിദേശത്ത് നിന്നെത്തിയ ഒരു യുവാവിനാണ് കുരങ്ങുപനിയുടെ ലക്ഷണങ്ങൾ കണ്ടെതിനേത്തുടർന്ന് െഎസൊലേഷനിൽ പാർപ്പിച്ചിരിക്കുന്നത്.
ഇയാളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരിക്കുന്നതായാണ് വിവരം. വിദേശരാജ്യങ്ങളിൽ വലിയതോതിൽ ഭീതി പരത്തിയ എംപോക്സ് രാജ്യത്തും പടരുമോ എന്ന ആശങ്ക ഉയരുന്ന സാഹചര്യത്തിൽ ഭയം വേണ്ട ജാഗ്രത മതിയെന്ന നയത്തിലാണ് അധികൃതർ.
പ്രോട്ടോക്കോളുകൾക്ക് അനുസൃതമായാണ് കേസ് കൈകാര്യം ചെയ്യുന്നത്, സാധ്യമായ രോഗ ഉറവിടങ്ങൾ തിരിച്ചറിയുന്നതിനും രാജ്യത്തിനുള്ളിലെ ആഘാതം വിലയിരുത്തുന്നതിനും കോൺടാക്റ്റ് ട്രെയ്‌സിംഗ് തുടരുകയാണ് എന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
അടിസ്ഥാന പ്രതിരോധ നടപടികൾ
ഐസൊലേഷൻ
ഒരു വ്യക്തിക്ക് എംപോക്സ് വൈറസ് ഉണ്ടെന്ന് സംശയിച്ചാൽ, രോഗം പടരാനുള്ള സാധ്യത കുറയ്ക്കുന്നതിന് അവരെ ഉടൻ ഐസൊലേറ്റ് ചെയ്യണം.
ഉടനടി വൈദ്യസഹായം
വ്യക്തിയെ ഉടനടി ഡോക്ടറുടെ അടുത്തെത്തിക്കണം. കൃത്യമായ രോഗനിർണ്ണയത്തിന് ശേഷം സാമ്പിളുകൾ പൂർണ്ണമായ സ്ഥിരീകരണത്തിനായി ലാബ് ടെസ്റ്റുകളിലേക്ക് അയയ്ക്കും.
ALSO READ – രാജ്യത്ത് കുരങ്ങുപനി ബാധയോ? ലക്ഷണങ്ങളും പ്രതിരോധ മാർഗങ്ങളുമറിയാം
ശുചിത്വം
പോക്സ് വൈറസിൻ്റെ വ്യാപനം തടയുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട വശങ്ങളിലൊന്നാണ് ശുചിത്വം. രോഗബാധിതനായ വ്യക്തിയിൽ നിന്നോ വ്യക്തി സ്പർശിക്കുന്ന വസ്തുക്കളിൽ നിന്നോ നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് വൈറസ് പടരുന്നത്. അതിനാൽ, കൈകൾ കഴുകുക, അകലം പാലിക്കുക, ശരിയായ വ്യക്തി ശുചിത്വം പാലിക്കുക എന്നിവ നിർബന്ധമായും പിന്തുടരണം. രോഗിക്കും പരിചരണം നൽകുന്നവർക്കും ഇത് ബാധകമാണ്.
ആരോഗ്യകരമായ ഭക്ഷണക്രമം
ഏതെങ്കിലും രോഗത്തിൽ നിന്നോ ആരോഗ്യപ്രശ്നങ്ങളിൽ നിന്നോ വീണ്ടെടുക്കുന്നതിൽ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഭക്ഷണക്രമത്തിൽ ആരോഗ്യകരമായ പോഷകങ്ങൾ അടങ്ങിയ ഭക്ഷണം ഉൾപ്പെടുത്തുന്നത് ഉറപ്പാക്കുക. പ്രോട്ടീൻ, വിറ്റാമിൻ സി, പ്രോബയോട്ടിക്സ്, ഫ്രഷ് ഫ്യൂരിറ്റുകളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
വിശ്രമവും ജലാംശവും
ക്ഷീണവും മറ്റും രോഗത്തിന്റെ പ്രധാന ലക്ഷണമാണ്. ആരോഗ്യം വേഗത്തിൽ വീണ്ടെടുക്കാൻ ശരീരത്തിന് നല്ല വിശ്രമം ആവശ്യമാണ്. കൂടാതെ, ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുന്നു.
പ്രധാന ലക്ഷണങ്ങൾ
- സ്ഥിരമായ ഉയർന്ന പനി
- പേശി വേദന
- തലവേദന
- വീർത്ത ലിംഫ് നോഡുകൾ
- തണുപ്പ്
- നടുവേദന
- ക്ഷീണം
വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ (ഡബ്ല്യുഎച്ച്ഒ) പറയുന്നതനുസരിച്ച്, രോഗലക്ഷണങ്ങൾ സാധാരണയായി 2-4 ആഴ്ചകൾ നീണ്ടുനിൽക്കും, പക്ഷേ ദുർബലമായ പ്രതിരോധശേഷിയുള്ള ഒരാളിൽ കൂടുതൽ കാലം ഇത് നിലനിൽക്കാം.