5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

HMPV Virus Testing Cost: എച്ച്എംപിവി വൈറസ്; രോഗബാധയുണ്ടോ എന്നറിയാനുള്ള ടെസ്റ്റിന് ചിലവാകുന്ന തുകയെത്ര?

Check The Cost HMPV Virus Testing: എച്ച്എംപിവി വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ ഈ രോഗബാധ അറിയാനുള്ള ടെസ്റ്റിന് എത്ര രൂപയാകുമെന്ന ചോദ്യം ഉയരുന്നുണ്ട്. കൊവിഡ് ടെസ്റ്റിനെക്കാൾ ചിലവാകുമോ എന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം. അതിനുള്ള ഉത്തരമറിയാം.

HMPV Virus Testing Cost: എച്ച്എംപിവി വൈറസ്; രോഗബാധയുണ്ടോ എന്നറിയാനുള്ള ടെസ്റ്റിന് ചിലവാകുന്ന തുകയെത്ര?
Check The Cost Hmpv Virus TestingImage Credit source: PTI
abdul-basith
Abdul Basith | Published: 09 Jan 2025 23:41 PM

എച്ച്എംപിവി വൈറസ് പടരുന്നതുമായി ബന്ധപ്പെട്ട ആശങ്കയിലാണ് ലോകം. ചൈനയിൽ ആദ്യം റിപ്പോർട്ട് ചെയ്ത എച്ച്എംപിവി വൈറസ് വിവിധ ലോകരാജ്യങ്ങളിലേക്ക് പടരുകയായിരുന്നു. ഇന്ത്യയിൽ ഇതുവരെ എട്ട് എച്ച്എംപിവി കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൂന്ന് മാസം മുതൽ 13 വയസ് വരെ പ്രായമുള്ള കുട്ടികളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ പശ്ചാത്തലത്തിൽ തങ്ങൾക്ക് എച്ച്എംപിവി വൈറസ് ബാധയേറ്റിട്ടുണ്ടോ എന്ന് പരിശോധിക്കാൻ എന്താണ് മാർഗമെന്ന ചോദ്യമുയരുന്നുണ്ട്. എന്നാൽ, ഈ ടെസ്റ്റിനുള്ള ചിലവ് എത്രയെന്നറിയുമോ?

അഡ്വാൻസ്ഡായ ബയോഫയർ പാനൽ ടെസ്റ്റ് ആണ് എച്ച്എംപിവി വൈറസ് കണ്ടുപിടിയ്ക്കാൻ വേണ്ടത്. എച്ച്എംപിവി അടക്കം രോഗാണുക്കളെ കണ്ടെത്താൻ സഹായിക്കുന്ന ടെസ്റ്റ് ആണ് ബയോഫയർ പാനൽ ടെസ്റ്റ്. മാധ്യമറിപ്പോർട്ടുകൾ അനുസരിച്ച് ഒരു എച്ച്എംപിവി ആർടി – പിസിആർ ടെസ്റ്റിന് 3000 മുതൽ 8000 രൂപ വിലയാണ് ചിലവ് വരുന്നത്. രാജ്യത്തെ പ്രമുഖ ലബോറട്ടറികളിലെ തുകയാണിത്. എന്നാൽ, കുറച്ചുകൂടി കൃത്യമായ, എച്ച്എംപിവി അടക്കം മറ്റ് ശ്വസന അണുബാധ കണ്ടെത്താനുള്ള ടെസ്റ്റിന് 20,000 രൂപ വരെ നൽകണം.

എച്ച്എംപിവി രോഗബാധ പടരുമ്പോൾ ഇത് തടയാൻ കൊവിഡ് വാക്സിൻ ബൂസ്റ്റർ എടുത്താൽ മതിയാവുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. എച്ച്എംപിവി തടയാൻ കൊവിഡ് ബാധ തടയാനുള്ള വാക്സിൻ ബൂസ്റ്ററിന് കഴിയുമോ എന്നതാണ് ചോദ്യം. എന്നാൽ, എച്ച്എംപിവി ഒരു പുതിയ വൈറസ് അല്ലെന്നാണ് ആദ്യം മനസ്സിലാക്കേണ്ടത്. കൊവിഡ് ബാധയുടെ ലക്ഷണങ്ങളുമായി എച്ച്എംപിവിയ്ക്ക് ചില സമാനതകളുണ്ട് എന്ന് മാത്രം. വളരെ മുൻപ് റിപ്പോർട്ട് ചെയ്തിരുന്ന ഒരു വൈറസാണിത്. നിലവിൽ എച്ച്എഎംപിവിയ്ക്ക് പ്രത്യേക വാക്സിനോ ചികിത്സയോ ഇല്ല.

Also Read : HMPV Covid Vaccine: എച്ച്എംപിവി രോഗബാധ; കൊവിഡ് വാക്സിൻ ബൂസ്റ്റർ എടുത്താൽ വൈറസ് തടയാനാവുമോ?

എച്ച്എംപിവി വൈറസ് ബാധയിൽ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നാണ് ലോകാരോ​ഗ്യസംഘടനയിലെ മുൻ ചീഫ് സയന്റിസ്റ്റായ ഡോ. സൗമ്യ സ്വാമിനാഥൻ പറയുന്നത്. എച്ച്എംപിവി രോഗബാധയ്ക്ക് സാധാരണ ജലദോഷത്തിന് സ്വീകരിക്കാറുള്ള മുൻകരുതലുകൾ മാത്രം മതി. മാസ്ക് ധരിക്കുക, കൈകൾ കഴുകുക, ആൾക്കൂട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക തുടങ്ങിയ മുൻകരുതലുകളാണ് എടുക്കേണ്ടത്. ചില അവസരങ്ങളിൽ ഈ വൈറസ് ന്യുമോണിയയ്ക്ക് കാരണമാവാനിടയുണ്ട്. മറ്റ് ചിലപ്പോൾ ഗുരുതരമായ ശ്വാസകോശ പ്രശ്നങ്ങളുണ്ടായേക്കാം. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ജാഗ്രത വർധിപ്പിക്കണമെന്നും അവർ വ്യക്തമാക്കി.

എച്ച്എംപിവിയെ പലരും കൊവിഡ് ബാധയായി തെറ്റിദ്ധരിക്കാറുണ്ടെന്ന് ന്യൂഡൽഹി ഡോ. അംബേദ്കർ സെൻ്റർ ഫോർ ബയോമെഡിക്കൽ റിസർച്ചിലെ സീനിയർ വൈറോളജിസ്റ്റ് ഡോ. സുനിത് കുമാർ പറഞ്ഞിരുന്നു. മിക്ക ശ്വാസകോശ പകർച്ചാവ്യാധികളിലും ലക്ഷണങ്ങൾ ഒരുപോലെയാണ്. ശ്വസിക്കാനുള്ള ബുദ്ധിമുട്ടും നെഞ്ച് വേദനയും മൂക്കൊലിപ്പുമൊക്കെയാണ് ഇവയുടെയൊക്കെ സാധാരണ ലക്ഷണങ്ങൾ. ഇതിൽ പലതും കൊവിഡ് രോഗബാധയ്ക്കുണ്ട്, എച്ച്എംപിവിയ്ക്കുമുണ്ട്. അതുകൊണ്ട് തന്നെ കൊവിഡും എച്ച്എംപിവിയും ഒന്നാണെന്ന് ചിലരെങ്കിലും കരുതുന്നു. എന്നാൽ, ഇത് രണ്ടും രണ്ട് തരം വൈറസുകളാണ്. കൊവിഡ് വാക്സിൻ എച്ച്എംപിവിയ്ക്ക് ഗുണം ചെയ്യില്ല എന്നും അദ്ദേഹം പറഞ്ഞു.