Foods to Avoid in Summer: വേനൽകാലത്ത് ഈ ഭക്ഷണങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ പണികിട്ടും
Foods You Should Avoid During Summer: വെള്ളരിക്ക, ഇളനീർ, നാരങ്ങാവെള്ളം പോലുള്ള ഭക്ഷണപാനീയങ്ങൾ വേണം ഡയറ്റിൽ ഉൾപ്പെടുത്താൻ. എന്നാൽ, വേനൽകാലത്ത് ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

പ്രതീകാത്മക ചിത്രം
വേനൽക്കാലത്ത് നമ്മൾ ഭക്ഷണക്രമത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഈ സമയത്ത് ധാരാളം വെള്ളം കുടുക്കുന്നതിനോടൊപ്പം ജലാംശം ധാരാളം അടങ്ങിയ പഴങ്ങളും പച്ചക്കറികളും വേണം ഡയറ്റിൽ ഉൾപ്പെടുത്താൻ. അതേസമയം, നമ്മൾ സാധാരണയായി കഴിക്കുന്ന പല ഭക്ഷണങ്ങളും വേനൽകാലത്ത് നിർജ്ജലീകരണത്തിന് കാരണമാകുന്നു. ഉപ്പും എരിവുമെല്ലാം അമിതമായി അടങ്ങിയ ഭക്ഷണങ്ങളും, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളുമെല്ലാം വേനൽകാലത്തിന് അനുയോജ്യമല്ല. പകരം, തണ്ണിമത്തൻ, വെള്ളരിക്ക, ഇളനീർ, നാരങ്ങാവെള്ളം പോലുള്ള ഭക്ഷണപാനീയങ്ങൾ വേണം ഡയറ്റിൽ ഉൾപ്പെടുത്താൻ. എന്നാൽ, വേനൽകാലത്ത് ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
1. അമിതമായി ഉപ്പ് അടങ്ങിയ ഭക്ഷണങ്ങൾ
ഉപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ വേനൽകാലത്ത് ഒഴിവാക്കുന്നതാണ് നല്ലത്. അമിതമായ സോഡിയം ഉപയോഗം ശരീരത്തിലെ ജലാംശം കുറയ്ക്കുകയും നിർജ്ജലീകരണത്തിലേക്ക് നയിക്കുകയും ചെയ്യും.
2. വറുത്തതും പൊരിച്ചതും
ബർഗർ, ഫ്രഞ്ച് ഫ്രിസ്, ചിക്കൻ ഫ്രൈ, ബജ്ജി തുടങ്ങിയ എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ വേനൽക്കാലത്ത് പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. ഇത് ശരീരത്തിലെ ജലാംശം കുറയാൻ ഇടയാക്കും. കൂടാതെ, ഇത്തരം ഭക്ഷണങ്ങൾ ദഹനപ്രക്രിയയെയും ബാധിക്കുന്നു.
3. കാപ്പി
കാപ്പി അമിതമായി കുടിക്കുന്നത് നിർജ്ജലീകരണത്തിന് കാരണമായേക്കും. ഇത് ശരീര താപനില വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ, വേനൽകാലത്ത് കാപ്പിയുടെ ഉപയോഗം പരിമിതപ്പെടുത്തന്നത് നല്ലത്.
ALSO READ: വെയിൽ കൊണ്ടുള്ള കരുവാളിപ്പ് മാറ്റിയെടുക്കാം; ഈ പാക്കുകൾ പരീക്ഷിക്കൂ….
4. അച്ചാറുകൾ
സോഡിയം ധാരാളം അടങ്ങിയിട്ടുള്ളതിനാൽ അച്ചാറുകളും വേനൽകാലത്ത് ഒഴിവാക്കുന്നതാണ് നല്ലത്. ഇതും നിർജ്ജലീകരണത്തിലേക്ക് നയിച്ചേക്കാം. കൂടാതെ, അമിതമായി അച്ചാറുകൾ കഴിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും കാരണമായേക്കും.
5. ഡ്രൈ ഫ്രൂട്ട്സ്
പോഷക സമൃദ്ധമായ ഒന്നാണ് ഡ്രൈ ഫ്രൂട്ട്സെങ്കിൽ പോലും വേനൽകാലത്ത് ഇവയുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതാണ് നല്ലത്. ഡ്രൈ ഫ്രൂട്ട്സ് ശരീര താപനില വർദ്ധിപ്പിക്കുകയും അതുവഴി ദേഹാസ്വാസ്ഥ്യം ഉണ്ടാക്കുകയും ചെയ്യുന്നു.
6. സോഡ
സോഡാ പോലുള്ള കാർബണേറ്റഡ് പാനീയങ്ങൾ അമിതമായ ആസക്തി ഉളവാക്കുന്നു. പ്രത്യേകിച്ച് വേനൽക്കാലത്ത് ഇത് കുടിക്കാനുള്ള ആസക്തി വർധിക്കും. എന്നാൽ, ഇതിന്റെ അമിതമായ ഉപയോഗം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും. കൂടാതെ, നിർജ്ജലീകരണത്തിനും കാരണമാകും.
7. എരിവുള്ള ഭക്ഷണം
വേനൽകാലത്ത് അമിതമായി എരിവുള്ള ഭക്ഷണങ്ങളും പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. എരിവുള്ള ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന കാപ്‌സൈസിൻ എന്ന സംയുക്തം നിർജ്ജലീകരണം, ശരീര താപനില വർദ്ധനവ്, ദഹനക്കേട്, അസ്വസ്ഥത എന്നിവയ്ക്ക് കാരണമാകുന്നു.