Foods for Mental Health: നല്ല ഭക്ഷണം ശരീരത്തിന് മാത്രമല്ല മാനസികാരോഗ്യത്തിനും; ഈ ഭക്ഷണങ്ങൾ പതിവാക്കൂ
Foods for Mental Health: പഴങ്ങളും, പച്ചക്കറികളും, പയറുവർഗങ്ങളും, മുഴു ധാന്യങ്ങളും, ആരോഗ്യകരമായ കൊഴുപ്പടങ്ങിയ ഭക്ഷണങ്ങളും മറ്റുമാണ് മാനസികാരോഗ്യം മെച്ചപ്പെടുത്താൻ ഏറ്റവും മികച്ചത്.
നല്ല ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരം പുഷ്ടിപ്പെടുത്തുക മാത്രമല്ല മനസിന്റെ ആരോഗ്യത്തിനും വളരെ പ്രധാനമാണ്. ഇതിന് ഉദാഹരണമാണ് ചില ഭക്ഷണങ്ങൾ കഴിക്കുമ്പോൾ നമുക്ക് സന്തോഷം തോന്നുന്നതും, മറ്റ് ചില ഭക്ഷണങ്ങൾ കഴിക്കുമ്പോൾ മൂഡ് ഓഫ് ആകുന്നതും. ആരോഗ്യ വിദഗ്ദ്ധർ പറയുന്നത് അനുസരിച്ച് പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങൾ തലച്ചോറിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുന്നു. പഴങ്ങളും, പച്ചക്കറികളും, പയറുവർഗങ്ങളും, മുഴു ധാന്യങ്ങളും, ആരോഗ്യകരമായ കൊഴുപ്പടങ്ങിയ ഭക്ഷണങ്ങളും മറ്റുമാണ് മാനസികാരോഗ്യം മെച്ചപ്പെടുത്താൻ ഏറ്റവും ഉചിതം. അത്തരത്തിൽ മനസികാരോഗ്യത്തിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ നോക്കാം.
നേന്ത്രപ്പഴം
മനസികാരോഗ്യത്തിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട മികച്ച ഭക്ഷണങ്ങളിൽ ഒന്നാണ് നേന്ത്രപ്പഴം. ഇതിൽ അടങ്ങിയിട്ടുള്ള ‘ട്രിപ്റ്റോഫാന്‍’ എന്ന അമിനോ ആസിഡ് ‘സെറട്ടോണിന്‍’ ഉത്പാദനത്തെ വർധിപ്പിക്കുന്നു. സന്തോഷം, സന്തുഷ്‌ടി എന്നീ വികാരങ്ങൾ രൂപപ്പെടുത്തുന്നതിൽ സെറോടോണിൻ വലിയ പങ്കുവഹിക്കുന്നു. അതിനാൽ നേന്ത്രപ്പഴം പതിവായി കഴിക്കുന്നത് മനസികാരോഗ്യത്തിന് വളരെ നല്ലതാണ്.
ഈന്തപ്പഴം
പോട്ടാസ്യം, ആന്റിഓക്സിഡന്റുകൾ എന്നിവയുടെ ഉറവിടമായ ഈന്തപഴം കഴിക്കുന്നതും മാനസികാരോഗ്യം മെച്ചപ്പെടുത്താൻ വളരെ നല്ലതാണ്. ഇതിൽ ധാരാളം ഫൈബറും അടങ്ങിയിട്ടുള്ളതിനാൽ, മലബന്ധം പോലുള്ള ദഹന പ്രശ്നങ്ങൾ അകറ്റാനും ഇത് സഹായിക്കുന്നു. ദിവസവും രണ്ടോ മൂന്നോ ഈന്തപ്പഴം എണ്ണം കഴിക്കുന്നത് ശാരീരിക ആരോഗ്യത്തിനും മാനസികാരോഗ്യത്തിനും ഒരുപോലെ നല്ലതാണ്.
ALSO READ:നിങ്ങളുടെ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കുടിക്കാം ഈ ജ്യൂസുകൾ
റാഗി
പ്രോട്ടീൻ, വിറ്റാമിന് സി, ബി-കോംപ്ലക്സ്, ഇ, അയൺ, കാൽസ്യം എന്നിവയുടെ ഉറവിടമാണ് റാഗി. ഇത് മനസികാരോഗ്യത്തിന് മാത്രമല്ല ചർമത്തിന്റെയും മുടിയുടെയും ആരോഗ്യത്തിനും മികച്ചതാണ്. കൂടാതെ, നാഡികളെ ശാന്തമാക്കി നല്ല ഉറക്കം ലഭിക്കാനും ഇവ സഹായിക്കും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കഴിക്കാവുന്ന റാഗി ഉപയോഗിച്ച് തയ്യാറാക്കിയ വിഭവങ്ങൾ പ്രാതലിന് പതിവാക്കാവുന്നത് നല്ലതാണ്.
ശർക്കര
പഞ്ചസാരയ്ക്ക് മികച്ചൊരു പകരക്കാരൻ ആണ് ശർക്കര. ആന്റി-ഓക്സിഡന്റുകൾ, ധാതുക്കൾ എന്നിവ ധാരാളം അടങ്ങിയ ശർക്കര മനസികാരോഗ്യത്തിനും വളരെ നല്ലതാണ്. ഇത് പലഹാരങ്ങളിൽ ചേർത്തും നേരിട്ടും ഉപയോഗിക്കാവുന്നതാണ്. രോഗപ്രതിരോധശേഷി വർധിപ്പിക്കാനും, കരളിന്റെ ആരോഗ്യത്തിനും എല്ലാം ഇത് മികച്ചതാണ്. രക്തത്തിലെ മാലിന്യങ്ങളെ പുറന്തള്ളാനും ശർക്കര സഹായിക്കുന്നു.
നട്സ്
പ്രോട്ടീൻ, ഫൈബർ, ആരോഗ്യകരമായ കൊഴുപ്പ്, വിറ്റാമിൻ ഇ തുടങ്ങിയ പോഷകങ്ങൾ സമ്പന്നമായ ഒന്നാണ് നട്സ്. ഇവ തലച്ചോറിന്റെ ആരോഗ്യത്തിനും മനസികാരോഗ്യത്തിനും വളരെ നല്ലതാണ്. നട്സ് വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നത് ശരീരം പുഷ്ടിപ്പെടുത്താനും ഗുണം ചെയ്യും. പ്രാതലിലും, ഡെസേർട്ടിലുമൊക്കെ നട്സ് ഉൾപ്പെടുത്താവുന്നതാണ്.
തേങ്ങ
തേങ്ങയിൽനിന്ന് ലഭിക്കുന്ന തേങ്ങാവെള്ളം, തേങ്ങാപ്പാൽ, വെളിച്ചെണ്ണ തുടങ്ങി എല്ലാ വസ്തുക്കളും ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയവയാണ്. ഇതിൽ മാംഗനീസ്, മഗ്നീഷ്യം, കോപ്പർ, പൊട്ടാസ്യം തുടങ്ങി ശരീരത്തിന് ആവശ്യമായ പല പോഷകങ്ങളും അടങ്ങിയിരിക്കുന്നു. തേങ്ങാവെള്ളം അഥവാ കരിക്കിൻ വെള്ളം ദിവസം കുടിക്കുന്നത് ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസിക ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.