AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sunita Williams: സുനിത വില്യംസ് ബഹിരാകാശത്ത് എന്താണ് കഴിക്കുന്നത്… വെള്ളം കുടിക്കാറുണ്ടോ?; തിരഞ്ഞ് നെറ്റിസൺസ്

Sunita Williams Space Diet: ഇരുവരെയും വരവേൽക്കാനുള്ള ഒരുക്കത്തിലാണ് ലോകം. ഇന്ത്യൻ സമയം ചൊവ്വാഴ്ച രാവിലെ 10.35-ന് സുനിതയുമായുള്ള പേടകം ഭൂമിയിലേക്ക് യാത്ര തിരിച്ചിരിക്കുകയാണ്. കാലാവസ്ഥ ഉൾപ്പെടെയുള്ള സാഹചര്യങ്ങളെല്ലാം അനുകൂലമായാൽ പേടകം ബുധനാഴ്ച പുലർച്ചെ 3.27-ന് ഭൂമിയിൽ ഇറങ്ങും.

Sunita Williams: സുനിത വില്യംസ് ബഹിരാകാശത്ത് എന്താണ് കഴിക്കുന്നത്… വെള്ളം കുടിക്കാറുണ്ടോ?; തിരഞ്ഞ് നെറ്റിസൺസ്
ബഹിരാകാശ നിലയത്തിലിരുന്ന ആഹാരം കഴിക്കുന്ന സുനിതയും ബുച്ച് വിൽമോറും Image Credit source: Social Media
neethu-vijayan
Neethu Vijayan | Published: 18 Mar 2025 12:31 PM

ബഹിരാകാശത്ത് കഴിഞ്ഞിരുന്ന സുനിത വില്യംസിന്റെയും (Sunita Williams) ബുച്ച് വിൽമോറിൻ്രെയും ജീവിത രീതി എങ്ങനെയാണെന്ന് അറിയാൻ ഭൂമിയിലുള്ള മനുഷ്യർക്ക് അല്പം ആകാംക്ഷ കൂടുതലാണ്. നീണ്ട ഒമ്പത് മാസം സുനിത എന്താണ് കഴിച്ചത്, അവിടെ എങ്ങനെയാണ് വെള്ളം കുടിക്കുന്നത് തുടങ്ങി നിരവധി സംശയങ്ങളാണ് ആളുകൾ ​ഗൂ​ഗിളിൽ തിരഞ്ഞത്. ബഹിരാകാശനിലയത്തിൽ രണ്ടുപേരുടെയും ആരോഗ്യനില തൃപ്തികരമാണെങ്കിലും ഭൂമിയിലേക്ക് തിരിച്ചെത്തുമ്പോൾ ഇരുവരും നേരിടേണ്ടി വരുക വലിയ വെല്ലുവിളികളാണ്.

ഇടക്ക് എപ്പോഴൊക്കെയോ അവരുടെ ആരോ​ഗ്യനില വഷളായതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ അതിൽ എത്രത്തോളം സത്യമുണ്ടെന്ന കാര്യത്തിൽ യാതൊരു തെളിവുകളും ഉണ്ടായിരുന്നില്ല. റിപ്പോർട്ടുകൾ വന്നതിനുപിന്നാലെ ഇരുവരും ബഹിരാകാശത്ത് പിസ്സ, റോസ്റ്റ് ചിക്കൻ, ഷ്രിംപ് കോക്ക്ടെയിൽ എന്നിവ കഴിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇരുവർക്കും കഴിക്കാൻ ആവശ്യത്തിനുള്ള ഭക്ഷണങ്ങൾ അവിടെയുണ്ടെന്ന് നാസയും സ്ഥിരീകരിച്ചു.

പിസ, റോസ്റ്റ് ചിക്കൻ, ഷ്രിംപ് കോക്ടെയിൽ തുടങ്ങിയവയാണ് സുനിതയും ബുച്ചും കൂടുതലായും ബഹിരാകാശത്ത് വച്ച് കഴിച്ചിരുന്നത്. ഇരുവരുടെയും ഭക്ഷണക്രമത്തിൽ വളരെ കുറച്ച് പഴങ്ങളും പച്ചക്കറികളും മാത്രമാണ് ഉണ്ടായിരുന്നത്. തണുത്ത ഭക്ഷണങ്ങൾ ഫുഡ് വാമർ ഉപയോഗിച്ച് വീണ്ടും ചൂടാക്കാൻ കഴിയും. ഇരുവരും പ്രതിദിനം 1.7 കിലോഗ്രാം ഭക്ഷണം കഴിക്കുന്നുണ്ടെന്നാണ് നാസയുടെ വെളിപ്പെടുത്തൽ. ബഹിരാകാശത്ത് കഴിയുമ്പോൾ ഭൂമിയിലുള്ളപ്പോൾ കഴിക്കുന്ന അളവിൽ ഭക്ഷണം കഴിക്കുക എന്നത് സാധ്യമായ കാര്യമല്ല.

ധാന്യങ്ങൾ ചേർത്ത പ്രഭാതഭക്ഷണം, പൗഡർരൂപത്തിലുള്ള പാൽ, പിസ, ഷ്രിംപ് കോക്ടെയിൽ, റോസ്റ്റ് ചിക്കൻ, ട്യൂണ തുടങ്ങി വിവിധതരത്തിലുള്ള ഭക്ഷണങ്ങൾ സുനിതയ്ക്കും ബുച്ചിനും ലഭ്യമായിരുന്നു. ഇതിലൂടെ ആവശ്യത്തിന് കലോറി ഇരുവർക്കും ലഭ്യമാകുന്നുണ്ടെന്നും നാസ വ്യക്തമാക്കിയിരുന്നു. ഭക്ഷണത്തിന് പുറമെ വ്യായമവും നടത്താറുണ്ട്. പേശികളുടെ ആരോഗ്യം നിലനിർത്താനും എല്ലുകളുടെ സംരക്ഷണത്തിനും ദിവസം രണ്ടര മണിക്കൂറെങ്കിലും ഇവർ വ്യായാമം ചെയ്യും.

ബോയിങ് സ്റ്റാർ ലൈനർ പേടകത്തിന്റെ മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ആദ്യ ദൗത്യത്തിന്റെ ഭാഗമായാണ് കഴിഞ്ഞ വർഷം ജൂൺ അഞ്ചിന് സുനിതയും ബുച്ച് വിൽമോറും ബഹിരാകാശനിലയത്തിലേക്ക് പുറപ്പെട്ടത്. സാങ്കേതിക തകരാറുകൾ മൂലം ഇരുവരുടെ തിരച്ചുവരവ് ഒമ്പത് മാസത്തേക്ക് നീളുകയായിരുന്നു. ഇപ്പോഴിതാ ഇരുവരെയും വരവേൽക്കാനുള്ള ഒരുക്കത്തിലാണ് ലോകം. ഇന്ത്യൻ സമയം ചൊവ്വാഴ്ച രാവിലെ 10.35-ന് സുനിതയുമായുള്ള പേടകം ഭൂമിയിലേക്ക് യാത്ര തിരിച്ചിരിക്കുകയാണ്. കാലാവസ്ഥ ഉൾപ്പെടെയുള്ള സാഹചര്യങ്ങളെല്ലാം അനുകൂലമായാൽ പേടകം ബുധനാഴ്ച പുലർച്ചെ 3.27-ന് ഭൂമിയിൽ ഇറങ്ങും.