Vishu 2025 : ഇത്തവണത്തെ വിഷു സദ്യയിൽ വെറൈറ്റി ചക്ക പ്രഥമൻ തയ്യാറാക്കാം; റെസിപ്പി പിടിച്ചോ
Chakka Pradhaman Recipe: ചക്കയുടെ സീസൺ തുടങ്ങിക്കഴിഞ്ഞു, അതുകൊണ്ട് തന്നെ ഇത്തവണത്തെ വിഷുവിന് അല്പം വെറൈറ്റി വിഭവമായ ചക്ക പ്രഥമൻ തന്നെ തയ്യാറാക്കിയാലോ?

വിഷു ഇതാ എത്തി കഴിഞ്ഞു. അതിനുള്ള തയ്യാറെടുപ്പിലാണ് എല്ലാവരും. പ്രധാനമായും സദ്യ ഒരുക്കാനുള്ള സാധനങ്ങൾ വാങ്ങിക്കുന്ന തിരക്കിലാണ്. പത്ത് കൂട്ടം കറികളും പായവുമൊക്കെയായി ഗംഭീര സദ്യ തന്നെയാണ് വിഷു ദിനത്തിൽ എല്ലാ വീടുകളിലും ഒരുക്കുന്നത്. കറിയുടെ എണ്ണം കുറഞ്ഞാലും പായസം നിർബന്ധമാണ്. എന്നാൽ ഇത്തവണ അല്പം വെറൈറ്റി പിടിച്ചാലോ? മറ്റൊന്നുമല്ല ചക്ക പ്രഥമൻ ഒരുക്കിയാലോ.
ചക്കയുടെ സീസൺ തുടങ്ങിക്കഴിഞ്ഞു, അതുകൊണ്ട് തന്നെ എവിടെയും അന്വേഷിച്ച് പോകേണ്ട. കറികൾ മാത്രം ഉണ്ടാക്കി ചക്ക കാലം തീർക്കാതെ കുറച്ച് വെറൈറ്റി വിഭവമായ ചക്ക പ്രഥമൻ തന്നെ.
Also Read:ചിക്കനും ബീഫുമില്ലാതെ മലബാറുകാർക്ക് എന്ത് വിഷുസദ്യ; ആശ്ചര്യം തോന്നുന്നുണ്ടോ?
ചേരുവകൾ
ഇതിനായി ആവശ്യത്തിന് പഴുത്ത ചക്ക എടുക്കുക. വെള്ളം ,ശർക്കര, ഒരു തേങ്ങയുടെ ഒന്നാം പാലും രണ്ടാം പാലും, ആവശ്യത്തിന് നെയ്യ്, ചുക്കും ജീരകവും പൊടിച്ചത് ,ഏലയ്ക്കാപ്പൊടി, ഉപ്പ്, കശുവണ്ടി, ഉണക്ക മുന്തിരി, തേങ്ങാക്കൊത്ത്.
തയാറാക്കുന്ന വിധം
നല്ല പഴുത്ത ചക്ക ചുളകൾ ചെറിയ കഷ്ണങ്ങൾ ആയി അരിഞ്ഞെടുത്ത ശേഷം അരക്കപ്പ് വെള്ളം ചേർത്ത് ഒരു കുക്കറിൽ രണ്ട് വിസിലിൽ വേവിച്ചെടുക്കാം. തുടർന്ന് ഒരു ഉരുളിയിൽ അല്പം നെയ്യ് ഒഴിച്ച് ചൂടായി വരുമ്പോൾ വേവിച്ചു വച്ച ചക്ക ചേർക്കുക. ചക്കയിലെ വെള്ളം വറ്റി വരുന്നതു വരെ ചെറിയ തീയിൽ വഴറ്റി എടുക്കണം. ശേഷം ശർക്കര മധുരം അനുസരിച്ചു ചേർത്ത് ഇളക്കി വഴറ്റി എടുക്കാം.
നന്നായി വഴണ്ടു വരുമ്പോൾ തേങ്ങയുടെ രണ്ടാം പാൽ ചേർത്ത് ഇളക്കി കുറുക്കി എടുക്കാം. ഇനി ഇതിലേക്കു ചുക്കും ജീരകവും പൊടിച്ചതും ഏലയ്ക്കാപ്പൊടിയും ചേർത്തു കൊടുക്കാം. ഒരു നുള്ള് ഉപ്പ് കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കാം. ഇതിലേക്ക് ഒന്നാം പാൽ ചേർക്കുക. തുടർന്ന് നെയ്യിൽ വറുത്തെടുത്ത കശുവണ്ടിയും ഉണക്ക മുന്തിരിയും തേങ്ങാക്കൊത്തും പായസത്തിലേക്ക് ഇട്ട് അടുപ്പിൽ നിന്ന് വാങ്ങി വയ്ക്കാം. രുചികരമായ ചക്ക പ്രഥമൻ തയാർ.