Kovilakam Mambazha Pulisserry: ഊര്‍മ്മിള ഉണ്ണിയുടെ കോവിലകം സ്റ്റൈൽ മാമ്പഴ പുളിശ്ശേരി നമ്മുടെ അടുക്കളയിൽ ഉണ്ടാക്കിയാലോ?
Urmila Unni Mambazha Pulissery:സാധാരണ മാമ്പഴ പുളിശ്ശേരിയില്‍ നിന്നും അല്‍പ്പം വ്യത്യസ്തമായി ഉണ്ടാക്കുന്ന ഈ വിഭവം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

Kovilakam Mambazha Pulisserry
മാമ്പഴം ഇഷ്ടമില്ലാത്തവർ കുറവായിരിക്കും. നേവൽക്കാലത്ത് ധാരാളമായി ഉണ്ടാവുന്ന ഒന്നാണ് മാമ്പഴം. ഇനി വരാൻ പോകുന്നതും മാമ്പഴ കാലമാണ്. വ്യത്യസ്ത രുചിയിൽ പല തരത്തിലുള്ള മാമ്പഴങ്ങളാണ് നമ്മുടെ നാട്ടിൽ ഈ സമയത്ത് കാണുന്നത്. പാകം ആകുന്നതിനു മുൻപും അതിനു ശേഷവും പഴുത്തത്തുമായ എല്ലാ മാമ്പഴങ്ങളും നമ്മൾ ഉപയോഗിക്കാറുണ്ട്. പലതരത്തിലുള്ള വിഭവങ്ങളാണ് ഈ പറഞ്ഞ മാമ്പഴം വച്ച് ഉണ്ടാക്കുന്നത്. ഇതിലെ പ്രധാനവിഭവങ്ങളിൽ ഒന്നാണ് മാമ്പഴ പുളിശ്ശേരി.
കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ഒരുപോലെ ഇഷ്ടമുള്ള ഒരു വിഭവം കൂടിയാണിത്. എരിവും പുളിയും മധുരവും ഒന്നിച്ചുചേര്‍ന്ന ഈ കറി കേൾക്കുമ്പോൾ തന്നെ വയറ്റിൽ നിന്ന് വിശപ്പിന്റെ വിളിയും വായിൽ നിന്ന് വെള്ളവും വരും. മലയാളികളുടെ ഈ പ്രിയപ്പെട്ട വിഭവം ഉണ്ടാക്കാനും വളരെ എളുപ്പമാണ്. പല തരത്തിൽ ഈ കറ ഉണ്ടാക്കാറുണ്ട്. പല ദേശങ്ങൾക്കനുസരിച്ച് കറിയുടെ ശൈലി മാറും. ഇത്തവണ അല്പം രൂചികരമായ സ്പെഷല്‍ മാമ്പഴ പുളിശ്ശേരി ഉണ്ടാക്കിയാലോ? നടി ഊര്‍മ്മിള ഉണ്ണിയുടെ സ്പെഷല്‍ കോവിലകം സ്റ്റൈല്‍ മാമ്പഴ പുളിശ്ശേരിയാണ് ഉണ്ടാക്കാൻ പോകുന്നത്. സാധാരണ മാമ്പഴ പുളിശ്ശേരിയില്‍ നിന്നും അല്‍പ്പം വ്യത്യസ്തമായി ഉണ്ടാക്കുന്ന ഈ വിഭവം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.
Also Read:തിളക്കവും മൃദുലവുമായ മുഖത്തിന് മാതളനാരയ്ങ്ങ ജ്യൂസ്; അറിയാം ഗുണങ്ങൾ
മാമ്പഴ പുളിശ്ശേരിയുടെ ചേരുവകൾ
നാടന്‍ മാമ്പഴം – 1 കിലോഗ്രാം
ശര്‍ക്കര – കാല്‍ കിലോ
തേങ്ങ -3 പിടി
മുളകുപൊടി – 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – മുക്കാല്‍ ടീസ്പൂണ്‍
തൈര് – 350 മില്ലി
നെയ്യ് – 1 ടേബിള്‍സ്പൂണ്‍
കടുക് – 1 ടീസ്പൂണ്‍
മാമ്പഴ പുളിശ്ശേരി തയാറാക്കുന്ന വിധം
- എടുത്തിരിക്കുന്ന ശർക്കര ഉരുക്കി അതിലെ പൊടികളൊക്കെ കളഞ്ഞ് നന്നായി അരിച്ചെടുക്കുക. ഒരു കിലോ മാമ്പഴത്തിന് കാല്‍ കിലോ ശർക്കരയാണ് ആവശ്യം. ഇത് മാമ്പഴത്തിന്റെ മധുരം അനുസരിച്ച് കൂടിയും കുറഞ്ഞും ഇരിക്കും
- ഇതിനു ശേഷം തൊലി കളഞ്ഞ മാമ്പഴം ഒരു പ്രെഷര്‍കുക്കറില്‍ അല്‍പ്പം വെള്ളം മാത്രം ഒഴിച്ച് വേവിക്കുക. ഉപ്പോ മറ്റു പൊടികളോ ചേര്‍ക്കേണ്ട ആവശ്യമില്ല. ഒരു വിസില്‍ വരുമ്പോള്‍ തീ ഓഫ് ചെയ്ത് മാറ്റി വയ്ക്കുക. പുളിശ്ശേരിക്കായി ചെറിയ നാടന്‍ മാമ്പഴമോ ചന്ദ്രക്കാരന്‍ മാമ്പഴമോ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ഇത് കിട്ടിയില്ലെങ്കിൽ മാത്രം വലിയ മാമ്പഴം എടുക്കുക
- അരപ്പിനായി മിക്സിയുടെ ജാറിലേക്ക് വലിയ ഒരു തേങ്ങ മുറി ചിരകിയത്, എരിവുള്ള മുളകുപൊടി, മഞ്ഞള്‍പ്പൊടി, തൈര് എന്നിവ ചേര്‍ത്ത് നന്നായി വെണ്ണ പോലെ അടിച്ചെടുക്കുക. ഇതിലേക്ക് വെള്ളം ചേര്‍ക്കേണ്ടതില്ല. നല്ല പുളിയുള്ള തൈര് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.
- ഇതിനു ശേഷം നേരത്തെ ഉരുക്കി അരിച്ചുവെച്ച ശര്‍ക്കര പാനി ഒരു ഉരുളിയിലാക്കി അടുപ്പിലേക്ക് വെയ്ക്കുക. ഇതിലേക്ക് ഒരു ടേബിള്‍സ്പൂണ്‍ നെയ്യ് ഒഴിക്കുക. നന്നായി ഇളക്കിയ ശേഷം നേരത്തെ വേവിച്ച വച്ച മാമ്പഴം ചേര്‍ക്കുക. ശര്‍ക്കരപാനിയില്‍ കിടന്ന് മാമ്പഴം നന്നായി വേവിച്ച് വറ്റിച്ചെടുക്കണം.
- ശേഷം നേരത്തെ അരച്ചുവച്ച തേങ്ങ ഇതിലേക്ക് ഒഴിക്കുക. ഈ സമയത്താണ് ഉപ്പിടേണ്ടത്. രണ്ടു മിനിറ്റ് നന്നായി തിളച്ച ശേഷം തീ ഓഫ് ചെയ്യുക.
- ഇനി ഇതിലേക്ക് താളിപ്പ് ചേര്‍ക്കണം. താളിക്കാനായി നെയ്യ് തന്നെ ഉപയോഗിക്കുക.ഒരു ചീനച്ചട്ടിയില്‍ ഒരു ടേബിള്‍സ്പൂണ്‍ നെയ്യ് ചേര്‍ത്ത് കടുക് പൊട്ടിക്കുക. ഇതിലേക്ക് ഉലുവ, വറ്റല്‍മുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് ഇളക്കി, ഉരുളിയിലേക്ക് ഒഴിക്കുക. രുചിയേറും കോവിലകം സ്റ്റൈല്‍ മാമ്പഴ പുളിശ്ശേരി തയ്യാർ