Sky- Dining Restaurant: ആകാശത്തിരുന്ന് ഭക്ഷണം കഴിക്കാം! ഇത് വേറെ എവിടെയുമല്ല, ഇന്ത്യയിലാണ്; പാക്കേജ് ഇങ്ങനെ
Sky-dining restaurant opens in Puri:ഒരു ക്രെയിനിൽ ഉയർത്തിപ്പിടിച്ചിരിക്കുന്ന പ്ലാറ്റ്‌ഫോമിലിരുന്നാണ് ഭക്ഷണം കഴിക്കുന്നത്. എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 3 മണി മുതൽ രാത്രി 12 മണി വരെയാണ് ഇതിന്റെ പ്രവർത്തന സമയം. ഒരു ഡൈനിങ് സെഷൻ ഒരു മണിക്കൂറാണ് നീണ്ടുനിൽക്കുന്നത്.

രാജ്യത്ത് തന്നെ ഏറ്റവും പേര് കേട്ട സ്ഥലമാണ് ഒഡിഷയിലെ പുരി നഗരം. മനോഹരമായ കടൽത്തീരങ്ങളും പുരാതനമായ ജഗന്നാഥക്ഷേത്രവും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഉദയവും അസ്തമയവും കാണാൻ കഴിയുമെന്നാെരു പ്രത്യേകത പുരികളിലെ ബീച്ചുകൾക്കുണ്ട് . ചരിത്രപ്രസിദ്ധമായ രഥയാത്രയും പുരിയുടെ പ്രശ്സതി വർദ്ധിക്കുന്നു. ഇപ്പോഴിതാ അവിടെ നിന്നുള്ള പുതിയൊരു കാഴ്ചയാണ് ആളുകൾക്കിടയിൽ ശ്രദ്ധേയമാകുന്നത്. ഭക്ഷണപ്രേമികളായവർക്കും സാഹസികത ഇഷ്ടപ്പെടുന്നവർക്കുമുള്ള സന്തോഷവാർത്തയാണ് ഇവിടെ നിന്ന് വരുന്നത്. മറ്റൊന്നുമല്ല പുണ്യപുരാതന നഗരത്തിന് മുകളില്‍, ആകാശത്തിരുന്ന് ഭക്ഷണം കഴിക്കാനുള്ള അവസരമാണ് ഒരുങ്ങിയിട്ടുള്ളത്.
ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും വിദേശത്തുമെല്ലാം കാണുന്ന ഈ ആകാശ ഡൈനിങ് ഒരുക്കിയത് ഫ്ലൈ ഡൈനിങ് കമ്പനിയാണ്. 100 അടി ഉയരത്തിൽ ‘സ്കൈ ഡൈനിങ്’ റെസ്റ്റോറൻറ് ആണ് പുരിയിൽ ഒരുങ്ങിയിരിക്കുന്നത്.
ഒരു ക്രെയിനിൽ ഉയർത്തിപ്പിടിച്ചിരിക്കുന്ന പ്ലാറ്റ്‌ഫോമിലിരുന്നാണ് ഭക്ഷണം കഴിക്കുന്നത്. എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 3 മണി മുതൽ രാത്രി 12 മണി വരെയാണ് ഇതിന്റെ പ്രവർത്തന സമയം. ഒരു ഡൈനിങ് സെഷൻ ഒരു മണിക്കൂറാണ് നീണ്ടുനിൽക്കുന്നത്. പുരിയിലെ ഹോട്ടൽ റിവേരയിലെ ലൈറ്റ്ഹൗസിനടുത്ത് സ്ഥിതി ചെയ്യുന്ന ഈ ആകാശഹോട്ടൽ ചുറ്റുമുള്ള ഭൂപ്രകൃതിയുടെ അതിമനോഹരമായ കാഴ്ചകൾ ആസ്വദിച്ചുകൊണ്ട് ഭക്ഷണം കഴിക്കാൻ അവസരം ഒരുക്കുന്നു.
Also Read:മഖാന മുതൽ ഖിച്ച്ഡി വരെ; പ്രധാനമന്ത്രിയുടെ സൂപ്പർഫുഡുകൾ ഇവയൊക്കെയാണ്…
ഒരു ഡൈനിങ് സെഷനിൽ 20 പേർക്കാണ് ഭക്ഷണം കഴിക്കാൻ അവസരമുള്ളത്. ഇന്ത്യൻ, ചൈനീസ്, കോണ്ടിനെന്റൽ, ധാബ വിഭവങ്ങളാണ് ഇവിടെയുണ്ടാകുന്നത്. രണ്ടു രീതിയിലുള്ള നിരക്കുകളാണ് ഇവിടെ ഉള്ളത്. 1500 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഭക്ഷണം കിട്ടുന്ന പാക്കേജും, 1,100 രൂപയ്ക്ക് പരിമിതമായ ഭക്ഷണം കിട്ടുന്ന പാക്കേജുമാണ് ഉള്ളത്.
അതേസമയം കർശനമായ നിയമങ്ങളും ചട്ടങ്ങളുമാണ് ഇവിടെയൊരുക്കിയിട്ടുള്ളത്. ഗർഭിണികൾ, 5 വയസ്സിന് താഴെയുള്ള കുട്ടികൾ , വളർത്തുമൃഗങ്ങൾ എന്നിവ അനുവദനീയമല്ല. ഇതിനു പുറമെ ആളുകളുടെ പരമാവധി ഭാരം 100 കിലോഗ്രാമില്‍ കൂടാനും പാടില്ല. ഭക്ഷണം കഴിക്കാൻ ഉദ്ദേശിക്കുന്നവർ ആരോഗ്യസ്ഥിതി സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റില്‍ ഒപ്പിടണം. സീറ്റ് ബെൽറ്റുകൾ നിർബന്ധമാണ്. കാലാവസ്ഥ മോശമാണെങ്കിൽ ഇത് നിർത്തിവെക്കുമെന്നും കമ്പനിയുടെ വെബ്സൈറ്റില്‍ പറയുന്നു.