Puttu Varieties : അരിയും ഗോതമ്പും കൊണ്ടുള്ള പുട്ട് മടുത്തോ? ഇന്നാ പിടിച്ചോ വെറൈറ്റി പുട്ടുകൾ
Kerala Puttu Varieties : അരി പുട്ടും ഗോതമ്പ് പുട്ടുമാണ് പതിവായി മലയാളികളുടെ അടുക്കളയിൽ കാണാൻ സാധിക്കുക. ഇത് രണ്ടും മാറ്റിവെച്ച് പുട്ടിനെ ഒരു അത്ഭുതമാക്കുന്ന ചില വെറൈറ്റികൾ പരിചയപ്പെടാം.

പുട്ടും കടലയും മലയാളികൾക്ക് ഒരു പ്രത്യേക വികാരമാണ്. സ്ഥിരമായാൽ പുട്ടിനെ ഒരുപോലെ മലയാളികൾ വെറുക്കുകയും ചെയ്യും. ആവിയിൽ പാകം ചെയ്യുന്നതും അതികം സമയം ചിലവാക്കാതെ വേഗത്തിൽ പാചകം ചെയ്യാൻ സാധിക്കുന്നതുമാണ് മലയാളികളുടെ അടുക്കളയിൽ പുട്ടിന് ആഴ്ചയിൽ ഒരു ദിവസമെങ്കിലും സ്ഥാനം ലഭിക്കുന്നത്. പുട്ടിനോടൊപ്പം കടലയും പഴവുമാണ് പൊതുവെ ചേർത്ത് കഴിക്കാറുള്ളത്. ഇത് രണ്ടിനും പുറമെ പപ്പടവും പയറും ചേർത്ത് കഴിക്കുന്നവരുണ്ട്. കടലയ്ക്ക് പകരം ചിക്കനും ബീഫും കൂട്ടി കഴിക്കുന്നവരുണ്ട്.
എന്നാൽ പുട്ട് ചിലർക്ക് അലോസരമാകുന്നത് അത് സ്ഥിരമായി അരിയോ ഗോതമ്പോ ഉപയോഗിച്ച് മാത്രം ഉണ്ടാക്കുന്നതായത് കൊണ്ടാണ്. ഇതൊന്ന് മാറ്റി പിടിച്ചാൽ പുട്ടിനോട് തോന്നിയേക്കാവുന്ന വിരക്തി മാറ്റിയെടുക്കാൻ സാധിക്കും. അരിപ്പൊടിയും ഗോതമ്പുപ്പൊടിയും അല്ലാതെ ഏതെ വിധത്തിൽ പുട്ട് ഉണ്ടാക്കാമെന്നും ആ വെറൈറ്റികൾ എന്തെല്ലാമാണെന്നും പരിശോധിക്കാം.
ഓട്സ് പുട്ട് – അൽപം ആരോഗ്യപൂർണമായി പുട്ട് കഴിക്കാനാണെങ്കിൽ ഓട്സാണ് ബെസ്റ്റ്. ഓട്സ് അൽപം നനച്ച്, തേങ്ങയ്ക്കൊപ്പം ചേർത്ത് പുട്ടുകുറ്റിയിൽ ഇട്ട് ആവി കൊടുത്താൽ ഓട്സുകൊണ്ടുള്ള പുട്ട് റെഡിയായി. പഴം ചേർത്ത് കഴിക്കുന്നതാണ് ഉത്തമം.
റാഗി പുട്ട് – ഓട്സ് പോലെ തന്നെ ആരോഗ്യപൂർണമായ പുട്ടാണ് റാഗി ഉപയോഗിച്ചുകൊണ്ടുള്ളത്. അരിപ്പൊടി നനയ്ക്കുന്നത് പോലെ റാഗിയും നനച്ച് തേങ്ങയും ചേർത്ത് പാകം ചെയ്യുക. പഴമോ, പപ്പടമോ അല്ലെങ്കിൽ കടലയോ ചേർത്ത് കഴിക്കാവുന്നതാണ്.
ചോളം കൊണ്ടുള്ള പുട്ട് – ചോളം പൊടിച്ച് കിട്ടുന്ന പൊടി ഉപയോഗിച്ച് തേങ്ങയ്ക്കൊപ്പം ചേർത്ത് പുട്ട് ഉണ്ടാക്കുന്നതാണ്. പയറും പപ്പടവുമാണ് ഈ പുട്ടിനുള്ള മികച്ച കോംബോ.
ഇറച്ചി പുട്ട് – അരിപ്പുട്ടിനുള്ളിൽ ഇറച്ചിക്കറി ചേർക്കുന്നതാണ് ഇറച്ചി പുട്ട്. ആവിയിൽ വേവിച്ച് വരുമ്പോൾ രുചി വേറെയാണ്. വേറെ ഒരു കൂട്ടുമില്ലാതെ ഇറച്ചി പുട്ട് കഴിക്കാവുന്നതാണ്.
ബീറ്റ്റൂട്ട്-ക്യാരട്ട് പുട്ട് – സാധാരണ പുട്ടിനുള്ളിൽ തേങ്ങയ്ക്ക് ബീറ്റ്റൂട്ടും ക്യാരട്ടും ചേർക്കുന്നതാണ് ഇതിൻ്റെ പ്രത്യേകത. രുചിയിലും വ്യതാസമുണ്ടാകും.
റവ പുട്ട് – റവ പൊടി ഉപയോഗിച്ച് പുട്ട് ഉണ്ടാക്കാം. അരിപ്പൊടിക്കും ഗോതമ്പുപ്പൊടിക്കും പകരം റവ ഉപയോഗിച്ചാൽ മതി. കടല, പഴം, പപ്പടം എന്നിവ ചേർത്ത് ഈ പുട്ട് കഴിക്കാൻ സാധിക്കും
ചക്ക പുട്ട്- ഇപ്പോൾ ചക്ക സീസൺ ആണെല്ലോ, നല്ല പഴുത്ത ചക്കയുണ്ടെങ്കിൽ കിടിലൻ ഒരു പുട്ട് ഉണ്ടാക്കാം. പൊടിക്കും തേങ്ങയ്ക്കൊപ്പം പഴുത്ത ചക്കയും ചേർത്ത് പുഴുങ്ങിയെടുക്കുക. വേറെ ഒന്നുമില്ലാതെ നല്ല മധുരമുള്ള ഒരു ചക്ക പുട്ട് കഴിക്കാൻ സാധിക്കും.
നൂൽ പുട്ട് – ശരിക്കും പറഞ്ഞാൽ നൂൽ പുട്ട് ഇഡിയപ്പമാണ്. കേരളത്തിലെ ചില ഇടങ്ങളിൽ ഈ പലഹാരത്തെ നൂൽ പുട്ട് എന്നാണ് വിളിക്കുന്നത്.
അങ്ങനെ വിവിധ തരം പുട്ടുകളുടെ എണ്ണം അവസാനിക്കുന്നില്ല. കേവലം അരിപ്പുട്ടിലോ ഗോതമ്പുപ്പുട്ടിലോ ഒതുക്കാതെ മേൽ പറഞ്ഞ പുട്ടികൾ ഒന്ന് പരീക്ഷിച്ച് നോക്കൂ