Good Friday 2025: ദുഃഖവെള്ളി നാളിലെ കഞ്ഞിയും പയറും; ഈ രുചിക്ക് മുമ്പിൽ മറ്റെല്ലാം മുട്ടുകുത്തും
Good Friday Special Kanju And Payar Recipe: ദുഃഖവെള്ളി നാളിലെ കഞ്ഞിക്കും പയറിനും ഒരു പ്രത്യേക രുചിയാണ്. വലിയ ചേരുവകൾ ഒന്നുതന്നെയില്ലെങ്കിലും ആ കഞ്ഞി കുടിച്ചാൽ അന്നത്തെ ദിവസം പൂർണമാകും. ഒരുപക്ഷേ മലയാളികൾക്ക് കഞ്ഞി വളരെ പ്രിയങ്കരമായതിനാലാവാം. കഞ്ഞി ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നുകൂടിയാണ്.

നാളെയാണ് ദുഃഖവെള്ളി. യേശുവിനെ കുരിശിൽ കയറ്റിയ ദിവസത്തിൻ്റെ ഓർമ്മയായാണ് ദുഃഖവെള്ളി ആചരിക്കുന്നത്. ക്രൈസ്തവർ അന്നേദിവസം പള്ളിയിൽ കുർബ്ബാനകളിലും പ്രത്യേക പ്രാർത്ഥനകളിലും പങ്കെടുത്ത് ദുഃഖസൂചകമായി ഉപവസിക്കുന്നു. ദുഃഖവെള്ളിയുടെ അന്ന് ക്രിസ്ത്യാനികൾ ലഘുഭക്ഷണങ്ങളാണ് കഴിക്കുക. മലയാളി കുടുംബങ്ങളിലാണെങ്കിൽ കഞ്ഞിയും പയറുമാണ് പ്രധാന ആഹാരം. ആഘോഷങ്ങളൊന്നുമില്ലാതെ ആചരച്ച് പോകുന്ന ദിവസം കൂടിയാണ് ദുഃഖവെള്ളി.
ദുഃഖവെള്ളി നാളിലെ കഞ്ഞിക്കും പയറിനും ഒരു പ്രത്യേക രുചിയാണ്. വലിയ ചേരുവകൾ ഒന്നുതന്നെയില്ലെങ്കിലും ആ കഞ്ഞി കുടിച്ചാൽ അന്നത്തെ ദിവസം പൂർണമാകും. ഒരുപക്ഷേ മലയാളികൾക്ക് കഞ്ഞി വളരെ പ്രിയങ്കരമായതിനാലാവാം. കഞ്ഞി ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നുകൂടിയാണ്.
കേരളത്തിലെ മിക്ക പള്ളികളിലും ദുഃഖവെള്ളി ദിവസം പ്രാർത്ഥനകൾക്ക് ശേഷം കഞ്ഞിയും പയറും വിശ്വാസികൾക്ക് നൽകാറുണ്ട്. സാധാരണയായി രാവിലെ ഏഴുമണിക്ക് തുടങ്ങുന്ന പ്രാർത്ഥനകൾ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അവസാനിക്കുക. ചില വിഭാഗക്കാർക്കിടയിൽ അത് പിന്നെയും നീളുന്നു. അതിനുശേഷം എല്ലാവരും ഈ കഞ്ഞിയും പയറും കഴിച്ചാണ് പിരിയുന്നത്. ദുഃഖവെള്ളി നാളിലെ കഞ്ഞിയും പയറും ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.
കഞ്ഞി തയ്യാറാക്കുന്നത്
ചേരുവകൾ: കുത്തരി (ഒന്നര ഗ്ലാസ്സ്), ആവശ്യത്തിന് വെള്ളം
കലത്തിൽ ആവശ്യത്തിന് വെള്ളം ചൂടാക്കി അരി കഴുകി ഇട്ട്, അടുപ്പിൽ തന്നെ വെച്ചോ, റൈസ് കുക്കറിൽ വെച്ചോ കഞ്ഞി വേവിക്കാവുന്നതാണ്. ഒന്നരഗ്ലാസ് അരിക്ക് എട്ട് ഗ്ലാസ് വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പും ഇട്ട് അടുപ്പിൽ വച്ച് വേവിച്ചെടുക്കുക. പ്രഷർ കുക്കറിലാണെങ്കിൽ ആവശ്യത്തിന് വിസിലടിച്ച ശേഷം ഓഫാക്കുക. കഞ്ഞി റെഡി.
ചെറുപയർ തോരൻ തയ്യാറാക്കുന്നത്
ചേരുവകൾ: ചെറുപയർ – മുക്കാൽ ഗ്ലാസ്, ഉപ്പ്, മഞ്ഞൾപ്പൊടി, ചെറിയ ഉള്ളി, തേങ്ങ, വെളുത്തുള്ളി, കറിവേപ്പില, പച്ചമുളക്, ഉലുവപ്പൊടി, കുരുമുളക്‌പൊടി.
ആവശ്യമെങ്കിൽ ചെറുപയർ നേരത്തെ തന്നെ വെള്ളത്തിൽ കുതിർത്ത് വയ്ക്കാം. ഇല്ലെങ്കിൽ പ്രഷർ കുക്കറിലോ പാത്രത്തിലോ അടച്ചുവെച്ച് ഉപ്പും മഞ്ഞളും ചേർത്ത് വേവിച്ചെടുക്കുക. പയറ് വെന്ത് വെള്ളം വറ്റിവരുന്നത് വരെ വേവിക്കുക. പിന്നീട് മറ്റൊരു പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി അതിൽ കടുക് ഇട്ട് പൊട്ടിക്കുക. അതിലേക്ക് കുറച്ച് ചെറിയ ഉള്ളി അരിഞ്ഞത് ഇട്ട് വാട്ടിയെടുക്കുക.
ശേഷം കുറച്ച് തേങ്ങ ചിരകിയതിലേക്ക് രണ്ട് തണ്ട് കറിവേപ്പിലയും പച്ചമുളകും വെളുത്തുള്ളിയും അൽപ്പം കുരുമുളക് പൊടിയും നന്നായി കൈ കൊണ്ട് തിരുമ്മി ചേർത്ത് മൂപ്പിച്ച ഉള്ളിയിലേക്ക് ചേർക്കുക. ഇത് ഇളക്കി യോജിപ്പിച്ച് ചൂടാകുമ്പോൾ വേവിച്ച് വെച്ചിരിക്കുന്ന പയർ ഇതിലേക്ക് ചേർക്കുക. രണ്ട് മിനിട്ട് എല്ലാം കൂടി ഒന്നിച്ച് അടച്ച് വച്ച് ചൂടാക്കി തീ ഓഫ് ചെയ്യാം. ശേഷം നല്ല മാങ്ങാ അച്ചാറിനൊപ്പമോ നാരങ്ങ അച്ചാറിനൊപ്പമോ ഇത് കഴിക്കാവുന്നതാണ്.