Easter 2025: കോട്ടയം രുചിയിൽ പിടിയും കോഴിയും; ഈസ്റ്ററിന് ഇനി കൺഫ്യൂഷൻ വേണ്ട
Pidiyum Kozhiyum Malayalam: ഇത്തവണത്തെ ഈസ്റ്ററിന് എന്ത് ഉണ്ടാക്കുമെന്ന കൺഫ്യൂഷൻ വേണ്ട, കോട്ടയം രൂചിയിൽ പിടിയും കോഴിയും തന്നെയാകട്ടെ.

സ്‌നേഹത്തിന്റെയും സഹനത്തിന്റെയും ഓര്‍മ്മപ്പെടുത്തലാണ് ഓരോ ഈസ്റ്ററും. ഈ വർഷത്തെ ഈസ്റ്റർ ഇതാ എത്തികഴിഞ്ഞു. വിഭവസമൃദ്ധമായ ഭക്ഷണമാണ് ഈ ദിവസം ഓരോ ക്രിസ്ത്യൻ വീടുകളിലും തയ്യാറാക്കുന്നത്. എന്നാൽ ഇത്തവണത്തെ ഈസ്റ്ററിന് എന്ത് ഉണ്ടാക്കുമെന്ന കൺഫ്യൂഷൻ വേണ്ട, കോട്ടയം രൂചിയിൽ പിടിയും കോഴിയും തന്നെയാകട്ടെ.
ഏറെ ചരിത്രപ്രാധാന്യമുള്ള ഒരു വിഭവം തന്നെയാണ് ഇത്. എഡി 52 ൽ മുസിരിസിൽ വച്ച്, ചേര രാജാവ് സെന്‍റ് തോമസിന് വിളമ്പിയെന്ന് കരുതപ്പെടുന്ന പിടിക്കും കോഴിക്കും വലിയ സാംസ്‌കാരിക പ്രധാന്യവുമുണ്ട്. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ വിവാഹങ്ങളിലും മതപരമായ ചടങ്ങുകളിലും കോഴിയും പിടിയും മുൻ നിരയിൽ തന്നെയുണ്ട്.
ഇത് എങ്ങനെ തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ?
പിടി– ചേരുവകൾ
അരിപ്പൊടി (നേരിയ തരിപ്പരുവത്തിൽ) ഒരു കിലോ
തേങ്ങാപ്പീര- ഒന്നര തേങ്ങയുടേത്
വെളുത്തുള്ളി നാല് അല്ലി
ജീരകം ഒരു ചെറിയ ടീസ്‌പൂൺ
തയാറാക്കുന്ന വിധം
ആവശ്യത്തിന് അരിപ്പൊടിയും തേങ്ങാപ്പീരയും ചേർത്തു വറുക്കുക. അധികം ചുവന്ന നിറം ആകുന്നതിനു മുൻപ് വാങ്ങിവയ്ക്കണം. ഇതിലേക്ക് ചേർക്കാൻ ആവശ്യമായ വെള്ളം തിളപ്പിച്ചെടുക്കുക. ഒരു കപ്പ് വറുത്ത പൊടിക്കു രണ്ടു കപ്പ് എന്ന കണക്കിൽ വെള്ളം തിളപ്പിക്കണം. അരച്ചെടുത്ത വെളുത്തുള്ളി, ജീരകം എന്നിവ ചേർത്താണു വെള്ളം തിളപ്പിക്കേണ്ടത്. തിളപ്പിച്ച വെള്ളം ഒഴിച്ച്, വറുത്തപൊടി ചൂടോടെ കുഴച്ചെടുക്കണം. 10 മിനിറ്റെങ്കിലും കുഴക്കണം. തുടർന്ന്, ചൂടോടു കൂടി ചെറിയ ഉരുളകളാക്കി മാറ്റി വെക്കുക.
ഇതിനു ശേഷം നേരത്തെ തിളപ്പിച്ചെടുത്ത വെള്ളത്തിലേക്ക് ഒന്നര കപ്പ് വെള്ളംകൂടി ചേർത്തു വീണ്ടും തിളപ്പിക്കുക. തിളച്ചുവരുമ്പോൾ പിടികൾ അതിലേക്ക് ഇടണം. അഞ്ചു മിനിറ്റുകൂടി തിളപ്പിച്ചശേഷം മാത്രം ഇളക്കാൻ തുടങ്ങുക. നന്നായി ഇളക്കിവറ്റിച്ച്, കുറുക്കു പരുവത്തിലാക്കിയ ശേഷം വാങ്ങിവയ്‌ക്കുക.
Also Read:കണ്ണൂരുകാരുടെ പ്രിയപ്പെട്ട ‘അൽസ’ കഴിച്ചിട്ടുണ്ടോ? നല്ല കിടിലൻ റെസിപ്പി ഇതാ…
വറുത്തരച്ച കോഴിക്കറി ചേരുവകൾ
ചേരുവകൾ
കോഴിയിറച്ചി കഷണങ്ങളാക്കിയത്- അര കിലോ
മുളകുപൊടി
മഞ്ഞൾപ്പൊടി
മല്ലിപ്പൊടി
കുരുമുളകുപൊടി
ഇഞ്ചി- ഒരു കഷണം
വെളുത്തുള്ളി- എട്ട് അല്ലി
കറുവാപ്പട്ട- ഒരു കഷണം
ഗ്രാമ്പൂ- നാലെണ്ണം
ഏലയ്ക്കാ- നാലെണ്ണം
സവാള- രണ്ട്
കറിവേപ്പില- ആവശ്യത്തിന്
വറ്റൽമുളക്- രണ്ട് എണ്ണം
തേങ്ങ ചിരവിയത്- ഒരു തേങ്ങയുടേത്
തേങ്ങാക്കൊത്ത്- കുറച്ച്
ചിക്കൻ മസാല- ഒരു ടേബിൾ സ്പൂൺ
ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം
നന്നായി വൃത്തിയാക്കിയെടുത്ത കോഴികഷണങ്ങളിലേക്ക് അൽപം മഞ്ഞൾപ്പൊടിയും മുളകുപൊടിയും കുരുമുളകുപൊടിയും ചിക്കൻ മസാലയും ആവശ്യത്തിന് ഉപ്പും പുരട്ടി അരമണിക്കൂർ വയ്ക്കുക. ഇതിനു ശേഷം ഒരു പാനിൽ പെരുംജീരകം, ഗ്രാമ്പൂ, പട്ട, ഏലയ്ക്ക, ചെറിയുള്ളി, കറിവേപ്പില, വറ്റൽ മുളക് എന്നിവ വഴറ്റുക. അല്പ സമയത്തിനു ശേഷം ഇതിലേക്ക് തേങ്ങ ചിരവിയത് ചേർക്കുക. ഇതൊന്ന് ബ്രൗൺ നിറമാകുമ്പോൾ തീ കുറച്ച് മഞ്ഞൾപ്പൊടിയും മുളകുപൊടിയും മല്ലിപ്പൊടിയും ചേർത്ത് ഇളക്കി അടുപ്പിൽ നിന്ന് ഇറക്കാം. ഇത് അൽപം വെള്ളം ചേർത്ത് അരച്ചെടുക്കുക.
മറ്റൊരു പാൻ അടുപ്പിലേക്ക് വച്ച് ചൂടായി വരുമ്പോൾ വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേക്ക് തേങ്ങാക്കൊത്ത് വറുത്ത് മാറ്റി വയ്ക്കാം. ഇനി സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവയും ആവശ്യത്തിന് മുളകുപൊടിയും മല്ലിപ്പൊടിയും ചിക്കൻമസാലയും ചേർത്ത് വഴറ്റുക. ഇതിലേക്ക് നേരത്തെ മസാല ചേർത്ത് മാറ്റിവച്ച ചിക്കൻ ഇട്ട് പാകത്തിന് വെള്ളമൊഴിച്ച് വേവിക്കുക. ചിക്കൻ വെന്ത് തുടങ്ങിയാൽ തയ്യാറാക്കി വച്ചിരിക്കുന്ന അരപ്പ് കൂടി ചേർത്ത് നന്നായി വേവിക്കുക. കറി വെന്ത് കഴിഞ്ഞാൽ വറുത്തു വച്ച തേങ്ങാക്കൊത്ത് മുകളിൽ വിതറാം.