Easter Recipes 2025: താറാവ് കറിയില്ലാതെ എന്ത് ഈസ്റ്റർ? തേങ്ങാപ്പാല് ചേർത്തൊരു പിടിപിടിച്ചാലോ?
Easter Duck Curry Recipe 2025: ഇത്തവണ താറാവ് റോസ്റ്റ് ഒന്ന് മാറ്റിപിടിച്ചാലോ? പകരം തേങ്ങാപ്പാലിൽ വേവിച്ചെടുത്ത നല്ല നാടൻ താറാവ് കറിയാകാം. വലിയ ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലാതെ എളുപ്പത്തിൽ താറാവ് കറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ഈസ്റ്ററിന് ഇനി കുറച്ച് ദിവസങ്ങൾ കൂടി മാത്രമേ ബാക്കിയുള്ളൂ. എന്തൊക്കെ വിഭവങ്ങൾ ഉണ്ടാക്കണം എന്ന കൺഫ്യൂഷനിലാണോ? താറാവ് കറി ഇല്ലാതെ എന്ത് ഈസ്റ്ററല്ലേ? ഇത്തവണ താറാവ് റോസ്റ്റ് ഒന്ന് മാറ്റിപിടിച്ചാലോ? പകരം തേങ്ങാപ്പാലിൽ വേവിച്ചെടുത്ത നല്ല നാടൻ താറാവ് കറിയാകാം. വലിയ ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലാതെ എളുപ്പത്തിൽ താറാവ് കറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ:
- താറാവ് – 2 കിലോ.
- തക്കാളി – 3 എണ്ണം.
- ചെറിയുള്ളി – 25 എണ്ണം.
- സവാള – 4 എണ്ണം.
- പച്ചമുളക് – 4 എണ്ണം.
- വെളുത്തുള്ളി – 25 അല്ലി.
- ഇഞ്ചി – ഒരു വലിയ കഷ്ണം.
- ഏലയ്ക്ക – 5 എണ്ണം.
- ഗ്രാമ്പു – 5 എണ്ണം. 5.
- പെരുംജീരകം – 1 ടീസ്പൂൺ.
- കടുക് – 1 ടീസ്പൂൺ.
- മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ.
- മുളകുപൊടി – 2 ടീസ്പൂൺ.
- മല്ലിപൊടി – 5 ടീസ്പൂൺ.
- കുരുമുളക് പൊടി – 2 ടീസ്പൂൺ.
- ഗരംമസാല – 1 1/2 ടീസ്പൂൺ.
- തേങ്ങാപാൽ (രണ്ടാം പാല്) – രണ്ട് കപ്പ്.
- തേങ്ങാപാൽ (ഒന്നാം പാല്) – ഒരു കപ്പ്.
- വിനീഗർ – ആവശ്യത്തിന്
- ഉപ്പ് – ആവശ്യത്തിന്
- വെളിച്ചെണ്ണ
- കറിവേപ്പില
ALSO READ: വേനലിൽ നിങ്ങളുടെ കുടലിൻ്റെ ആരോഗ്യം വീണ്ടെടുക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
തയാറാക്കുന്ന വിധം:
ഒരു ചട്ടിയിലേക്ക് ആദ്യം കഴുകിവെച്ച താറാവ് കഷ്ണങ്ങളാക്കിയത് ചേർത്ത് കൊടുക്കാം. ഇനി അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒന്നര ടേബിൾ സ്പൂൺ മുളകുപൊടി, അര ടേബിൾ സ്പൂൺ ഗരംമസാല, ഒരു ടേബിൾ സ്പൂൺ കുരുമുളക് പൊടി, ആവശ്യത്തിന് ഉപ്പ്, ഒരു ടേബിൾ സ്പൂൺ വിനാഗിരി കൂടി ചേർത്ത് മിക്സ് ചെയ്ത ശേഷം ഒരു പത്ത് മിനിറ്റ് ഇത് മാറ്റിവെക്കാം. ഇനി ഈ താറാവ് കുക്കറിലിട്ട് അതിലേക്ക് ചതച്ചുവെച്ച ഇഞ്ചിയും വെളുത്തുള്ളിയും അര കപ്പ് വെള്ളവും കൂടി ചേർത്ത് ഹൈഫ്ലെമിൽ ഒരു വിസിലും ലോഫ്ലെമിൽ രണ്ട് വിസിലും വരുന്നത് വരെ വേവിക്കണം.
ഈ സമയം കൊണ്ട് മറ്റൊരു പാൻ എടുത്ത് അതിലേക്ക് രണ്ടര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാം. ചൂടായി വരുമ്പോൾ കടുക് ചേർത്ത്, പൊട്ടി തുടങ്ങുമ്പോൾ പെരുംജീരകം, ഗ്രാമ്പു, ഏലയ്ക്ക കൂടി ചേർക്കാം. ഇനി ചതച്ചുവെച്ച ഇഞ്ചിയും വെളുത്തുള്ളിയും, കറിവേപ്പിലയും കൂടി ചേർത്ത് കൊടുക്കാം. ശേഷം സവാളയും പച്ചമുകളും കൂടി ചേർത്ത് നന്നായി വഴറ്റുക. സവാള വഴണ്ടുവരുമ്പോൾ മല്ലിപൊടി, കുരുമുളക്പൊടി, മഞ്ഞൾപൊടി, മുളകുപൊടി, ഗരംമസാല എന്നിവ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. പച്ചമണം മാറി വരുമ്പോൾ അരിഞ്ഞുവെച്ച തക്കാളി കൂടി ചേർത്ത് നന്നായി വഴറ്റിയെടുക്കുക.
ഇനി മുക്കാൽ വേവായ താറാവ്, വെള്ളത്തോടുകൂടി ഇതിലേക്ക് ചേർത്ത് കൊടുക്കാം. അടച്ചുവെച്ചു അൽപ നേരം വേവിക്കുക. ശേഷം ഇതിലേക്ക് രണ്ടാം പാല് ചേർക്കാം. രണ്ടാം പാലിൽ കിടന്ന് അൽപനേരം താറാവ് വെന്ത ശേഷം ഇതിലേക്ക് ഒന്നാം പാല് കൂടി ചേർക്കാം. ഒന്ന് ചൂടാക്കിയ ശേഷം കറിവേപ്പില കൂടി ചേർത്ത് സ്റ്റവ് ഓഫ് ചെയ്യാം. സ്വാദിഷ്ടമായ തേങ്ങാപ്പാലിൽ വേവിച്ച താറാവ് കറി തയ്യാർ.