Mattancheri Beef Biryani Recipe: ഈ പെരുന്നാളിന് വെറൈറ്റി മട്ടാഞ്ചേരി ബീഫ് ബിരിയാണിയായല്ലോ? ഇതാ പിടിച്ചോ റെസിപ്പി
Mattancheri Beef Biryani Recipe: ഒരു സ്പെഷൽ മട്ടാഞ്ചേരി സ്റ്റൈൽ ബീഫ് ബിരിയാണി. പേര് കേട്ട് പേടിക്കേണ്ട. സിംപിളായി തന്നെ നമ്മുക്ക് ഇത് ആക്കാം.

ഏതൊരു ഭക്ഷണപ്രേമിയും വീണു പോകുന്നത് ബിരിയാണിയുടെ രുചിയിലാണ്. ദം പൊട്ടിക്കുമ്പോൾ പരക്കുന്ന സുഗന്ധവും മസാലകൂട്ടിലെ രുചിയും ഭക്ഷണപ്രേമിയുടെ നാവിൽ വെള്ളം നിറയ്ക്കും. ഇത്തവണത്തെ പെരുന്നാളിനും നമ്മുക്ക് ബീഫ് ബിരിയാണി തന്നെയായല്ലോ. എന്നാൽ എന്നും ഉണ്ടാക്കുന്ന ബീഫ് ബിരിയാണിയിൽ നിന്ന് ഇത്തവണ അൽപം വെറൈറ്റി പിടിക്കാം.
പല നാട്ടിലും പല രൂചിയാണ് ബിരിയാണിക്ക്. മലബാർ ബിരിയാണിയുടെ രുചി ഒരിക്കലും നമ്മുക്ക് തിരുവനന്തപുരം ഭാഗത്ത് നിന്ന് ലഭിക്കില്ല ഇന്ന് നമ്മൾ പരിചയപ്പെടുന്നതും അത്തരത്തിലുള്ള ഒരു ബിരിയാണിയാണ്. ഒരു സ്പെഷൽ മട്ടാഞ്ചേരി സ്റ്റൈൽ ബീഫ് ബിരിയാണി. പേര് കേട്ട് പേടിക്കേണ്ട. സിംപിളായി തന്നെ നമ്മുക്ക് ഇത് ആക്കാം.
ചേരുവകൾ
ബിരിയാണി തയ്യാറാക്കാനായി ആവശ്യമായ ബസ്മതി അരി, കറുവപ്പട്ട, ഗ്രാമ്പൂ, തക്കോലം, കുരുമുളക്
മസാലയ്ക്ക് ആവശ്യമായ സാധനങ്ങൾ:ഉള്ളി അരിഞ്ഞത്,ബീഫ് ക്യൂബ്സ് ,തക്കാളി അരിഞ്ഞത്,തൈര്, ഉപ്പ്, പുതിനയില, മല്ലിയില, വെളുത്തുള്ളി പേസ്റ്റ്, ഇഞ്ചി പേസ്റ്റ് , പച്ചമുളക് ചതച്ചത് , വെള്ളം,നെയ്യ്, സൺഫ്ലവർ ഓയിൽ, റോസ് വാട്ടർ.
ബിരിയാണി മസാലയ്ക്കുള്ള ചേരുവകൾ
ഏലയ്ക്ക, കറുവപ്പട്ട: ഗ്രാമ്പൂ ,തക്കോലം, പെരുംജീരകം, കുരുമുളക്. എല്ലാ മസാലകളും വറുത്ത് നന്നായി പൊടിച്ചെടുക്കാം.
ബിരിയാണിക്ക് ആവശ്യമായ ബസ്മതി അരി എടുത്ത് നന്നായി കഴുകി വൃത്തിയാക്കി കുറഞ്ഞത് 2 മണിക്കൂർ കുതിർക്കുക. തുടർന്ന് ഒരു പാൻ എടുത്ത് അതിലേക്ക് വെളിച്ചെണ്ണ ചേർക്കുക. ഇതിലേക്ക് അരിഞ്ഞ് വെച്ച് സവാള ചേർക്കുക. ഇത് വഴറ്റി വരുമ്പോഴേക്കും ചതച്ച ഇഞ്ചിയും പച്ചമുളകും ചേർക്കുക. ഇത് പച്ചമണം മാറുന്ന വരെ വഴറ്റുക. ഇതിലേക്ക് അരിഞ്ഞ തക്കാളി ചേർക്കുക. ഇത് ഒന്ന് വഴന്ന് വരുമ്പോൾ ഇതിലേക്ക് ബീഫ് കഷണങ്ങൾ ചേർത്ത് നന്നായി യോജിപ്പിക്കാം.അതിലേക്ക് സ്പെഷലായി ചിക്കൻ മസാല ചേർക്കാം. ശേഷം 20 മിനിറ്റ് ചെറിയ തീയിൽ അടച്ച് വച്ച് വേവിക്കാം.
ഈ സമയത്ത് മറ്റൊരു അടുപ്പിൽ വെള്ളം നന്നായി തിളപ്പിച്ച് ആവശ്യത്തിനുള്ള ഉപ്പു കറുവപ്പട്ടയും ഏലക്കായയും ഗ്രാമ്പൂവും കുരുമുളകും പെരുംജീരകവും ചേർത്ത് കൊടുക്കാം. ഇതിലേക്ക് കുതിർത്ത ബസ്മതി അരി ഇട്ട് കൊടുക്കുക. ഇതിനിടെയിൽ ബീഫ് പാകമാകുമ്പോൾ അതിലേക്ക് പൊടിച്ച് വച്ച മസാലയും തൈരും ചേർത്ത് നന്നായി യോജിപ്പിക്കാം. ശേഷം അരിഞ്ഞ് വെച്ച മല്ലിയിലയും പുതിനയിലയും ചെറുതായി അരിഞ്ഞ പൈനാപ്പിളും ചേർക്കാം. ഇതിലേക്ക് പാതി വെന്ത ബിരിയാണി റൈസും ചേർക്കാം. മുകളിലായി കശുവണ്ടിയും മുന്തിരിയും പൈനാപ്പിളും ഫ്രൈഡ് ഒണിയനും ആവശ്യത്തിനുള്ള നെയ്യും പുതിനയിലയും മല്ലിയിലയും റോസ് വാട്ടറും ചേർത്ത് ചെറിയ തീയിൽ ഇരുപതു മിനിറ്റ് നേരം അടച്ചുവച്ച് വേവിക്കുക. മട്ടാഞ്ചേരി ബീഫ് ബിരിയാണി ഇതാ തയാർ.