Vishu Sadya : മലബാറിൽ ചിക്കനും ബീഫുമാണെങ്കിൽ, വിഷുസദ്യയ്ക്ക് മധ്യകേരളത്തിൽ വേണ്ടത് പോർക്കാണ്; ആശ്ചര്യം തോന്നുന്നോ?
Pork In Vishu Sadya : കോട്ടയം ജില്ലയിലെ ചില ഇടങ്ങളിലാണ് വിഷുസദ്യയ്ക്ക് പന്നിയിറച്ചി കൂട്ടാനായി കരുതുന്നത്.

കോട്ടയം : ഓണമായാലും വിഷു ആയാലും സദ്യയിലെങ്കിൽ മലയാളികളുടെ ആഘോഷം പൂർത്തിയാകില്ല. ഓണം പോലെ വിഷുവിനും തൂശനിലയിട്ട് അതിൽ നിറയെ കറികളും വിളമ്പി സദ്യ കഴിക്കണമെന്നാണ്. പുറമെ എല്ലാവരും കേരള സദ്യ എന്ന പറയുമെങ്കിലും തിരുവനന്തപുരത്തെ പാറശ്ശാല മുതൽ കാസർകോട്ടെ മഞ്ചേശ്വരം വരെ പല തരത്തിലാണ് സദ്യയുള്ളതും അത് വിളമ്പുന്നതും. വടക്കൻ കേരളത്തിലെ ചില ഇടങ്ങളിൽ സദ്യയ്ക്കൊപ്പം ചിക്കനും ബീഫും മിനും വിളമ്പാറുണ്ടെന്ന് കേട്ടപ്പോൾ ചിലരുടെ നെറ്റി ചുളിഞ്ഞതാണ്. ഇത് മാത്രമല്ല, പന്നിയിറച്ചി കൂട്ടിയും വിഷുസദ്യ കഴിക്കുന്ന ഇടമുണ്ട് കേരളത്തിൽ.
സദ്യയ്ക്കൊപ്പം പോർക്കോ? അൽപം കടന്നുപോയോ? എന്ന തരത്തിലുള്ള ആശ്ചര്യം തോന്നിയേക്കാം, പക്ഷേ വിഷദിനത്തിൽ അങ്ങനെ സദ്യ കഴിക്കുന്നവരുണ്ട്. മധ്യകേരളത്തിലെ കോട്ടയത്താണ് വിഷുസദ്യയ്ക്കൊപ്പം പന്നിയിറച്ചി കൂട്ടുകറിയായി വിളമ്പാറുള്ളത്. കോട്ടയം എന്ന പറയുമ്പോൾ, കോട്ടയത്ത് എല്ലായിടത്തുമില്ല, പെരുവ, പിറവം അതിനോട് ചേർന്ന് കിടക്കുന്ന സ്ഥലങ്ങളിൽ മാത്രമാണ് ഇങ്ങനെയൊരു സദ്യയുള്ളതെന്ന് പറയാൻ സാധിക്കുക.
ALSO READ : Vishu Sadhya 2025: ഈ വിഷു സദ്യ അല്പം മധുരത്തോടെയാവാം; തയ്യാറാക്കാം വെറൈറ്റി പലഹാരങ്ങൾ
എന്നാൽ വിഷു പോലെ ഹൈന്ദവ വിശ്വാസവുമായി ഏറെ ചേർന്ന് നിൽക്കുന്ന ഉത്സവത്തിന് പന്നിയിറച്ചി വിഭവം ഒരുക്കുന്നത് എന്തുകൊണ്ട് എന്ന കാര്യത്തിൽ ആർക്കും വ്യക്തതയില്ല. വർഷങ്ങളായി വിഷവിന് സദ്യ ഒരുക്കുമ്പോഴും പന്നിയിറച്ചയും പാകം ചെയ്യാറുണ്ടെന്നാണ് ഇവിടെയുള്ളവർ പറയുന്നത്. പന്നിയിറച്ചി ഒരുക്കുന്നതിന് പിന്നിൽ എന്തേലും ചരിത്രമുണ്ടോ എന്ന കാര്യത്തിൽ ആർക്കും വ്യക്തതയില്ല.
നേരത്തെ വിഷുവിന് ഒരുങ്ങുന്ന തലേദിവസമായിരുന്നു പന്നിയിറച്ചി ഉണ്ടാക്കി കഴിക്കാറുള്ളത്. എന്നാൽ അത് പിന്നീട് വിഷു സദ്യയ്ക്കൊപ്പം ചേർന്ന് പോയതായിരിക്കാമെന്നാണ് ഈ പ്രദേശത്തെ മുതിർന്നവർ അഭിപ്രായപ്പെടുന്നത്. എന്നാൽ വിഷുവിന് പന്നിയിറച്ചി പാകം ചെയ്യുന്നതിന് ഈഴവ സമുദായവുമായി ബന്ധമുണ്ടെന്ന് പറയുന്നവർ ഉണ്ട്. എന്നാൽ വാസ്തവം ഇപ്പോഴും പലർക്കും അറിയില്ല.