Migraine Remedies: മൈഗ്രെയ്നുള്ളവർക്ക് സ്മാർട്ട്‌ഫോണുകൾ വില്ലനോ? തലവേദന കുറയ്ക്കാൻ ഇതാ ചില എളുപ്പവഴികൾ
Home Remedies For Migraine: അമിതമായ സ്‌ക്രീൻ സമയം തലവേദനയ്ക്കും കണ്ണിന്റെ ആയാസത്തിനും കാരണമാകും. ഇത് കണ്ണുകളിൽ വേദനയും തുടർച്ചയായി തലവേദനയും അനുഭവപ്പെടാൻ കാരണമാകുന്നു. എന്നാൽ ജോലിയുടെ ഭാഗമാണെങ്കിൽ നമുക്ക് ഇക്കാര്യത്തിൽ വിട്ടുവീഴ്ച്ച ചെയ്യാൻ കഴിയില്ല.

മണിക്കൂറുകളോളം കണ്ണെടുക്കാതെ സ്ക്രീനുകളിലേക്ക് നോക്കിയിരിക്കുന്നത് ജീവിതശൈലിയായി മാറിയിരിക്കുന്നു. ജോലിയായാലും വിനോദമായാലും സോഷ്യൽ മീഡിയയിലൂടെ സ്ക്രോൾ ചെയ്യാനായാലും സ്ക്രീൻ സമയം കൂടിവരികയാണ്. അമിതമായ സ്‌ക്രീൻ സമയം തലവേദനയ്ക്കും കണ്ണിന്റെ ആയാസത്തിനും കാരണമാകും. ഇത് കണ്ണുകളിൽ വേദനയും തുടർച്ചയായി തലവേദനയും അനുഭവപ്പെടാൻ കാരണമാകുന്നു.
2019 ൽ നടത്തിയ ഒരു പഠനമനുസരിച്ച്, മൈഗ്രെയ്ൻ രോഗികളിൽ സ്മാർട്ട്‌ഫോൺ ഉപയോഗം തലവേദന വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. എന്നാൽ ജോലിയുടെ ഭാഗമാണെങ്കിൽ നമുക്ക് ഇക്കാര്യത്തിൽ വിട്ടുവീഴ്ച്ച ചെയ്യാൻ കഴിയില്ല. അതേസമയം ജീവിതശൈലിയിൽ വരുത്തുന്ന ചില മാറ്റങ്ങളിലൂടെ അസ്വസ്ഥതകൾ ലഘൂകരിക്കാനും സ്‌ക്രീൻ എക്‌സ്‌പോഷർ, സമ്മർദ്ദം അല്ലെങ്കിൽ മോശം ശീലങ്ങൾ എന്നിവ മൂലമുണ്ടാകുന്ന തലവേദന തടയാനും സഹായിക്കും.
കണ്ണുകളുടെ വിശ്രമം
കണ്ണിന്റെ ആയാസവും പിരിമുറുക്കവും കുറയ്ക്കുന്നതിനുള്ള ഏറ്റവും എളുപ്പവും ഫലപ്രദവുമായ മാർഗ്ഗങ്ങളിലൊന്നാണ് 20-20-20 എന്ന രീതി. ഇത് വളരെ ലളിതമായ ഒരു വ്യായാമമാണ്. ഓരോ 20 മിനിറ്റിലും, നിങ്ങളുടെ സ്ക്രീനിൽ നിന്ന് കണ്ണുകൾ മാറ്റാൻ ശ്രമിക്കുക. കൂടാതെ 20 അടി അകലെയുള്ള എന്തെങ്കിലും വസ്തുവിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുക. അങ്ങനെ 20 സെക്കൻഡ് ഈ വ്യായാമം തുടരുക.
ഈ രീതി നിങ്ങളുടെ കണ്ണുകളുടെ പേശികൾക്ക് വിശ്രമം നൽകാനും, ക്ഷീണം കുറയ്ക്കാനും, ദീർഘനേരം സ്‌ക്രീനിൽ നോക്കിയിരിക്കുന്നതിലൂടെയുണ്ടാകുന്ന തലവേദന തടയാനും സഹായിക്കുന്നു. സാധ്യമെങ്കിൽ, ഇടയ്ക്കിടെ കണ്ണുചിമ്മുക അല്ലെങ്കിൽ കുറച്ച് സെക്കൻഡ് നേരത്തേക്ക് കണ്ണുകൾ അടച്ച് വയ്ക്കുന്നതും വളരെ നല്ലതാണ്.
നിർജ്ജലീകരണം തലവേദനയ്ക്ക് കാരണമാകും
നിർജ്ജലീകരണം തലവേദനയുടെ ഒരു പ്രധാന കാരണമാണെന്ന കാര്യം നിങ്ങൾക്കറിയാമോ? നിങ്ങളുടെ ശരീരത്തിൽ ആവശ്യത്തിന് വെള്ളം ലഭിക്കാതെ വരുമ്പോൾ, നിങ്ങളുടെ തലച്ചോറ് താൽക്കാലികമായി ചുരുങ്ങുകയും അതിലൂടെ വേദനയ്ക്ക് കാരണമാവുകയും ചെയ്യുന്നു. അതിനാൽ ദിവസവും കുറഞ്ഞത് 8-10 ഗ്ലാസ് വെള്ളം കുടിക്കാൻ ശ്രമിക്കുക.
നിങ്ങൾ ദീർഘനേരം ജോലി ചെയ്യുകയാണെങ്കിൽ, ഒരു വാട്ടർ ബോട്ടിൽ സമീപത്ത് വയ്ച്ച് ഇടയ്ക്കിടെ ഓരോ സിപ്പ് വീതം കുടിക്കുക. വെള്ളരിക്ക, തണ്ണിമത്തൻ, ഓറഞ്ച് തുടങ്ങിയ ജലാംശം അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുക. ശരീരത്തിൽ ജലാംശം ഉള്ളപ്പോൾ തലവേദനയുടെ തീവ്രതയും ആവൃത്തിയും ഗണ്യമായി കുറയുന്നു.
സ്‌ക്രീനുകളിലെ വെളിച്ചം
ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്നുള്ള അമിതമായ നീല വെളിച്ചം നിങ്ങളുടെ കണ്ണുകളിൽ ആയാസം സൃഷ്ടിക്കുകയും, ഇത് തലവേദനയ്ക്ക് കാരണമാവുകയും ചെയ്യുന്നു. നിങ്ങൾക്ക് അനുയോജ്യമായ വിധം സ്ക്രീനിൻ്റെ വെളിച്ചം മാറ്റുക. നിങ്ങളുടെ ഉപകരണങ്ങളിൽ വെളിച്ചത്തെ നൈറ്റ് മോഡിലേക്ക് മാറ്റുക.
സ്‌ക്രീനിന് മുന്നിൽ ദീർഘനേരം ജോലി ചെയ്യുന്നവർ അതിന് അനുയോജ്യമായ ഗ്ലാസുകൾ ഉപയോഗിക്കുന്നതും ഉചിതമാണ്. ഈ ചെറിയ മാറ്റങ്ങൾ വരുത്തുന്നതിലൂടെ, നിങ്ങൾക്ക് കണ്ണുകളിലെ ക്ഷീണം തടയാനും തലവേദനയ്ക്കുള്ള സാധ്യത കുറയ്ക്കാനും കഴിയും.
മഗ്നീഷ്യം, ഒമേഗ-3 അടങ്ങിയ ഭക്ഷണം
തലവേദന തടയുന്നതിൽ നിങ്ങളുടെ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു. മഗ്നീഷ്യം, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവയുടെ കുറവ് തലവേദനയ്ക്ക് കാരണമാകാറുണ്ട്. മഗ്നീഷ്യം അടങ്ങിയ നട്സ് (ബദാം), ഇലക്കറികൾ, വിത്തുകൾ (മത്തങ്ങ, ഫ്ളാക്സ് സീഡുകൾ) എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
ഒമേഗ-3 അടങ്ങിയ കൊഴുപ്പുള്ള മത്സ്യം, വാൽനട്ട്, ചിയ വിത്തുകൾ എന്നിവ കഴിക്കുക. തലവേദനയ്ക്ക് കാരണമാകുന്ന സംസ്കരിച്ച ഭക്ഷണങ്ങളും അമിതമായ കഫീനും ഒഴിവാക്കുന്നതാണ് നല്ലത്. സമീകൃതാഹാരം രക്തക്കുഴലുകൾ വിശ്രമിക്കാനും, വീക്കം കുറയ്ക്കാനും, തലവേദന തടയാനും സഹായിക്കുന്നു.