Cooking Tips: പൂരി പൊങ്ങി വരാനുള്ള എളുപ്പവഴി
മലയാളികളുടെ പ്രഭാത ഭക്ഷണങ്ങളിൽ തനതായ വിഭവം കൂടിയാണ് പൂരി. പ്രദേശങ്ങൾക്കനുസരിച്ച് ഇതിൽ മാറ്റം വന്നേക്കാം
രാവിലെ നല്ല ചൂട് പൂരിയും കിഴങ്ങ് മസാലയും കഴിക്കാൻ ആഗ്രഹിക്കാത്തവർ ഉണ്ടോ. എന്നാലും ഇന്ത്യൻ കോഫി ഹൌസിലെ മൊരിഞ്ഞ പൂരിയുടെ സ്വാദ് കിട്ടുന്നില്ല എന്ന് തോന്നാറുണ്ടോ.. സത്യത്തിൽ പലരുടേയും ബക്കറ്റ് ലിസ്റ്റിലുള്ള കാര്യമാണ് പരസ്യത്തിലേതു പോലെ അല്ലെങ്കിൽ കടയിലുള്ള പോലെ നല്ല മൊരിഞ്ഞ പൂരി മസാല ഉണ്ടാക്കുന്നത്. അതിനും എളുപ്പ വഴിയുണ്ട്.
പൂരി തയ്യാറാക്കുമ്പോൾ ഏത് പൊടിയാണോ എടുക്കുന്നത് അതിൻറെ 1/3 അളവിൽ റവ ചേർക്കുക. അതായത് ഒരു കപ്പ് അളവിൽ മൈദ / ഗോതമ്പ് പൊടി എടുക്കുമ്പോൾ 1/3 അളവിൽ റവ എടുക്കുക. എന്നിട്ട് ആദ്യം 1/2 കപ്പ് ചെറു ചൂടു വെള്ളത്തിൽ നേരത്തെ അളന്നെടുത്ത റവ ചേർത്ത് 5 മിനുറ്റ് കുതിർക്കുക. അതിനു ശേഷം കുതിർത്ത റവയും പൂരിക്ക് ആവശ്യമായ പൊടിയും ഉപ്പും ചേർത്ത് കുഴച്ച് വെക്കുക. അൽപ സമയം അടച്ച് വെച്ചതിനു ശേഷം മാത്രം പരത്തി ചുട്ടെടുക്കാം.
ഇങ്ങനെ ചെയ്യുമ്പോൾ പൂരി നന്നായി പൊങ്ങി വരികയും എണ്ണ ഒട്ടും കുടിക്കാതെ മൊരിഞ്ഞ് കിട്ടുകയും ചെയ്യും. റവ ചേർക്കാതെ ഉണ്ടാക്കുമ്പോൾ കൂടുതൽ എണ്ണ വലിച്ചെടുക്കും. മാത്രമല്ല ഒട്ടും പൊങ്ങി വരാനും സാധ്യത കുറവാണ്. ഇനി ഞായറാഴ്ച ദിവസങ്ങളിലെ പൂരി മസാല കൂടുതൽ ക്രിസ്പിയാവും.
മലയാളികളുടെ പ്രഭാത ഭക്ഷണങ്ങളിൽ തനതായ വിഭവം കൂടിയാണ് പൂരി. പ്രദേശങ്ങൾക്കനുസരിച്ച് ഇതിൽ മാറ്റം വന്നേക്കാം. പൂരി, പൂരി മസാല, വെറും മസാല പൂരി, കുട്ടി പൂരി അങ്ങനെ പൂരിക്ക് വെറൈറ്റികളും പലതാണ്.