COVID And Cancer : കോവിഡ് വന്നവർക്ക് ക്യാൻസറിനെ ചെറുക്കാനാകുമോ? ലോകം മുഴുവൻ പ്രചരിച്ച വാർത്തയിലെ സത്യാവസ്ഥ ഇങ്ങനെ
Does COVID Virus Defend Cancer : ശരീരത്തിൻ്റെ പ്രതിരോധത്തെ കബളിപ്പിച്ചും മറികടന്നുമാണ് ക്യാൻസർ വളരുന്നത്. പല വഴിയിലൂടെ നമുക്ക് നമ്മുടെ സ്വന്തം ഇമ്മ്യൂൺ സിസ്റ്റം റീപ്രോഗ്രാം ചെയ്താൽ അർബുദത്തെ തോൽപ്പിക്കാനാകും എന്ന് തെളിഞ്ഞിട്ടുണ്ട്. എന്നാൽ എല്ലാ ക്യാൻസറുകൾക്കും ഇത് ഫലിക്കില്ല, ഇനിയും ഏറെദൂരം പോകാനുള്ള ശാസ്ത്ര ശാഖയാണ് ഇമ്മ്യൂണോതെറാപ്പി.
അടുത്തകാലത്തായി പലരും പറഞ്ഞു കേട്ടതും മാധ്യമങ്ങൾ തെളിവു നിരത്താൻ ശ്രമിക്കുന്നതുമായ പല ഊഹകഥകളുമുണ്ട്, കോവിഡുമായി ബന്ധപ്പെട്ട്. എന്നാൽ അതിലെ നെല്ലും പതിരും പലപ്പോഴും കണ്ടെത്താൻ കഴിയാറില്ല. അടുത്തിടെ മാധ്യമങ്ങളിൽ നിറഞ്ഞ ഒരു കോവിഡ് ബന്ധിത വാർത്തയായിരുന്നു ഇതു വന്നവർക്ക് ക്യാൻസറിനെ പ്രതിരോധിക്കാൻ കഴിയുമെന്നത്. ഇത് സത്യമോ… അർധ സത്യമോ അതോ തെറ്റായ വസ്തുതയോ എന്ന് ടി വി 9 മലയാളത്തോട് വിശദമാക്കുകയാണ് ഐഎംഎ കേരളാ റിസേർച്ച് സെൽ ചെയർമാനായ ഡോ. രാജീവ് ജയദേവൻ.
കോവിഡും ക്യാൻസറും
ലോകവ്യാപകമായി പരന്ന ഒരു വാർത്തയാണ് കോവിഡ് വന്നു പോയവരിൽ ക്യാൻസറിനെ പ്രതിരോധിക്കുന്ന കോശങ്ങൾ കണ്ടെത്തി എന്നത്. കോശങ്ങൾ എന്നു പറയുമ്പോൾ അതിനെ ഡബ്ലുബിസി അഥവാ ശ്വേത രക്താണുക്കൾ എന്ന് വിളിക്കാം. ഈ വാർത്ത വായിക്കുന്നവർ സാധാരണയായി ചിന്തിക്കാൻ സാധ്യത ഉള്ളത് കോവിഡ് വന്നാൽ ക്യാൻസർ മാറും എന്നാണ്. എന്നാൽ ഇതിന്റെ സത്യം ഇങ്ങനെയാണ്. ചിക്കാഗോയിലെ നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയാണ് ഈ കണ്ടെത്തലിനു പിന്നിൽ. ദി ജേർണൽ ഓഫ് ക്ലിനിക്കൽ ഇൻവെസ്റ്റിഗേഷനിൽ ഈ പഠനത്തെ പറ്റിയുള്ള വിശദവിവരങ്ങൾ പ്രതിപാദിക്കുന്നുണ്ട്. എലികളിൽ നടത്തിയ പഠനത്തിലാണ് ഇങ്ങനെ ഒരു കണ്ടെത്തൽ ഉണ്ടായത്.
ഡബ്ലുബിസിയും പ്രതിരോധശേഷിയും
ശരീരത്തിൻ്റെ പ്രതിരോധ സംവിധാനത്തെ നമുക്കൊരു ചെസ്ബോർഡ് പോലെ സങ്കൽപിക്കാം. അവിടെ ഉള്ള പല കരുക്കളിൽ ഒന്നുമാത്രമാണ് രക്തത്തിലുള്ള ശ്വേത രക്താണുക്കൾ. ഈ ശ്വേത രക്താണുക്കൾ തന്നെ പലവിധമുണ്ട്. അതിലൊന്നാണ് മോണോസൈറ്റ്. ഇവയുടെ എല്ലാം ധർമ്മം ശരീരത്തിലെ ആരോഗ്യം സംരക്ഷിക്കുന്നതും രോഗപ്രതിരോധം ഉറപ്പാക്കുന്നതുമാണ്. രക്തക്കുഴലിലൂടെ സഞ്ചരിക്കുന്ന രക്തത്തിലാണ് മോണോസൈറ്റുകൾ ഉള്ളത്. ചില പ്രത്യേക മാറ്റങ്ങൾക്ക് വിധേയപ്പെട്ടാൽ രക്തക്കുഴലുകൾക്ക് പുറത്തേക്ക് സഞ്ചരിച്ച് ക്യാൻസർ കോശങ്ങളുടെ സമീപമത്തോ അല്ലെങ്കിൽ മറ്റു ക്ഷതങ്ങൾ സംഭവിച്ച ശരീരഭാഗത്ത് എത്താനോ ഇതിന് കഴിയും എന്നതാണ് പഠനങ്ങളിൽ പറയുന്നത്. ഗുരുതരമായ കോവിഡ്, ചില രാസപദാർത്ഥങ്ങളുടെ സമ്പർക്കം മുതലായ ചില പ്രത്യേക സാഹചര്യത്തിലാണ് ഇവയ്ക്ക് ഇങ്ങനെ മാറ്റം സംഭവിക്കുന്നത്.
അതായത് ഒരു തുരങ്കത്തിലൂടെ മാത്രം സഞ്ചരിക്കുന്ന വ്യക്തിക്ക്, പതിവിനു വിപരീതമായി ടണലിന് പുറത്തെത്തി പ്രധാനപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്യാൻ സാധിക്കുന്നതു പോലെ ഇതിനെ പറയാം. ഇനി ക്യാൻസർ കോശങ്ങൾക്കടുത്ത് മോണോസൈറ്റ് കോശങ്ങൾ എത്തിയാൽ ചെയ്യുന്നത് നാച്യുറൽ കില്ലർ സെൽ എന്നു വിളിക്കുന്ന കോശങ്ങളെ വിളിച്ചു വരുത്തുകയാണ്. ഇവയും പ്രതിരോധ സംവിധാനത്തിൻ്റെ ഭാഗം തന്നെയാണ്. വളരെ വേഗത്തിൽ പ്രവർത്തിക്കാൻ ശേഷി ഉള്ളവയാണ് ഇവ. ഈ നാച്വറൽ കില്ലർ സെല്ലുകൾക്ക് ക്യാൻസർ കോശങ്ങളെ ഇല്ലാതാക്കാൻ കഴിയുന്നു. ഇതാണ് എലികളിലുള്ള പഠനത്തിൽ കണ്ടെത്തിയത്. പക്ഷേ ഇത് മനുഷരിൽ ഫലിക്കുമോ എന്ന് ഇതുവരെ ഉറപ്പില്ല.
സാധാരണ മോണോസൈറ്റ് എങ്ങനെ പ്രത്യേക മോണോസൈറ്റായി ?
സാധാരണയായി രക്തക്കുഴലിലൂടെ ഒഴുകി നടക്കുന്ന മോണോസൈറ്റുകൾക്ക് ചില മാറ്റങ്ങൾ വരുമ്പോഴാണ് അവ രക്തക്കുഴലിനു പുറത്തേക്കു സഞ്ചരിക്കുന്നത് എന്നു പറഞ്ഞല്ലോ. അതെങ്ങനെ സംഭവിച്ചു എന്നു നോക്കാം. കോവിഡ് വന്നു പോയവരിൽ കോവിഡിന്റെ ഭാഗമായുള്ള ശരീരപ്രതിരോധ പ്രവർത്തനങ്ങളുടെ ഫലമായി ഇത്തരം കോശങ്ങൾ രൂപപ്പെട്ടിരുന്നു. ചില രാസ പദാർത്ഥങ്ങൾ കാരണമുണ്ടാകുന്ന പ്രവർത്തന ഫലമായും ഇങ്ങനെ സംഭവിക്കാറുണ്ട്. ഇതിലൂടെ മനസ്സിലാക്കേണ്ടത് ക്യാൻസർ കോശങ്ങളെ പ്രതിരോധിക്കാൻ ശരീരത്തിലെ പ്രതിരോധ സംവിധാനത്തിന് കഴിവുണ്ട് എന്നു തന്നെയാണ്. പക്ഷെ ഈ കഴിവിനെ പൂർണമായി നിയന്ത്രിക്കാൻ, അതു മൂലം ക്യാൻസറുകൾ എല്ലാം ഇല്ലാതാക്കാൻ മനുഷ്യന് സാധിച്ചിട്ടില്ല.
ഈ വഴി ഒട്ടും പുതിയതല്ല
മരുന്നുകളും റേഡിയേഷനും വഴി അല്ലാതെ ശരീരത്തിലെ നൈസർഗിക പ്രതിരോധ സംവിധാനം ഉപയോഗിച്ച് ക്യാൻസറിനെ പ്രതിരോധിക്കാം എന്ന കണ്ടെത്തൽ പുതിയതല്ല. 19-ാം നൂറ്റാണ്ടിൽ വില്യം കോളെ എന്ന അമേരിക്കൻ സർജൻ ഇത് നിരീക്ഷിച്ചിരിന്നു. ബാക്ടീരിയൽ അണുബാധയെ അതിജീവിച്ച ചില ക്യാൻസർ രോഗികളിൽ ക്യാൻസർ രോഗത്തെ ചെറുക്കുന്ന രീതിയിലുള്ള പ്രതികരണം അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടു. തുടർന്ന് രോഗികളിൽ ബാക്ടീരിയയുടെ അംശങ്ങൾ കുത്തിവെയ്ക്കാനും അദ്ദേഹം തയ്യാറായി. കീമോ തെറാപി പോലുള്ള ക്യാൻസർ ചികിത്സയ്ക്ക് മുൻപായിരുന്നു ഈ കണ്ടെത്തൽ. പക്ഷെ പിൽക്കാലത്ത് അദ്ദേഹം കണ്ടെത്തിയ ബാക്ടീരിയ ആസ്പദമാക്കിയ ചികിത്സ വലിയ വിജയം കണ്ടില്ല. എന്നാൽ കഴിഞ്ഞ ദശാബ്ദത്തിൽ മറ്റു തരത്തിലുള്ള നവീനമായ ഇമ്മ്യൂൺതെറാപ്പി ചില അർബുദങ്ങൾ മാത്രം പൂർണമായി ഭേദമാക്കിയിട്ടുമുണ്ട്.
അപ്പോൾ പിന്നെ ഈ പുതിയ ഗവേഷണത്തിന്റെ പ്രസക്തിയെന്ത്?
പകുതി എഴുതിയ നോവൽ പോലെയാണ് ഈ കണ്ടെത്തൽ. ഇതിന് മുന്നോട്ടുള്ള അദ്ധ്യായങ്ങൾ ഇനിയും രചിക്കപ്പെട്ടിട്ടില്ല. എന്നാൽ ഇത് ഒരു പ്രതീക്ഷയാണ് ശാസ്ത്രലോകത്തിന് നൽകുന്നത്. എന്നു വച്ചാൽ ഭാവിയിൽ ഫലത്തിലേക്ക് എത്തിക്കാൻ കഴിയുന്ന ഒരു കണ്ടെത്തൽ, അഥവ ക്യാൻസർ ചികിത്സാ രംഗത്തെ ഒരു ചുവടുവയ്പ്പ് എന്നും വിളിക്കാം ഇതിനെ. പക്ഷെ ഇത് ചില വാർത്തകളിൽ പറയുന്നത് പോലെ ഒരു തെളിയിക്കപ്പെട്ട ക്യാൻസർ ചികിത്സ എന്ന് കരുതാനാവില്ല, കോവിഡ് വന്നാൽ ക്യാൻസർ ഭേദമാകും എന്നും ഇതു കൊണ്ട് അർത്ഥമില്ല. ഇനിയും ഈ വഴിയുള്ള അനേകം ഗവേഷണങ്ങൾ കൂടി ഫലം കണ്ടാൽ ഒരു പക്ഷേ ക്യാൻസർ ചികിത്സാ രംഗത്ത് വലിയ മാറ്റങ്ങൾക്ക് കാരണമാകുമെന്ന് പ്രത്യാശിക്കാം.