Diwali 2024: ദീപാവലിയിൽ കുറയുന്ന വർഷങ്ങളുടെ ആയുസ്സ്

Cracker's Making Huge Pollution in Festival Seasons: ഉയർന്ന മലിനീകരണ തോതുള്ള അന്തരീക്ഷത്തിൽ ദീർഘകാലം ജീവിക്കുന്നത് മരണനിരക്ക് ഉയർത്തുന്നു എന്ന ഞെട്ടിക്കുന്ന വിവരവും വിദ​ഗ്ധർ പങ്കുവയ്ക്കുന്നുണ്ട്.

Diwali 2024: ദീപാവലിയിൽ കുറയുന്ന വർഷങ്ങളുടെ ആയുസ്സ്
Updated On: 

04 Nov 2024 19:02 PM

ന്യൂഡൽഹി : ദീപങ്ങളുടേയും ആഘോഷത്തിന്റേയും ഉത്സവമാണ് ദീപാവലി. ദക്ഷണേന്ത്യയിലേക്ക് അത്രകണ്ട് എത്തിയില്ലെങ്കിൽ പോലും ഉത്തരേന്ത്യ മതിമറന്ന് കൊണ്ടാടുന്ന ഉത്സവമാണിത്. പടക്കം പൊട്ടിക്കാതെ പൂത്തിരി കത്തിക്കാതെ എന്ത് ദീപാവലി എന്ന് നാമെല്ലാം ചിന്തിക്കാറുണ്ട്. 19-ാം നൂറ്റാണ്ടിലാണ് രാജ്യത്തെ ആദ്യ പടക്ക നിർമ്മാണ കമ്പനി ആരംഭിക്കുന്നത്. പിന്നീട് പടക്ക നിർമ്മാണത്തിന്റെ കേന്ദ്രമായി ദക്ഷിണേന്ത്യയിലെ ശിവകാശി മാറി. അപകടങ്ങൾ ഏറെ നടന്നിട്ടും കോടതി ഉത്തരവുകളും സർക്കാർ നിയന്ത്രണങ്ങളും എത്തിയിട്ടും ഇന്നും പടക്കമില്ലാതെ ദീപാവലി പൂർണമാകില്ല എന്ന വിശ്വാസത്തിലാണ് പലരും.

എന്നാൽ അത് പ്രകൃതിയ്ക്ക് ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെപ്പറ്റി എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? വായു മലിനീകരണത്തിന് പേരുകേട്ട ഇന്ത്യയിലെ പല നഗരങ്ങളും തന്നെയാണ് ആഘോഷങ്ങൾക്കും മുന്നിൽ. അടുത്തിടെ പുറത്തു വന്ന കണക്കുകൾ സൂചിപ്പിക്കുന്നതും ഇതു തന്നെ.

2022-ൽ ഡൽഹി ഒഴികെ ഇന്ത്യയിലുടനീളമുള്ള ചില്ലറ പടക്ക വിൽപ്പന ഏകദേശം 6,000 കോടി രൂപയായിരുന്നു. ഉത്തർപ്രദേശിൽ മൊത്തക്കച്ചവടക്കാർ 190-250 കോടി രൂപയുടെ വിൽപ്പന നടത്തിയതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 2023-ൽ, മുൻ വർഷത്തെ വിൽപ്പനയിൽ നിന്ന് 10% വർദ്ധനവ് ഉണ്ടായതായി ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പറയുന്നു. മലിനീകരണവും ഇതിനൊത്താണ് ഉയരുന്നത്. ഓരോ ദീപാവലിക്കാലത്തിനു ശേഷവും ശുദ്ധവായു കിട്ടാതെ വിഷമിക്കുകയാണ് ന​ഗരങ്ങൾ.

 

ആരോഗ്യപ്രശ്‌നങ്ങളാൽ വലഞ്ഞ് ഡൽഹി

 

ആഘോഷങ്ങൾ തുടങ്ങും മുമ്പു തന്നെ ഡൽഹിയിൽ മലിനീകരണപ്രശ്‌നങ്ങൾ ആരംഭിച്ചതായാണ് ഞായറാഴ്ച പുറത്തു വന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. രാജ്യ തലസ്ഥാനത്തെ പല സ്ഥലങ്ങളിലും ഉയർന്ന എക്യുഐ (മലിനീകരണത്തിന്റെ തോത്) മലിനീകരണമാണ് രേഖപ്പെടുത്തിയത്.

സി പി സി ബി യുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, 0-50 ഇടയിലുള്ള എക്യുഐ ആണ് മലിനീകരണം ഇല്ലാത്ത അന്തരീക്ഷത്തിൽ ഉള്ളത്. 50-100 ആയാലും തൃപ്തികരം ആണ്. 101-200 മിതമായ അല്ലെങ്കിൽ അപകടമില്ലാത്ത അന്തരീക്ഷം. 201-300 ആണ് കണക്കെങ്കിൽ അത് കുറഞ്ഞ മലിനീകരണ തോതിനെ കുറിക്കുന്നു. 301-400 വളരെ മോശം അന്തരീക്ഷത്തിലുള്ളതാണ്.

401-500 ആണ് തോതെങ്കിൽ അത് ഏറ്റവും കൂടിയ മലിനീകരണത്തെയാണ് കുറിക്കുന്നത്. ഡൽഹിയിലെ ആനന്ദ് വിഹാറിൽ ഇത്തവണ രേഖപ്പെടുത്തിയത് 406 എക്യുഐ ആയിരുന്നു. മറ്റ് മേഖലകളും പിന്നിലല്ല. നെഹ്റു നഗർ (401), സോണിയ വിഹാർ (400), വിവേക് വിഹാർ (404), ജഹാംഗീർപുരി (404), ബവാന (392), അലിപൂർ (398), രോഹിണി (380), ഷാദിപൂർ (342), മന്ദിർ എന്നിവയാണ് ഉയർന്ന എക്യുഐ ഉള്ള മറ്റ് മേഖലകൾ. മാർഗ് (350), പട്പർഗഞ്ച് (374), മുണ്ട്ക (356) എന്നിവയും പിന്നാലെയുണ്ട്.

 

മലിനീകരണമെന്ന ഭൂതത്തിന്റെ പവർ

 

പടക്കം എന്നു പറയുന്നത് പലതരം മൂലകങ്ങളും സംയുക്തങ്ങളും അടങ്ങിയ രാസക്കൂട്ടാണ്. ഇത് പൊട്ടുമ്പോൾ അന്തരീക്ഷത്തിലേക്ക് ലയിക്കുന്ന വിഷപ്പുക ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ് പ്രധാന മലിനീകരണ കാരണം. സൾഫർ ഡയോക്സൈഡ്, കാർബൺ മോണോക്സൈഡ്, വിവിധ ഘന ലോഹങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇത് ശ്വസിക്കുന്നത് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, ഹൃദയ സംബന്ധമായ അസുഖങ്ങൾ, ആസ്ത്മ, ബ്രോങ്കൈറ്റിസ് തുടങ്ങിയ രോ​ഗങ്ങളിലേക്ക് നയിക്കും. കുട്ടികൾ, പ്രായമായവർ, ആരോഗ്യപ്രശ്നങ്ങളുള്ളവർ എന്നിവർ എന്നിവരാണ് പ്രധാനമായും ഇരകളാകുന്നത്.

 

ആരോ​ഗ്യ പ്രശ്നങ്ങൾ

 

ത്വക്കിലും കണ്ണിലും അസ്വസ്ഥത ഉണ്ടാക്കുന്നത് മുതൽ നാഡീസംബന്ധമായ രോ​ഗങ്ങൾക്ക് വരെ ഈ മലിനീകരണം കാരണമാകുന്നുണ്ട് എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഹൃദയ, ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഇതുമൂലം ഉണ്ടാകുന്നു. ഇത് ആസ്ത്മ, ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി), ബ്രോങ്കൈറ്റിസ്, ശ്വാസകോശത്തിന്റെ ശേഷി കുറയൽ, എംഫിസെമ (ശ്വാസകോശ രോഗം), ക്യാൻസർ എന്നിവയ്ക്കും കാരണമാകാം. ഉയർന്ന മലിനീകരണ തോതുള്ള അന്തരീക്ഷത്തിൽ ദീർഘകാലം ജീവിക്കുന്നത് മരണനിരക്ക് ഉയർത്തുന്നു എന്ന ഞെട്ടിക്കുന്ന വിവരവും വിദ​ഗ്ധർ പങ്കുവയ്ക്കുന്നുണ്ട്.

 

നമുക്ക് ചെയ്യാനാകുന്നത്

 

  • മാസ്‌കും കണ്ണുകളെ സംരക്ഷിക്കാൻ സാധാരണ കണ്ണടയും ധരിക്കാം.
  • ആസ്ത്മയും അലർജിയും ഉള്ള രോഗികൾ, മുൻകരുതൽ കുത്തിവയ്പ്പുകൾ/മരുന്നുകൾ മുൻകൂട്ടി എടുക്കുക
  • ഇവർ എമർജൻസി കിറ്റുകൾ തയ്യാറാക്കി വയ്ക്കുക.
  • ജനലുകളും വാതിലുകളും കഴിയുന്നത്ര അടച്ചിടണം.
  • റൂം ഒക്യുപൻസി അനുസരിച്ച് എയർ പ്യൂരിഫയറുകൾ ഉപയോഗിക്കുന്നത് ഈ സമയത്ത് വളരെ സഹായകരമാണ്. പ്രത്യേകിച്ച് വീടിനുള്ളിൽ കൂടുതൽ സമയം ചെലവഴിക്കുന്നവർക്ക്.
  • ശ്വസന വ്യായാമവും യോഗയും നല്ല ആരോഗ്യം നിലനിർത്താൻ സഹായകമാണ്.

 

പടക്കങ്ങളിലെ കെമിക്കലുകൾ

 

വിവിധതരം രാസവസ്തുക്കൾ ഉപയോഗിച്ചാണ് പടക്കങ്ങൾ നിർമ്മിക്കുന്നത്. സാധാരണയായി ഉപയോഗിക്കുന്ന ചില രാസവസ്തുക്കൾ ഇവയാണ്.

  1. പൊട്ടാസ്യം നൈട്രേറ്റ്: ഒരു ഓക്സിഡൈസറായി പ്രവർത്തിക്കുകയും പടക്കം കത്തി നിൽക്കാൽ സഹായിക്കുകയും ചെയ്യുന്നു.
  2. സൾഫർ: ജ്വലനത്തിന് സഹായിക്കുന്നു.
  3. കരി: പടക്കത്തിലെ ഇന്ധന സ്രോതസ്സ്.
  4. അലുമിനിയം: തിളങ്ങുന്ന ഫ്ലാഷുകളും സ്പാർക്കുകളും സൃഷ്ടിക്കാൻ ഉപയോഗിക്കുന്നു.
  5. ബേരിയം നൈട്രേറ്റ്: പച്ച നിറങ്ങൾ ഉണ്ടാക്കുന്നു.
  6. സ്ട്രോൺഷ്യം നൈട്രേറ്റ്: ചുവപ്പ് നിറങ്ങൾ സൃഷ്ടിക്കുന്നതിന്.
  7. ചെമ്പ് സംയുക്തങ്ങൾ: നീല നിറങ്ങൾ സൃഷ്ടിക്കുന്നതിന്.

 

പരിസ്ഥിതിയ്ക്കും ദോഷം

 

പടക്കങ്ങൾ പൊട്ടിക്കുമ്പോൾ ശബ്ദ മലിനീകരണം വലിയ തോതിൽ ഉണ്ടാകുന്നുണ്ട്. ഇത് കേൾവിക്കുറവ്, സമ്മർദ്ദം വർദ്ധിപ്പിക്കൽ, മറ്റ്ജീവികളെ ശല്യപ്പെടുത്തൽ എന്നിവയ്ക്ക് കാരണമാകും. കൂടാതെ, പടക്കങ്ങളുടെ അവശിഷ്ടങ്ങൾ മണ്ണിനെയും ജലത്തേയും മലിനമാക്കുകയും സസ്യങ്ങളെയും മൃഗങ്ങളെയും ബാധിക്കുകയും ചെയ്യും.

കാർബൺ ഡൈ ഓക്സൈഡ് പോലുള്ള ഹരിതഗൃഹ വാതകങ്ങൾ പുറത്തുവിടുന്നത് ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും കാരണമാകുന്നു. ഘനലോഹങ്ങളും വിഷ രാസവസ്തുക്കളും സസ്യങ്ങളിൽ അടിഞ്ഞു കൂടുകയും അവയുടെ വളർച്ചയെ ബാധിക്കുകയും ഭക്ഷ്യ ശൃംഖലയെ മലിനമാക്കുകയും ചെയ്യും.

 

എന്താണ് ​ഗ്രീൻ പടക്കങ്ങൾ

 

പ്രകൃതി സൗഹൃദമായ, മലിനീകരണവും ശബ്ദവും കുറവുള്ള പടക്കങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ​ഗ്രീൻ ക്രാക്കേഴ്സ് എന്നാണ് ഇവയെ വിളിക്കുന്നത്. ഇതിൽ അപകടകരമായ ബേരിയം സംയുക്തങ്ങൾ അടങ്ങിയിട്ടില്ല. ഇത് കത്തുമ്പോൾ പൊടിയും മറ്റും ഉണ്ടാകില്ലെന്നാണ് പറയപ്പെടുന്നത്. 110 മുതൽ 125 ഡെസിബെൽ വരെ ശബ്ദമാണ് ഇത് ഉണ്ടാക്കുന്നത്.

സാധാരണ പടക്കം 160 ഡെസിബൽ ശബ്ദമാണ് പുറപ്പെടുവിക്കുന്നത് എന്നോർക്കണം. കൂടാതെ സൾഫറോ പൊട്ടാസ്യം നൈട്രേറ്റോ ഇതിൽ അടങ്ങിയിട്ടില്ല. പച്ച നിറത്തിലുള്ള ലോഗോയും ഒരു ക്വിക്ക് റെസ്‌പോൺസ് (QR) കോഡും ഉപയോഗിച്ച് ഗ്രീൻ ക്രാക്കറുകളെ തിരിച്ചറിയാൻ കഴിയും.

ഞാൻ പടക്കം പൊട്ടിക്കില്ല, ആഘോഷങ്ങൾ അല്ലാതെയും ആവാം എന്ന് ഓരോ വ്യക്തികളും തീരുമാനിക്കുന്നിടത്താണ് പ്രശ്നങ്ങൾക്കുള്ള പരിഹാരം ആരംഭിക്കുന്നത്. സർക്കാർ നിയന്ത്രണങ്ങൾ കൊണ്ടുവന്നാലും ഇതിന് പൂർണ പരിഹാരം ആകുന്നില്ല. പ്രശ്നങ്ങൾ സ്വയം മനസ്സിലാക്കി തിരുത്തുന്ന ഒരു ദീപാവലിക്കാലം ആവട്ടെ ഇത്തവണത്തേത്.

Related Stories
Toddy Shop Fish Curry: നാവില്‍ കൊതിയൂറും ഷാപ്പിലെ മുളകിട്ട മത്തിക്കറി വീട്ടിൽ ട്രൈ ചെയ്താലോ? ഉഗ്രൻ റെസിപ്പി ഇതാ..
Weight Loss Tips: ശരീരഭാരം കുറയ്ക്കാൻ മഞ്ഞളിനൊപ്പം തേൻ ചേർത്ത് കഴിക്കൂ
Eye Fatigue: കണ്ണുകൾക്ക് ഉണർവ് നൽകാൻ ദിവസവും ഇക്കാര്യങ്ങൾ ശീലമാക്കൂ
Health Tips: വാരിവലിച്ചു തിന്നൻ വരട്ടെ, ആയുസ്സ് കുറയും! ഈ ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കൂ
World Travel And Tourism Festival 2025 : ലോക ട്രാവൽ, ടൂറിസം ഫെസ്റ്റിവൽ 2025: ഇന്ത്യൻ സഞ്ചാരികൾ ആഗോള ടൂറിസത്തിന് പുതിയ മാനം നൽകുന്നു
World Travel & Tourism Festival 2025: ടിവി 9 നെറ്റ്‌വർക്കും റെഡ് ഹാറ്റ് കമ്മ്യൂണിക്കേഷൻസും ചേർന്ന് ഒരുക്കുന്നു; വേൾഡ് ട്രാവൽ ആൻഡ് ടൂറിസം ഫെസ്റ്റിവൽ ഫെബ്രുവരിയിൽ ആരംഭിക്കും
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ