Christmas Breakfast Recpie : കള്ളപ്പം, ബീഫ് കറി, കട്ട്ലെറ്റ്; ക്രിസ്മസ് ദിനത്തിലെ പ്രഭാതഭക്ഷണത്തിൻ്റെ രൂചികൂട്ട്
Christmas 2024 Simple Breakfast Recpie: ക്രിസ്മസ്, ഈസ്റ്റർ പോലുള്ള വിശേഷ ദിവസങ്ങളിൽ മലയാളികളുടെ അടുക്കളയിൽ ഇടംപിടിക്കുന്ന വിഭവമാണ് കള്ളപ്പം. കള്ളു ചേർക്കാതെ കള്ളപ്പവും ഒപ്പം കഴിക്കാനുള്ള ബീഫ് കറിയും എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.
ക്രിസ്മസിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. ക്രിസ്മസ് ദിനത്തിൽ വീടുകളിലെ അടുക്കളയിൽ ബ്രേക്ക് ഫാസ്റ്റിന് ഒരു സ്പെഷ്യൽ ഐറ്റം വീട്ടമ്മമാർ തയ്യാറാക്കാറുണ്ട്. കള്ളപ്പവും ബീഫ് കറിയും കട്ട്ലെറ്റും! കേൾക്കുമ്പോൾ തന്നെ നാവിൽ കപ്പലോടുന്നല്ലേ..? സൂപ്പർ രുചിയിൽ എങ്ങനെയാണ് ഈ വിഭവങ്ങൾ എളുപ്പത്തിൽ തയ്യാറാക്കുന്നതെന്ന് നോക്കാം…
തനത് ശെെലിയിൽ കള്ളപ്പം
1. ചേരുവകൾ
പച്ചരി – ഒരു കപ്പ്
ചോറ് – കാൽ കപ്പ്
തേങ്ങ ചിരകിയത് – അര കപ്പ്
കരിക്കിൻ വെള്ളം / വെള്ളം – ആവശ്യത്തിന്
പഞ്ചസാര – ഒന്നര ടേബിൾ സ്പൂൺ
ചുവന്നുള്ളി – 2 അല്ലി
ജീരകം – കാൽ ടീസ്പൂൺ
ഏലയ്ക്ക – 1
ഉപ്പ് – കാൽ ടീസ്പൂൺ
യീസ്റ്റ് – ആവശ്യത്തിന്
2. തയ്യാറാക്കുന്ന വിധം
പച്ചരി നന്നായി കഴുകി മൂന്ന് മണിക്കൂർ കുതിർത്തതിന് ശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. (വെള്ളത്തിന് പകരം തേങ്ങാ വെള്ളവും ചേർക്കാം). ഇത് ഒരു വലിയ പാത്രത്തിലേക്ക് മാറ്റി വയ്ക്കുക. തേങ്ങ ചിരകിയത്, ചോറ്, ഏലയ്ക്ക, ജീരകം, ഉപ്പ്, പഞ്ചസാര, യീസ്റ്റ് ഇവ ആവശ്യത്തിന് വെള്ളം ചേർത്ത് അരച്ചെടുക്കുക. (വേണമെങ്കിൽ കള്ളും ചേർത്ത് അരച്ചെടുക്കുക. ഇതും അരിമാവും നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം എട്ടു മണിക്കൂർ പുളിച്ചു പൊങ്ങാൻ വയ്ക്കുക.
—————-
രുചിയൂറും നാടൻ ബീഫ് കറി
1.ചേരുവകൾ
ബീഫ്- 1 കിലോ
സവാള – 5 എണ്ണം
വെളുത്തുള്ളി -4 എണ്ണം
പച്ചമുളക് – 7 എണ്ണം
തക്കാളി- 2 എണ്ണം
ഇഞ്ചി – 1
കറിവേപ്പില – 4 തണ്ട്
മുളകുപൊടി- 2 ടേബിൾ സ്പൂൺ
മല്ലിപൊടി- 4 ടേബിൾ സ്പൂൺ
മഞ്ഞൾപൊടി-1 ടേബിൾ സ്പൂൺ
മീറ്റ് മസാല- 2 ടേബിൾ സ്പൂൺ
പട്ട, ഗ്രാമ്പൂ, ഏലക്ക, കറുകപ്പട്ട- ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – പാകത്തിന്
വെള്ളം – ആവശ്യത്തിന്
ALSO READ: ഇത്തവണ വെറെെറ്റിയാക്കാം; അപ്പത്തിനോടൊപ്പം ബീഫ് സ്റ്റ്യൂ, ഇതാ രുചിക്കൂട്ട്
2. തയ്യാറാക്കുന്ന വിധം
ബീഫ് നന്നായി കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കി മാറ്റി വയ്ക്കുക. ഒരു പാത്രത്തിൽ മുളകുപൊടി, മല്ലിപൊടി, മഞ്ഞൾപൊടി, മീറ്റ് മസാല എന്നിവ ചൂടാക്കി എടുക്കണം. ഉരുളിയിൽ വെളിച്ചെണ്ണ ചൂടാകുമ്പോൾ പട്ട, ഗ്രാമ്പൂ, ഏലക്ക, കറുകപ്പട്ട എന്നിവ മൂപ്പിച്ച് എടുക്കുക. ഇതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ചേർത്ത് നന്നായി വഴറ്റി എടുക്കുക. ഇതിലേക്ക് ചെറുതായി നീളത്തിൽ അരിഞ്ഞ് വച്ചിരിക്കുന്ന സവാള ചേർത്തുകൊടുക്കണം. ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ ഇതിലേയ്ക്ക് ചൂടാക്കി വച്ചിരിക്കുന്ന മസാലപ്പൊടികൾ ചേർത്ത് കൊടുക്കുക. ഈ കൂട്ട് യോജിപ്പിച്ചെടുത്തതിന് ശേഷം ബീഫും അതിനൊപ്പം തക്കാളിയും കറിവേപ്പിലയും ഉപ്പും ചേർത്ത് നന്നായി ഇളക്കുക. പാകത്തിന് വെള്ളവും ചേർത്ത് ചെറുതീയിൽ അടച്ചുവെച്ച് വേവിക്കുക. പാകമായി കഴിയുമ്പോൾ ലേശം പച്ചവെളിച്ചെണ്ണ തൂവാം.
————————
ചിക്കൻ കട്ട്ലെറ്റ്
1.ചേരുവകൾ
Chicken (Boneless) – 250 ഗ്രാം
ഉരുളക്കിഴങ്ങ് – 250 ഗ്രാം
വെളുത്തുള്ളി – 10 എണ്ണം
ഇഞ്ചി – 1 ഇഞ്ച്
പച്ചമുളക് – 2 എണ്ണം
സവോള – 1
കറിവേപ്പില – 2 തണ്ട്
കുരുമുളകുപൊടി – 1½ ടീസ്പൂൺ
ഗരം മസാല – 1 ടീസ്പൂൺ
ഉപ്പ് – 1 ടീസ്പൂൺ
മുട്ട – 1 എണ്ണം
റൊട്ടിപ്പൊടി – ½ കപ്പ്
വെള്ളം – ½ കപ്പ്
എണ്ണ – വറുത്തെടുക്കാൻ
2. തയ്യാറാക്കുന്ന വിധം
ചിക്കൻ കുരുമുളകും ഉപ്പും വെള്ളവും ചേർത്ത് അടച്ചു വച്ച് വേവിക്കുക. വെന്തു കഴിയുമ്പോൾ ചിക്കന്റെ വെള്ളം തീക്കൂട്ടിവച്ച് വേവിച്ചെടുക്കണം. ചിക്കൻ വേവുന്ന സമയത്തിനുള്ളിൽ ഉരുളക്കിഴങ്ങും വേവിച്ചെടുക്കണം. ഉരുളകിഴങ്ങ് വെന്തു കഴിയുമ്പോൾ അത് നന്നായി ഉടച്ചെടുക്കണം. വേവിച്ച് വച്ചിരിക്കുന്ന ചിക്കനും നന്നായി ചതച്ചെടുക്കണം.
കട്ട്ലെെറ്റ് മിക്സ് തയ്യാറാക്കുന്ന വിധം
ഒരു പാനിൽ എണ്ണ ചൂടാക്കിയതിന് ശേഷം ചെറുതായി അരിഞ്ഞ വെളുത്തുള്ളിയും ഇഞ്ചിയും വട്ടത്തിൽ അരിഞ്ഞ പച്ചമുളകും നന്നായി അരിഞ്ഞ് വയ്ക്കുക. കൊത്തിയരിഞ്ഞ് വച്ചിരിക്കുന്ന സവാളയും കറിവേപ്പിലയും ഗോൾഡൺ ബ്രൗൺ നിറമാകുന്നത് വരെ ഇളകുക. നന്നായി വഴറ്റിയ ഇതിലേക്ക് കുരുമുളക് പൊടിച്ചതും ഗരംമസാലയും ചേർത്ത് പച്ചമണം പോകുന്നത് വരെ ഇളക്കുക. ശേഷം ഈ കൂട്ടിലേക്ക് ചിക്കൻ കൂടി ചേർക്കുക. ഉടച്ച് വച്ചിരിക്കുന്ന ഉരുളക്കിഴങ്ങും കൂടി ചേർത്ത് ഇത് നന്നായി ഇളക്കിയെടുക്കുക. തീ ഓഫ് ചെയ്ത് 5 മിനിറ്റ് കഴിഞ്ഞ് ഈ കൂട്ട് ചെറുതായി മിക്സ് ചെയ്ത് എടുക്കുക. ഒരു പാത്രത്തിൽ മുട്ട നന്നായി ബീറ്റ് ചെയ്ത് വയ്ക്കുക.
കട്ട്ലെറ്റ് ചെറിയ ഉരുളകളാക്കി മാറ്റി വയ്ക്കുക. ശേഷം ഓരോ ഉരുളയും ചെറുതായി പ്രസ് ചെയ്ത് വട്ടത്തിലാക്കുക. ബീറ്റ് ചെയ്ത് വച്ചിരിക്കുന്ന മുട്ടയിൽ മുക്കി റൊട്ടിപ്പൊടിയിലും മുക്കി പൊരിച്ചെടുക്കാവുന്നതാണ്.